Showing posts with label maruvayana. Show all posts
Showing posts with label maruvayana. Show all posts

Tuesday, 28 August 2012

സെന്തിലാണ്, സൈതലവിയല്ല.

"റെയില്‍വേ ട്രാക്കില്‍ ബോംബ്‌ വെച്ചത് സെന്തിലായതു നന്നായി, വല്ല സൈതലവിയുമായിരുന്നു അതെങ്കില്‍ എന്താകുമായിരുന്നു ചാനല്‍ പുകില്‍...? ഓന്‍റെ ബാപ്പ കഴിഞ്ഞ ഓണത്തിന് നഖം വെട്ടി വാങ്ങിയത് വരെ കണ്ടെത്തുമായിരുന്നു ദേശ്യാനെറ്റും , മനോദുരാ ന്യൂസും..!!!മലയാളികളൊന്നാകെ പല മുഖങ്ങള്‍ പെറുക്കി നിരത്തി മനസ്സിന്‍റെ മുറ്റത്തൊരുക്കുന്ന പൂക്കളത്തില്‍ വിഷം തളിക്കുമായിരുന്നു ചാനലുകളെല്ലാം.ഓണത്തെ പടച്ചോന്‍ കാത്തു." ടൈം ബോംബിനു പിന്നില്‍ സെന്തിലാണെന്ന് സ്ഥിരീകരിച്ച ഉടനെ ഫെയിസ് ബുക്ക് ഫ്രണ്ട് ഫൈസലാണ് ഇങ്ങനെ ഒരു പോസ്റ്റിട്ടത്. ഇസ്ലാമോഫോബിയയുടെ കേരള രൂപം വരച്ചു കാട്ടുന്ന ആ പോസ്റ്റ് ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന്‌ പേര്‍ ഷെയര്‍ ചെയ്തു. ഫൈസലിന്‍റെ പ്രൊഫൈലില്‍ നിന്ന് തന്നെ 990 പേര്‍.
പോലീസിനേക്കാള്‍ മാധ്യമങ്ങളാണ് "ഇസ്‌ലാം പേടി"യുടെ പ്രചാരകരായി മലയാളികള്‍ക്ക് വഴികാട്ടുന്നത്. പ്രതി മുസ്ലിമാണെങ്കില്‍ ബന്ധം അന്തര്‍ ദേശീയ തലത്തിലേക്ക് എളുപ്പം വളരുന്നു.പിന്നെ കഥ പറയുന്നവരുടെ മിടുക്കിനനുസരിച്ച് തീവ്രവാദത്തിന്റെ തോതും കൂടും. ബോംബ്‌ വെച്ചത് "സെന്തിലാണ്, സൈതലവി അല്ലെന്നു" മലയാളി മുസ്ലിം ആശ്വാസം കൊള്ളുന്നത് ഈ കഥ പറച്ചിലിലെ ഇസ്ലാമോഫോബിയയുടെ അതിപ്രസരം കൊണ്ട് തന്നെയാണെന്ന് മനസ്സിലാക്കാം. പ്രതിയെ പിടിക്കുന്നതിനു മുന്നേ ജന്മഭൂമി എഴുതിയത് "രാവിലെ മുതല്‍ അറബിയിലെഴുതിയ സ്റ്റിക്കര്‍ പതിച്ച ഒരു ഇന്നോവാ കാറില്‍ അപരിചിതരായ നാലോളം ചെറുപ്പക്കാര്‍ ഈ ഭാഗത്ത്‌ സംശയാസ്പദമായ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു" എന്നാണ്. സമീപകാലത്ത് ഇന്നോവയും അറബി സ്റ്റിക്കറും കൊടി സുനിയുടെ ആയുധമായെങ്കിലും ജന്മഭുമിക്ക് ഇതൊരു മുസ്‌ലിം ടച്ചിനുള്ള ഉപാധിയാണ്.

സെന്തിലിനെ പിടിച്ചപ്പോള്‍ "തീവ്ര വാദി ബന്ധമൊക്കെ" വിട്ടു വ്യക്തി വിരോധമായി വിഷയം "ലഘൂകരിച്ച"വര്‍ സന്തോഷു കൂടി ചിത്രത്തില്‍ വന്നപ്പോള്‍ ഒന്ന് കൂടി നിസ്സാര വല്‍കരിക്കുക്കയാണ് ചെയ്തത്.. പത്രങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും കണ്ടാണ്‌ സന്തോഷ്‌ ബോംബ്‌ നിര്‍മാണം പഠിച്ചതെന്ന്. ടൈമര്‍ ഘടിപ്പിച്ച ബോംബ്‌ വെക്കാന്‍ ആര് പരിശീലനം നല്‍കി, എവിടുന്നൊക്കെ സഹായം ലഭിച്ചു, തീവ്രവാദ സ്വഭാവമുള്ള സംഘടനാ ബന്ധങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ കണ്ണൂരിലെ ബോംബ്‌ വാര്‍ത്തകള്‍ വായിച്ച് ഒരാള്‍ ടൈം ബോംബ്‌ നിര്‍മിച്ചു എന്ന് പോലീസ് പറഞ്ഞെന്നു പറയുന്നവര്‍ ലക്ഷ്യമിടുന്നതെന്താണ്.ബോംബ്‌ വാര്‍ത്തകള്‍ വായിച്ചു ടൈം ബോംബ്‌ നിര്‍മിക്കുകയാണെങ്കില്‍ സന്തോഷിനെ ശിക്ഷിക്കുകയല്ല ഐ.എസ.ആര്‍.ഓ യിലെ ശാസ്ത്രഞ്ഞര്‍ക്കൊപ്പം ചേര്‍ത്ത് രാജ്യത്തിന് മുതല്‍ക്കുട്ടുകയാ വേണ്ടത്.





മാധ്യമങ്ങളുടെ സമാന്തര അന്വേഷണം പോലീസ് അന്വേഷണത്തെ വഴിതിരിച്ചു വിടുന്നു എന്നഭിപ്രായമില്ലെങ്കിലും സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ട്ടിക്കാന്‍ പലപ്പോഴും കാരണമാകുന്നു. തപാല്‍ ബോംബ്‌ അന്വേഷണ സമയത്ത് മുഹ്സിന്‍ എന്ന വിദ്യാര്‍ഥിയായിരുന്നു ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. മുഹ്സിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബെല്‍ജിയം നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയെന്നും അല്‍ക്വയിദ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും മാധ്യമങ്ങളെഴുതി. പന്ത്രണ്ടു ദിവസം കസ്റ്റടിയില്‍ വെച്ചപ്പോള്‍ ഓരോ ദിവസവും മുഹ്സിന്‍റെ "വെളിപ്പെടുത്തലുകള്‍" മാധ്യമങ്ങളിലൂടെ അറിഞ്ഞ് മലയാളികള്‍ ഞെട്ടി. പിന്നീട് യഥാര്‍ത്ഥ പ്രതി രാജീവ് ശര്‍മയെ പിടിച്ചപ്പോള്‍ തപാല്‍ ബോംബിന്‍റെ കാരണം വ്യക്തി വൈരാഗ്യമാവുകയും "ന്യൂതന" മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നതില്‍ രാജീവ് മിടുക്കനാണെന്ന് "മഹത്വ വല്‍ക്കരിക്കുകയും" ചെയ്തു നമ്മുടെ മാധ്യമങ്ങള്‍.

കിഗ് ഫിഷര്‍ വിമാനത്തില്‍ ബോംബ്‌ വെച്ചത് ആരെന്നരിയുന്നതിനു മുംബ് വിമാനത്തിലെ ബോംബ്‌ "ടെസ്റ്റ്ഡോസാണെന്ന്" മാധ്യമങ്ങള്‍ ഉറപ്പിച്ചിരുന്നു.ട്രയല്‍ വിജയിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം ഭീകരവാദികളുടെ ഹബ്ബ് ആയേനെ എന്ന് നീട്ടി എഴുതിയത് കേരളകൗമുദി മാത്രമല്ല. മാതൃഭുമിയും,ദേശാഭിമാനിയും,മനോരമയുമൊക്കെ ആ മത്സരത്തില്‍ പങ്കു ചേര്‍ന്നിരുന്നു. 
 സിമി,ഇന്ത്യന്‍ മുജാഹിദീന്‍,ലഷ്കര്‍-ഇ-തോയ്ബ തുടങ്ങിയ ഭീകര  സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകങ്ങളിലേക്ക് അന്വേഷണം നീളുന്നു എന്നെഴുതിയവര്‍ കൃഷ്ണപുരം സരസ്വതി വിലാസത്തില്‍ രാജശേഖരന്‍ നായരാണ് പ്രതിയെന്നറിഞ്ഞപ്പോള്‍  "നാടന്‍ബോംബ് സ്വന്തമാക്കിയ സ്ഥലം, ഒളിപ്പിച്ചുവെച്ച സ്ഥലം, ബോംബ് വിമാനത്താവളത്തിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനം എന്നിവ" അന്വേഷിക്കുന്നുണ്ടെന്നു അന്വേഷണ വിഷയങ്ങള്‍ മാറ്റി എഴുതി. പ്രതിയെ പിടിച്ചപ്പോള്‍ വിമാനത്തിലെ ബോംബ്‌ ദേശാഭിമാനിക്ക് പടക്കവും കൗമുദിക്ക്  ഗുണ്ടുമായി.

ഇസ്ലാമോഫോബിയ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിന് പകരം മുസ്ലിംകളില്‍ അരക്ഷിത ബോധം വളര്‍ത്തി മുതലെടുപ്പിന് ശ്രമിക്കുന്നവരെയും സമുദായം ശ്രദ്ധിക്കേണ്ടതുണ്ട്. ഇ-മെയില്‍ വിവാദത്തിനു പിന്നിലെ കച്ചവടക്കന്നും, സ്ഥാപിത താല്പര്യങ്ങളും തക്ക സമയത്ത് തിരിച്ചറിയാന്‍ ശരാശരി മലയാളി മുസ്ലിമിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷജനകമാണ്.

Wednesday, 15 August 2012

മറയില്ലാതെ / ഗള്‍ഫ് കുറിപ്പുകള്‍-6



ആനുകാലികങ്ങളില്‍ വായനക്കാരനെ ഇക്കിളിപ്പെടുത്താന്‍ കുത്തി നിറക്കുന്ന നീണ്ട ലേഖനങ്ങള്‍ക്ക് വിഷയമാണ് ബോംബെയിലെ ചുവന്ന തെരുവ്.കാമാട്ടിപ്പുരയെന്ന ഓമനപ്പേരില്‍ മലയാളികള്‍ വിളിക്കുന്ന റെഡ് സ്ട്രീറ്റിന്റെ മറ്റൊരു പതിപ്പ് ദുബായിലെ നായിഫ് റോഡില്‍ കണ്ടുനില്‍ക്കാം.ജനത്തിരക്കേറുന്ന വെള്ളിയാഴ്ച നായിഫ് റോഡിലെ ഫുട്ട്പാത്തിലൂടെ നടക്കുമ്പോള്‍ ചുമര് ചാരി നില്‍ക്കുന്നവര്‍ നിങ്ങളെ കൂര്‍പ്പിച്ചു നോക്കുന്നുണ്ടാവും,ആംഗ്യ ഭാഷയില്‍ അവര്‍ നിങ്ങളോട് അന്വേഷിക്കും.ആവശ്യക്കാരാണോ ?.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ മുന്നില്‍ ഫുട്ട്പാത്തില്‍ രാത്രി സമയങ്ങളില്‍ വേശ്യകളെ വഴി തടഞ്ഞിട്ടു നടക്കാന്‍ കഴിയുന്നില്ലെന്ന് നാം പരിഭവിക്കാറുണ്ട്. ഇവിടെ ഏജന്റുമാരെയാണ് വഴി തടയുന്നത്.

അഭിസാരികകളെ ചുറ്റുവട്ടത്തൊന്നും കാണുന്നില്ല. എജന്റുമാരാന് എല്ലാം ചെയ്യുന്നത്.മാദക സൗന്ദര്യവുമായി  നിങ്ങളെ കാത്തു നില്‍ക്കുന്നത് റഷ്യയിലെയും ഫിലിപ്പീന്‍സിലെയും യുവതികളാണെങ്കില്‍ കൂട്ടിക്കൊടുപ്പുകാരില്‍ സിംഹ ഭാഗവും ബംഗാളികളും,മലയാളികളുമാണ്. അവരില്‍ വലിയൊരു ഭാഗവും മുസ്ലിംകളാണ് എന്ന് പറയുമ്പോള്‍ മുഖം ചുളിക്കണ്ട.
വെള്ളിയാഴ്ച ദുബായ് നഗരം പരിചയപ്പെടുത്തുമ്പോള്‍ നൗഷാദ് വിശദീകരിച്ചു.ഇത് ഇവിടെ അറിയപ്പെടുന്ന വേശ്യാലയം. "അങ്ങോട്ട്‌ നോക്കുമ്പോള്‍ സൂക്ഷിക്കണം". വാസ്തവം, എന്‍ട്രന്‍സ് ഡോറിന്റെ പുറം ചാരി നില്‍ക്കുന്നത് അര്‍ദ്ധനഗ്നകളായ വേശ്യകള്‍.

ഞങ്ങളുടെ മുന്നിലൂടെ തലപ്പാവ് ധരിച്ച മദ്ധ്യവയസ്കനായ ഒരറബി മൂന്നു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുമായി അശേഷം ജാള്യത ഇല്ലാതെ അകത്തേക്ക് പോവുന്നു.അറബിയെ കണ്ട സംശയത്തില്‍ നൗഷാദിനെ ഞാനൊന്ന് കൂടി നോക്കി.അവന്‍ ഉറപ്പിക്കുന്നു വേശ്യാലയം തന്നെ.ഈ കൂത്താട്ടത്തിന് വിശുദ്ധമായ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് എന്തിനാണെന്ന ചിന്ത മനസ്സിനെ അലോസരപ്പെടുത്തുന്നു.

Sunday, 6 March 2011

നാദാപുരം സ്ഫോടനം; വസ്തുത അറിയണം


അഞ്ച് ചെറുപ്പക്കാര്‍ നാദാപുരത്തിനടുത്ത് നരിക്കാട്ടെരിയില്‍ ദാരുണമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍  വായിച്ച് മനസ്സ് നൊമ്പരപ്പെട്ടത്‌ കൊണ്ടാണ് വാര്‍ത്തയുടെ മറുവായന നടത്താന്‍ ഞാന്‍ മുതിരുന്നത്. 
അന്തര്‍ദേശീയ ഭീകരവാദ ബന്ധത്തിന്റെ പ്രതിഫലനമാണ് നരിക്കാട്ടെരിയില്‍ കണ്ടതെന്ന് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി പിണറായി സഖാവ് തട്ടി വിടുന്നു. കണ്ണൂരില്‍ ചോരപ്പുഴ ഒഴുകിയ നാളില്‍ രണ്ടു വേതാള വര്‍ഗത്തെ ഇരു ഭാഗങ്ങളിലുമിരുത്തി സമാധാനത്തിന്റെ ആല്‍ഫബെറ്റ്സ് ചൊല്ലിപ്പടിപ്പിച്ച ഇ.അഹമ്മദിനെ നരിക്കാട്ടെരി സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ശുംഭന്‍ ജയരാജ മഹാരാജാവ് കല്‍പ്പിക്കുന്നു. ലീഗ് സമാധാന അന്തരീക്ഷം തകര്‍ക്കാനൊരുങ്ങുന്നു എന്ന് ഫെയിസ് ബുക്ക് സഖാക്കള്‍ നിരന്തരം പോസ്റ്റുന്നു.അനിവാര്യമാണ് ഒരു വിശകലനമെന്ന് തോന്നി. 
ഫെബ്രുവരി 25 വെള്ളിയാഴ്ച നേരം വെളുപ്പിന് തന്നെ നാദാപുരത്തുകാര്‍ കേട്ടത് സി.പി.എം പാര്‍ട്ടി ഗ്രാമമായ പയന്തോങ്ങില്‍ നിന്നുള്ള ക്രൂരമായ അക്രമത്തിന്റെ വാര്‍ത്തകളായിരുന്നു.നരിക്കാട്ടെരി അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ് വന്നവര്‍ ഹൃദയ ഭേദകമായ കാഴ്ച്ചകള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്നു. അര്‍ദ്ധ രാത്രി  12നും പുലര്‍ച്ചെ  4നും ഇടക്ക്   17 ബോംബുകളാണ് വര്‍ഷിച്ചത്. അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ നാണിപ്പിക്കുന്ന നാദാപുരം സഖാക്കളുടെ ബോംബാക്രമണം. വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ കോടിയേരിയുടെ പോലീസുണ്ടെങ്കിലും നിസ്സഹായരായ സഹോദരിമാരുടെ നിലവിളികള്‍ അവരുടെ കര്‍ണപുടങ്ങള്‍ തുറപ്പിച്ചില്ല. നാല് മണിക്കൂര്‍ നീണ്ട പ്രീപ്ലാന്റ്റ് ബോംബേറ് കഴിഞ്ഞ് സഫ്രോണ്‍ സഖാക്കള്‍ സ്വന്തം വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായി, കവര്‍ന്നെടുത്ത മുതലുകള്‍ എണ്ണിത്തിട്ടപ്പെടുത്തി, ഉറങ്ങാന്‍ കിടന്നു എന്നുറപ്പ് വരുത്തിയ നാദാപുരം പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി!!! 


അക്രമികള്‍ തെരഞ്ഞെടുത്തത് സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ്. പുരുഷ കേസരികളൊക്കെ എന്നെയും നിങ്ങളെയും പോലെ കടല്‍ കടന്നിക്കരെ പോന്നിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ തന്നെ  ഇക്കരെ എത്തിയ നാദാപുരത്തുകാര്‍ പരസ്പര വിശ്വാസവും സഹകരണവും കൊണ്ട് സാമ്പത്തിക ഭദ്രത നേടിയെങ്കിലും ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. വര്‍ഗ ബോധത്തിന് പകരം വര്‍ഗീയത പഠിച്ച സഖാക്കള്‍ അക്രമത്തിനു പുറമേ കൊള്ളയടി എന്ന ശീലം തുടങ്ങിയതും തുടരുന്നതും ഇവിടെയാണ്‌, കഴിഞ്ഞ കല്ലാച്ചി കൊള്ളക്ക് ശേഷം ചൊറിപിടിച്ച്  വിംസ് ഹോസ്പിറ്റലില്‍ വന്ന ഒരു സഖാവിനെ ചുറ്റും കൂടിയവര്‍ കൈകാര്യം ചെയ്ത രസകരമായ ഒരു സംഭവം സ്മരണീയമാണ്. കൊള്ള മുതല്‍ വീതം വെപ്പില്‍ കിട്ടിയ  "പിഫ് പഫ്" ബോഡി സ്പ്രേ ആണെന്ന നിയ്യത്തില്‍ ഉപയോഗിച്ചതാണ് സഫ്രോണ്‍ സഖാവിന്റെ ചൊറിക്ക് കാരണമായത്‌.

 ആക്രമിക്കപ്പെട്ട  വീടുകളില്‍ ചെന്നവരൊക്കെ തലയും താഴ്ത്തിയാണ് തിരിച്ചു പോന്നത്. ഒരു സഹോദരി കരഞ്ഞു പറഞ്ഞത് "പന്ത്രണ്ടു മണി മുതല്‍ തുടങ്ങിയതാ ബോംബിന്റെ ശബ്ദം..ഞാനും ഈ രണ്ടു കുട്ടികളും പേടിച്ചു പിന്‍ ഭാഗത്തുള്ള സ്റ്റോര്‍ റൂമില്‍ കയറി ഇരുന്നതാ.ജനാല ഇല്ലാത്തതിനാല്‍ സ്റ്റോര്‍ റൂം ആണ് നല്ലതെന്ന് തോന്നി.എങ്ങനെ എങ്കിലും രാവിലെ ആകണേ എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടക്ക് ഈ മോള്‍ കരയാനും തുടങ്ങി. കുറെ കഴിഞ്ഞ് രാത്രി രണ്ടു മണിക്കാ ഇവിടെ ബോംബ്‌ പൊട്ടിയത്.ഇതാ ഇവിടെയാ അവരെരിഞ്ഞത് ..ഞാനെന്തു തെറ്റാ ഇവരോട് ചെയ്തത്" ഈ കരച്ചിലിനിടക്ക് ഒരു സ്ത്രീ അല്പം രോഷത്തോടെ പറഞ്ഞത് "ആണുങ്ങളായ നിങ്ങള്‍ക്കൊന്നും ഇത് തടയാന്‍ ആവൂലേല്‍ പെണ്ണുങ്ങളായ ഞങ്ങള്‍ ഇറങ്ങിക്കോളാം" ഈ രോഷപ്രകടനം 
അവിടെക്കൂടിയ പുരുഷ വര്‍ഗ്ഗത്തിന്റെ ചങ്കിനു കുത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിനിടക്ക് മറ്റൊരു വാര്‍ത്തയും അവിടെ എത്തി.അക്രമിക്കപ്പെട്ട മറ്റൊരു വീട്ടിലെ സ്ത്രീ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കാന്‍ ചെന്നെങ്കിലും പോലീസുകാര്‍ പരാതി കേള്‍ക്കുന്നതിന് പകരം അവളുടെ കൂടെ പോയ സഹോദരനെ പഴയൊരു
 കേസില്‍ പ്രതിയാണെന്ന് പറഞ്ഞു പിടിച്ചു വെച്ചു..ഇത് കണ്ട് ആ സ്ത്രീ പോലിസ് സ്റ്റേഷനില്‍ ബോധം കെട്ട്  വീണു" ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

 കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിക്കുക, അക്രമികള്‍ക്കെതിരെ സാക്ഷി പറഞ്ഞ യൂത്ത് ലീഗുകാരെ അങ്ങാടിയില്‍ വെച്ച് മര്‍ദ്ധിക്കുക,ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുക,രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന ബോംബേറും കൊള്ളയടിയും നടത്തുക, അതി രാവിലെ വന്നു പോലീസില്‍ കമ്പ്ലയിന്റ് ചെയ്‌താല്‍ വീണ്ടും ബോംബെറിയുമെന്ന്  ഭീഷണിപ്പെടുത്തുക.പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ചെന്നവരെ പിടിച്ച് കസ്റ്റടിയില്‍ വെക്കുക.അഭിമാനമുള്ള ഏതു സമൂഹമാണ് ചുവപ്പിന്റെയും കാക്കിയുടെയും ഈ കൂട്ടായ നെറികേടിനു മുന്നില്‍ പ്രകോപിതരാവാതെ നില്‍ക്കുക. ഇങ്ങനെ പയന്തോങ്ങിലെ തേര്‍വാഴ്ചയില്‍ മനം നൊന്തു, പ്രതികരിക്കാനല്ല പ്രതിരോധിക്കാന്‍ ഇറങ്ങിയ അഞ്ച് ചെറുപ്പക്കാരാണ് അധിദാരുണമായി കൊല്ലപ്പെട്ടത്.അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം. കൂടെ പ്രാര്‍ഥനയും..നാഥന്‍ അവര്‍ക്ക് പൊറുത്തു കൊടുക്കട്ടെ.

പിന്‍കുറിപ്പ്: നാദാപുരത്തിനടുത്ത് ആവോലത്ത് അച്ഛന്‍ അടുക്കളയില്‍ ചുരുട്ടി വെച്ച ബോംബ്‌ പൊട്ടി നീതു എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത് പത്തുവര്‍ഷം മുന്നെയായിരുന്നു. ചേതനയറ്റ മോളുടെ ശരീരം മുറ്റത്തെടുത്ത്
 കിടത്തി, അച്ഛന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും രക്തക്കറ പുരണ്ട അടുക്കള നിലം ചാണകം കൊണ്ട് മെഴുകുകയുമായിരുന്നു ആദ്യം ചെയ്തത്. നേര് നേരത്തെ അറിയിക്കുന്ന "ദേശാഭിമാനി" ലീഗ് ഗുണ്ടകളുടെ ബോംബേറില്‍ പിഞ്ചു ബാലിക കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയെഴുതി. ജില്ലാ കമ്മറ്റി പത്ര സമ്മേളനം നടത്തി. അന്ന് അതി സമര്‍ത്ഥനായ നാദാപുരം സി.ഐ. അക്ബര്‍ സത്യം പുറത്തെത്തിച്ചു. അച്ഛന്‍ ചുരുട്ടി വെച്ച ബോംബാണ് മകളുടെ ജീവനെടുത്തതെന്ന് . അടുക്കളയിലെ രക്തക്കരയാണ് സത്യത്തിലേക്ക് വഴി തുറന്നത്. കഴിഞ്ഞ ആഴ്ച ആ അച്ഛന്‍ ആവോലത്ത് ചുവന്ന ലഡു വിതരണം ചെയ്ത് അഞ്ചുപേരുടെ മരണം ആഘോഷിച്ചത്രേ.

Friday, 25 February 2011

ഫെയിസ്ബുക്ക് പേര് മാറ്റേണ്ടി വരുമോ ?


ആണും പെണ്ണുമായി അറുപതു കോടി ആളുകള്‍ യൂസ് ചെയ്യുന്ന ഫെയിസ്ബുക്കിന്‍റെ പേരല്ല. ഫെയിസ്ബുക്ക് ഇബ്രാഹിം എന്ന പെണ്‍കുട്ടിയുടെ പേരിനെ കുറിച്ചാണ് എന്‍റെ ആധി. ഈജിപ്തുകാര്‍ പതിനെട്ട് നാളുകള്‍ നീണ്ട വിപ്ലവത്തിനൊടുവില്‍ ഹുസ്നി മുബാറകിന്‍റെ അണ്‍  ഇന്‍സ്റ്റാള്‍മെന്‍റ്   ആഘോഷിക്കുമ്പോള്‍ ജമാല്‍ ഇബ്രാഹിം എന്ന ഇരുപതു കാരനാണ് തന്‍റെ ആദ്യത്തെ കണ്മനിക്ക് ഫെയിസ്ബുക്ക് ഇബ്രാഹിം എന്ന് പേരിട്ടത്. വിപ്ലവ സംഘാടനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ആയ  ഫെയിസ്ബുക്കിന്‍റെ റോളിനുള്ള നന്ദി സൂചകമായാണ് മോള്‍ക്ക്‌ പേര് വെച്ചതെന്നാണ്  ബേബി ഗിഫ്റ്റു മായെത്തുന്ന നാട്ടുകാരോട് ജമാല്‍ ഇബ്രാഹിം ആവേശത്തോടെ പറയുന്നത്. 
മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ ഷക്കീല എന്ന പേര് സാധാരണമായിരുന്നു .ഈ പേരുള്ള ഒരു മാദകത്തിടമ്പ്  സിനിമാ ലോകത്തേക്ക് ഒരുംബെട്ടിറങ്ങിയപ്പോള്‍ സ്വന്തം പേര് നീട്ടിയും കുറുക്കിയും ഞാന്‍ ഷക്കീല യല്ല എന്ന് പറയേണ്ടി വന്നു നാട്ടിലെ മങ്കമാര്‍ക്ക്. എന്നെ ഷാക്കില എന്ന് വിളിച്ചാല്‍ മതി എന്ന ഉപദേശം എനിക്കും കിട്ടി ഒരു കൂട്ടുകാരിയില്‍ നിന്ന്. ഒരു മോനുണ്ടാവുമ്പോള്‍ സര്‍ഫ്രാസ് എന്ന പേര്‍ഷ്യന്‍ പേര് കൂട്ടി സര്‍ഫ്രാസ് മുഹമ്മദ് എന്ന് വിളിക്കണമെന്ന് കല്യാണം നിശ്ചയിച്ചപ്പോള്‍ തന്നെ ഞാന്‍ നിയ്യത്ത് ചെയ്തിരുന്നു. കെട്ട്യോളോടും പറഞ്ഞതായിരുന്നു എന്‍റെ മോഹം, കുറ്റം പറയരുതല്ലോ അവള്‍ക്കും ആ പേര് പിടിച്ചു. കഴിഞ്ഞ ജൂണ്‍ മുപ്പതിനു മോന്‍ പിറന്നു, അപ്പോഴേക്ക് ആ പേര് ടെററിസ്റ്റ് ലിസ്റ്റില്‍  ഇടം നേടിയിരുന്നു. അങ്ങനെ എന്‍റെ സ്വപ്നങ്ങളില്‍ താലോലം പാടിയ സര്‍ഫ്രാസ് എന്ന ബ്യുട്ടിഫുള്‍ നെയിം എന്‍.ഐ.എ ക്കു മുന്നില്‍ സറണ്ടര്‍ ചെയ്യേണ്ടി വന്നു. 
ഷക്കീലയും, സര്‍ഫ്രാസും ഫെയിസ്ബുക്കുമായി എങ്ങനെ സാമ്യപ്പെടും എന്നതാവും നിങ്ങളുടെ കണ്‍ഫ്യുഷന്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിനു പകരം ആന്‍റി സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് ഫെയിസ്ബുക്കിനെ വിശേഷിപ്പിക്കണമെന്നു പറയുന്നത് ഞാനും എന്‍റെ നാട്ടുകാരുമല്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന ഫെയിസ്ബുക്ക് പിതാവിന്‍റെ നാട്ടുകാര്‍ തന്നെയാ.
അമേരിക്കന്‍ കൌമാരക്കാരെ അസന്തുഷ്ടരായി കാണുന്നതിന് കാരണം ഫെയിസ്ബുക്ക് ഉപയോഗമാണെന്ന് സ്റ്റാന്ഡ് ഫോര്‍ഡ് യൂനിവേര്‍സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട് മെന്‍റ് പഠന റിപ്പോര്‍ട്ട് പറയുന്നു. കൂട്ടുകാരുടെ പ്രൊഫൈലില്‍ കാണുന്ന സന്തോഷ നിമിഷങ്ങളുടെ ഫോട്ടോകള്‍, എതിര്‍ ലിംഗത്തിലെ  കൂട്ടുകാരുടെ എണ്ണം തുടങ്ങിയവ അവന്‍റെ  കൃത്രിമ സന്തോഷം എന്‍റെതിനോട് ചേര്‍ത്തു പിടിച്ചു നോക്കാന്‍ പ്രേരിപ്പിക്കുകയും എന്നെ ഡിസ് ഹേപ്പി മൂഡിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാണു പഠന റിപ്പോര്‍ട്ട്. 
 5346 വിവാഹ മോചന കേസ് പരിശോധിച്ച  ന്യു ജെര്‍സിയിലെ അഭിഭാഷക സംഘം കണ്ടെത്തിയത് 20 % ഡൈവേര്‍സുകള്‍ക്കും മൂല കാരണം ഫെയിസ്ബുക്കിലെ എതിര്‍ലിംഗ ബന്ധമാണെന്നാണ് .ഫെയിസ്ബുക്കിനെ അധിവിദഗ്ധമായി ഉപയോഗിക്കുന്നത് അമേരിക്കയിലെ അഭിഭാഷകരാണെന്നതും ശ്രദ്ധേയമാണ്. ഡൈവേര്‍സ് എന്ന ആവശ്യവുമായി സമീപിക്കുന്നവരില്‍ നിന്ന് ലോ ഫേം ആദ്യം എഴുതി വാങ്ങുന്നത് പാര്‍ട്നറുടെ ഫെയിസ്ബുക്ക് ഐ.ഡിയാണ്.ചാറ്റിങ്ങിന്‍റെ നല്ല മൂഡില്‍ അടിച്ചു വിട്ട സെക്സില്‍ മുക്കിയ സന്ദേശങ്ങള്‍ സ്പൈ വര്‍ക്കിലൂടെ കലക്ട് ചെയ്ത് കോടതിയില്‍ എവിടന്‍സ് ആയി എത്തുമ്പോഴാണ് പാര്‍ട്ണര്‍ ഞെട്ടുന്നതും പൊട്ടുന്നതും. ആസക്തിയുടെ പാരമ്യത്തില്‍ പറഞ്ഞു വിട്ടതൊക്കെ രേഖപ്പെടുത്തി കയ്യില്‍ കിട്ടുമ്പോള്‍ "ദൈവമേ..ഞാന്‍ പറയാത്തതൊന്നും ഇതിലില്ല" എന്ന് നിലവിളിക്കേണ്ടി വരുന്നു പാവം ഇര.
അമേരിക്കന്‍ അക്കാദമി ഓഫ് മേട്രിമോണിയാല്‍ ലോയേര്‍സ് പറയുന്നത്  81 % അംഗങ്ങളും ഇത്തരം കേസുകളില്‍ മെറ്റിരിയല്‍ എവിടന്‍സ് തപ്പിയെടുക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് ഗ്രൂപ്പുകളില്‍ നിനാണെന്നാ.ഇങ്ങനെ മൊഴി ചൊല്ലല്‍ ചടങ്ങിനു വേണ്ട സഹായം ചെയ്ത് ദാമ്പത്യ മാര്‍ക്കറ്റിലെ വില്ലനായി വിലസുന്ന ഫെയിസ്ബുക്കിന്‍റെ പേരും വഹിച്ച് ഒരു സുന്ദരിപ്പെണ്ണിന് മാന്യമായി നടക്കാന്‍ കഴിയുമോ ? ഫെയിസ്ബുക്ക് ഇബ്രാഹിം പേര് മാറ്റേണ്ടി വരുമോ ?. 

പിന്‍കുറി: ആറ് വര്ഷം കഴിഞ്ഞ് ഒന്നാം ക്ലാസ്സിലെ ഹാജര്‍ വിളിക്കുന്ന മേരി ടീച്ചര്‍ വിളിക്കുന്ന പേരുകള്‍ ഇങ്ങനെ ആവും. ഗൂഗിള്‍ അദ്നാന്‍, യുട്യുബ് ജോഷന്‍,ട്വിട്ടര്‍ ഹരിദാസ്.പിന്നീട്  ഗൂഗിളും ഫെയിസ്ബുക്കുമായുള്ള കശപിശ  മേരി ടീച്ചര്‍ തീര്‍ക്കുന്നതും നമുക്ക് കാണാന്‍ കാത്തിരിക്കാം. 

Friday, 24 September 2010

ദിസ് ഈസ് ഫോര്‍ തങ്കമ്മ ആന്‍ഡ്‌ ഫാമിലി



"വിദ്യാര്‍ത്ഥിക്കൊരു പ്രശ്നം വന്നാല്‍ ഞങ്ങളില്ലാ രാഷ്ട്രീയം" എന്ന കേട്ട് തഴമ്പിച്ച  മുദ്രാവാക്യത്തിന്  ദൃശ്യ മാധ്യമ സിണ്ടിക്കറ്റ് പുതിയ രൂപം നല്‍കിയിരിക്കുന്നു. അതിങ്ങനെ വായിക്കാം "ശാന്തി മഠത്തിനു പ്രശ്നം വന്നാല്‍ ഞങ്ങളില്ലാ ജേര്‍ണലിസം". "ഒരു ജനതയുടെ ആത്മാവിഷ്കാരം"  കൈരളി ചാനല്‍ 2008 ല്‍  "എല്ലാരും പാട്ണ്" എന്ന പേരില്‍ നടത്തിയ സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത് ഏറണാകുളത്തുകാരി തങ്കമ്മയും കുടുംബവുമായിരുന്നു.അന്ധരായ നാല് മക്കളെയും രണ്ടു പേരക്കുട്ടികളെയും അണിനിരത്തി തങ്കമ്മ ഒന്നാം സ്ഥാനം അടിച്ചെടുത്തപ്പോള്‍  കിട്ടാന്‍ പോകുന്ന മുപ്പത്തി അഞ്ചു ലക്ഷത്തിന്‍റെ വില്ലയെ ഓര്‍ത്ത്‌ പ്രേക്ഷകരും തങ്കമ്മയും ഒരുപോലെ കുളിരണിഞ്ഞു. 
മുന്നില്‍ ഇരുട്ട് മാത്രം കാണാന്‍ വിധിക്കപ്പെട്ട അന്ധ കുടുംബം രണ്ടു വര്‍ഷം സ്വപ്‌നങ്ങള്‍ നെയ്ത് അകം നിറയെ വെളിച്ചം നിറച്ച് വില്ലയുടെ താക്കോലും കാത്തിരുന്നത് വെറുതെയായിരുന്നു എന്ന് ഇന്നലെ ഫോര്‍വേഡ് ചെയ്തു കിട്ടിയ ഇമെയിലില്‍ പറയുന്നു. കൈരളി ചാനലും ശാന്തിമഠം ബില്‍ഡേസും   നടത്തിയ കൊടും ചതി നാട്ടുകാരെ അറിയിക്കാന്‍ ഏറണാകുളത്ത് തങ്കമ്മ സകുടുംബം പത്ര സമ്മേളനം നടത്തിയെങ്കിലും മാധ്യമ സിണ്ടിക്കേറ്റ് ആ വാര്‍ത്ത ചുരുട്ടിക്കെട്ടി ശാന്തി മഠക്കാരന്‍റെ കാല്‍ക്കല്‍‍ കാണിക്ക വെച്ചിരിക്കുകയാണ്. 
സ്വപ്നം   കാണാന്‍ മുഖ്യമന്ത്രി കേരളത്തിലല്ലേ ജീവിക്കുന്നത് എന്ന ജനപക്ഷ ചോദ്യക്കാര്‍ക്ക് "തങ്കമ്മയുടെ സങ്കടം"   ഏറണാകുളത്ത് നിന്ന് എസ് മഹേഷ്‌ കുമാര്‍ ചൂടോടെ എത്തിച്ചിട്ടുണ്ട് .  പക്ഷെ ഗുരുവായൂരപ്പന്‍റെ നാട്ടില്‍ ശാന്തിമഠം വീട്ടിലേക്ക് വിളിക്കാന്‍ സുകുമാരി ചേച്ചി വരാതാവുമോ എന്ന പേടിയില്‍ അവര്‍ ആ കണ്ണീരിനെ വെളിച്ചം കാണിച്ചില്ല. "നേരോടെ നിര്‍ഭയം നിരന്തരം" എന്ന സ്ലോഗന്‍ പരിധിയില്‍ നിന്ന് പരസ്യ   ദാദാക്കള്‍ക്ക്‌ എക്സപ്ഷന്‍  കൊടുത്തിട്ടുണ്ടോ എന്ന് ഓപന്‍ ഹൗസുകാരനോട്‌ ഞാന്‍ എഴുതി ചോദിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് മുതല്‍ ലോനപ്പന്‍ നമ്പാടന്‍റെ വരെ പിരടിക്ക് പിടിക്കുന്ന സിനിമാലക്കാര്‍ ജന കോടികളുടെ വിസ്വസ്ത സ്ഥാപനത്തെ   ചെറുതായൊന്നു തോന്ടുംപോഴേക്ക്  അറ്റ്ലസ്സുകാരന്‍ മഅസ്സലാം പറഞ്ഞിറങ്ങിയ ഓ൪മകളാവും അവരെ പിന്നോട്ടടിപ്പിച്ചത്. അല്ലാതെ ഐപ്പ് വെള്ളിക്കാടന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാഞ്ഞിട്ടാവില്ല.ഷെയര്‍ ഉടമകളുടെ കണ്ണുനീര്‍ കണ്ടു കണ്ടു മനസ്സ് മരവിച്ചുപോയ മുനീര്‍ സാഹിബിന്‍റെ ചാനലിനു തങ്കമ്മയുടെ കരച്ചില്‍ ചിരിക്കാനൊരു വക നല്‍കിയിട്ടുണ്ടാവും.ലോകം മുഴുവം വീടെടുത്ത് കൊടുക്കുന്ന അമ്മയുടെ ചാനലും ഈ അന്ധരുടെ വീടെന്ന സ്വപ്നത്തിനു മുന്നില്‍ വാതിലടച്ചു കളഞ്ഞു.  തങ്കമ്മയുടെ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്. 
"വിശന്നുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി, ചോറില്ല; ഉറങ്ങിക്കോളൂ" എന്ന് പറയുന്ന ഈ നെറികേടിനെതിരെ മാധ്യമ രാജാക്കന്‍മാര്‍ കണ്ണടച്ചപ്പോള്‍‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന്‌ ഇമെയില്‍ ഉപയോക്താക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ചപ്പു ചവറുകള്‍ മാത്രമല്ല നന്മയുടെ ജീവസ്സുറ്റ കുറിപ്പുകളും ഫോര്‍വാടാം എന്ന ഈ തീരുമാനം ഒരു പക്ഷെ ശാന്തിമഠക്കാരനെക്കൊണ്ട് ചാവി കൊടുപ്പിക്കും. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാള ദൃശ്യ മാധ്യമ ഭീകരര്‍ക്ക്‌ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

പിന്‍കുറിപ്പ്:  മത വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പരസ്യ വാചകങ്ങള്‍ നിയമ നിര്‍മാണത്തിലൂടെ നിരോധിക്കണമെന്ന് മറുവായനക്കാരന് അഭിപ്രായമുണ്ട്.


Friday, 17 September 2010

ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടക്കരച്ചില്‍

അനുകരണീയമെന്നു നോണ്‍ മലയാളികള്‍ പുകഴ്ത്തിപ്പാടിയ "കേരള മുസ്ലിം മോഡല്‍" നശിപ്പിക്കാന്‍ പൂര്‍വ്വാശ്രമത്തില്‍ "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം രചിച്ചവര്‍ വടിവാളും,എസ്‌ കത്തിയും കല്ല്‌ വെച്ച നുണളുമായി  ഇറങ്ങിയത് കണ്ട്‌ ടി പത്മനാഭന്‍ കുറിച്ചത് "ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്നാണ്.  തങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമായ നേരത്താണ് ആ സൗമ്യ ദീപം പൊലിഞ്ഞത് എന്ന് മലയാള മനോരമയില്‍ അദ്ദേഹം അനുസ്മരിക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി അക്കാദമിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ സ്വകാര്യ സംഭാഷണങ്ങളില്‍ വരെ തങ്ങള്‍ നിരന്തരം അനുസ്മരിക്കപ്പെടുകയാണ്.  ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ശിഹാബ് തങ്ങളുടെ പേരിലുള്ള സ്റ്റാമ്പ് പുത്തിക്കിക്കൊണ്ട്‌ പറഞ്ഞത് തങ്ങള്‍ അര്‍ഹിക്കുന്ന ആദരവിന്‍റെ ചെറിയ ഒരംശം മാത്രമാണ് ഇതെന്നാണ്.  
കേരളത്തിലെ സാമുദായിക സൗഹൃദത്തിന്‍റെ കാന്‍വാസില്‍ വിധ്വേഷ ചിത്രങ്ങള്‍ വരക്കാന്‍ ഇറങ്ങിയ വികാര ജീവികളെ കണ്ട്‌ ഓരോ മലയാളിയും കൊതിക്കുന്നുണ്ട്‌  "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന്. എന്നാല്‍ കുറച്ച് നാളുകളായി "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന് കഥന ഭാരത്തോടെ പറയുന്നത് ജീവിത കാലത്ത് തങ്ങളുടെ പക്വമായ തീരുമാനങ്ങളെ വികലമായി മാത്രം മനസ്സിലാക്കിയ കേരള ജമാഅത്തെ ഇല്സ്ലാമി   നേതാക്കന്മാരാണ്. നാട് കടത്തപ്പെട്ട മുന്‍ അമീര്‍ സിദ്ധീഖ് ഹസ്സന്‍ ഭായി മുതല്‍ സോളിഡാരിറ്റി രാജാവ് സി ദാവൂദ് വരെ തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നു.


സമുദായത്തില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവണതകളെ പ്രധിരോധിക്കാന്‍ മുസ്ലിം ലീഗ് കോട്ടക്കലില്‍ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തിനെ വിളിച്ചില്ല എന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. ക്ഷണിക്കപ്പെടാത്ത കോട്ടക്കല്‍ സംഗമത്തിനെതിരെ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. 
1) ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കോട്ടക്കല്‍ യോഗം സംഭവിക്കുമായിരുന്നില്ല.
2) തീവ്രവാദത്തിനെതിരെ ലീഗ് നേതൃത്വം മൃതു സമീപനമെടുത്തപ്പോഴൊക്കെ ജമാഅഅത്താണ് ശക്തമായ രീതിയില്‍ രംഗത്ത് വന്നത്.
3) സമുദായ ഐക്യം കാക്കുന്നതില്‍ എന്നും ബദ്ധശ്രദ്ധരായ ജമാഅത്തിനെ മാറ്റി നിര്‍ത്തുന്നതിലൂടെ കേരള മുസ്ലിം ഘടനയില്‍ കാര്യമായ ചിദ്രത വിളിച്ചു വരുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്.ഈ മൂന്നു ആരോപണങ്ങളും  അടിസ്ഥാനപരമായി വിശകലനം ചെയ്യേണ്ടതുണ്ട്‌.


മാസപ്പിറവി പോലുള്ള തികച്ചും മതപരമായ വിഷയത്തില്‍ ഭിന്നത ലഘൂകരിക്കാന്‍ വിളിച്ച  സൗഹൃദ സദസ്സുകളില്‍ ജമാഅത്ത് ക്ഷണിക്കപ്പെട്ടത് സ്വാഭാവികമാണ്. ഇത് ശിഹാബ് തങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തിയതാണെന്നതും വാസ്തവം. പക്ഷെ സമുദായത്തിനകത്ത് വളര്‍ന്നു വരുന്ന തീവ്രവാദത്തിന്‍റെ മുള്‍ചെടികളെ നശിപ്പിക്കാന്‍ വിളിക്കുന്ന കൂട്ടായ്മയിലേക്ക് പഠന മനനങ്ങളിലൂടെ ഈ ചെടി മുളപ്പിക്കാന്‍ അധ്വാനിച്ചവരെയാണ് ക്ഷണിക്കേണ്ടത് എന്ന വാദം സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. തങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് കോളമെഴുതുന്നവര്‍ തങ്ങളെ വിമര്‍ശിക്കാന്‍ ആര്‍കും പേജ് കൊടുത്തവരായിരുന്നു എന്നതും കൂട്ടിവായിക്കപ്പെടണം. "കേരള മുസ്ലിം മോഡല്‍" എന്നത് തന്നെ സംഘപരിവാറിന്റെ ലാളനയില്‍ വളര്‍ന്ന തങ്കക്കുടമാണെന്നും സൗമ്യനായ ശിഹാബ് തങ്ങള്‍ പരിവാര സംഘടനകളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള   ഉപകരണമായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ മറ്റു മുസ്ലിം നേതാക്കള്‍ക്ക് കിട്ടാത്ത "മതേതര സമ്മിതി" കിട്ടിയതെന്നും ഒട്ടും ലജ്ജയില്ലാതെ "മാധ്യമം" എഴുതിയത് തങ്ങള്‍ മരിച്ചതിന്റെ ഏഴാം നാളിലായിരുന്നു.  മുസ്ലിം സമൂഹം തങ്ങളുടെ വേര്‍പാടില്‍ തീവ്ര ദുഖം പങ്കുവെച്ച്  തീരുന്നതിനു മുന്നെയായിരുന്നു  ഓസ്ട്രേലിയയില്‍ താമസിച്ചു ലീഗ് വിരുദ്ധ ഗവേഷണം നടത്തുന്ന നുഅയ്മാനെ കൊണ്ട്‌ "മാധ്യമം" ഇങ്ങനെ ഒരു കുത്തിനോവിക്കല്‍ നടത്തിച്ചത്. ലീഗിനു രാഷ്ട്രീയമായി നഷ്ടമാണു സംഭവിക്കുക എന്നുറപ്പുള്ള സന്ദര്‍ഭങ്ങളില്‍ പോലും തങ്ങള്‍ പഠിപ്പിച്ച ആത്മ സംയമനം ലീഗിന്‍റെ രാഷ്ട്രീയ ലാഭത്തേക്കാള്‍ സമുദായത്തിന്റെയും നാടിന്റെയും നന്മയെയാണ് വിലമതിക്കെണ്ടത് എന്ന നിലപാടില്‍ നിന്നു കൊണ്ടായിരുന്നു എന്ന് വൈകിയാണെങ്കിലും അംഗീകരിക്കുന്നത് സന്തോഷകരം.    
ജമാഅത്തെ ഇസ്ലാമിയുടെ എന്‍.ഡി.എഫ് വിരുദ്ധ നിലപാടുകള്‍ ആശയാധിഷ്ടിതമാണ് എന്ന് വിശ്വസിക്കുന്നവര്‍ മലയാളികള്‍ക്കിടയില്‍ തുലോം പരിമിതമാണ്. "മാധ്യമത്തിന്റെ" വായനക്കാര്‍ "തേജസിന്‍റെ" വരിക്കരാവുന്നതോടെ തുടങ്ങിയ തികച്ചും "പത്രാധിഷ്ടിത" ഈര്‍ശ്യയായി മാത്രമാണ് ജമാഅത്ത്  നിലപാടിനെ അധിക ധൈഷണിക ഭാരമൊന്നും ഇല്ലാത്തവര്‍ വരെ മനസ്സിലാക്കുന്നത്. മുസ്ലിം ലീഗ് എന്‍.ഡി.എഫിനെതിരെ കൃത്യമായ നിലപാട് തറയില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തിച്ചപ്പോള്‍ "കോഴിക്കോട്ട് ഇരട്ട സ്ഫോടനം,പിന്നില്‍ എന്‍.ഡി.എഫ്" എന്ന് സെന്‍സേഷനല്‍ വാര്‍ത്ത നല്‍കി അവരെ കൊടും തീവ്രവാദികളാക്കുകയായിരുന്നു ജമാഅത്തും "മാധ്യമവും". കേരളത്തിന്‍റെ രൂപീകരണ നാള്‍ മുതല്‍ മലയാളികള്‍ക്ക് തീവ്രവാദത്തിന്‍റെ ഉരക്കല്ലുകള്‍ ജമാഅത്തും ആര്‍.എസ്.എസ്സുമായിരുന്നു. ജമാഅത്ത് എന്ന കല്ലില്‍ ഉരച്ചിട്ടായിരുന്നു മുസ്ലിം സമൂഹത്തില്‍ വളര്‍ന്നു വയസ്സറിയിച്ച ഓരോ തീവ്രവാദ മൂവ്മെ൯റുകളുടെയും മാറ്റ് തിട്ടപ്പെടുത്തിയത്. ഈ ഉരക്കകല്ലിന്‍റെ ഭാരം എന്‍.ഡി.എഫ് വഴി ഇറക്കിവെക്കാം എന്ന ധാരണയും ജമാഅത്തിന്‍റെ   എന്‍.ഡി.എഫ് എതിര്‍പ്പിനു കാരണമായി. അതിലുപരി സമസ്തയും,മുജാഹിദ് വിഭാഗങ്ങളും കാണിച്ച ആദര്‍ശത്തിലൂന്നിയ ഒരെതിര്‍പ്പ് ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയില്ല എന്നത് ഒരു പൊതു ധാരണയായി മുസ്ലിംകള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. പത്രപ്രസാധന രംഗത്ത് കടക്കുന്നത്‌ വരെ എന്‍.ഡി.എഫിനു വേണ്ട ബൌദ്ധിക ബലം നല്‍കിയതും  ജമാഅത്തെ ഇസ്ലാമി തന്നെ ആയിരുന്നു.
കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും ശക്തമായ പിണക്കങ്ങളും തുടര്‍ന്നുള്ള ഇണക്കങ്ങളും ധാരാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കുളം കലക്കി മീന്‍ പിടിക്കുക എന്ന പതിവ് രാഷ്ട്രീയ സമീപനം മുസ്ലിം ലീഗിന്‍റെ ഭാഗത്ത് നിന്ന് കാണാറില്ല. പക്ഷെ സമുദായ ഐക്യത്തെ കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ "മാധ്യമം" പത്രത്തിന്‍റെ പിറവിക്കു മുമ്പും ശേഷവുമുള്ള സമുദായത്തിന്‍റെ ഐക്യവും ഐക്യമില്ലായ്മയും ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. "മാധ്യമത്തിനു" മുന്നില്‍ മാന്യതക്കുള്ള മാനദണ്ഡം ലീഗിനോടുള്ള എതിര്‍പ്പ് മാത്രമായി ചുരുങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ലീഗിനെ എതിര്‍ക്കുന്ന ഏതു പ്രതിലോമ ശക്തികള്‍ക്കും സമൂഹത്തില്‍ അംഗീകാരം നേടിക്കൊടുക്കാന്‍  മത്സരിക്കുമ്പോള്‍ സമുദാത്തിന്‍റെയോ മതത്തിന്‍റെയോ ഭാവി ജമാഅത്തിനു  പ്രശ്നമായിരുന്നില്ല. അതിന്‍റെ അനന്തര ഫലങ്ങളാണ് കൈവെട്ടും, കലാപങ്ങളും, ഒറ്റപ്പെടലുമായി നാം അനുഭവിക്കുന്നത്.


മുസ്ലിം സംഘടനകളുടെ സമ്മര്‍ദത്തിനു മുന്നില്‍ ലീഗിന്‍റെ വഴിപ്പെടലാണ് കോട്ടക്കലില്‍ സംഭവിച്ചതെന്ന് സിദ്ധീക്ക് ഹസ്സന്‍ എഴുതിയത് വായിച്ചിട്ടെങ്കിലും ജമാഅത്ത് ഒരാത്മ വിശകലനം നടത്തണം. പരസ്പരം കടിച്ചുകീറുന്ന സുന്നി മുജാഹിദ് ഗ്രൂപ്പുകള്‍ എന്തുകൊണ്ടാണ് ജമാഅത്തിനെ പടിക്കുപുറത്ത് നിര്‍ത്തുന്നതില്‍ യോജിക്കുന്നതെന്ന്. ഇടതു വലതു മുന്നണികളും ട്രീസ സെറ്റില്‍വാദ് അടക്കമുള്ള "മുന്‍ സഹയാത്രികരും" അകലം പാലിക്കാന്‍ ശ്രമിക്കുന്ന ഈ നേരത്തെങ്കിലും ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് ഒരാത്മ പരിശോധന എന്തു കൊണ്ട്ണ്ടും അനുപേക്ഷണീയമാണ്.

Friday, 20 August 2010

കൈരളി കണ്ടെത്തിയ മുസ്ലിം പണ്ഡിതര്‍

"ഇമാം മുദ" അഥവാ "യംഗ് ഇമാം" എന്ന പേരില്‍ മലേഷ്യന്‍ ചാനല്‍ നടത്തിയ ഇസ്ലാമിക പണ്ഡിത റിയാലിറ്റി ഷോ പോയ മാസം ലോക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജോബി ജോണിന് ട്രാവന്‍കൂര്‍ ബില്ടെസ് സമ്മാനിച്ച ഫ്ലാറ്റിന്‍റെ മോണിട്ടറി വാല്യു ഒന്നും , "ഇമാം മുദ" അഷ്‌റഫ്‌ മുഹമ്മദ്‌ രിദ്വാണ് സമ്മാനമായി കിട്ടിയില്ലെങ്കിലും മലേഷ്യയിലെ മോസ്റ്റ്‌ പോപ്പുലര്‍ ടി.വി പ്രോഗ്രാം എന്ന ഖ്യാദി പത്ത് എപ്പിസോഡിലൂടെ "ഇമാം മുദ നേടി". സൌദി അറേബ്യയില്‍ ഉന്നത പഠനത്തിനുള്ള സ്കോളര്‍ഷിപ്പും തിരിച്ചു വരുമ്പോള്‍ ഒരു കാറും ലാപ്ടോപ്പും കോലാലംപൂരിലെ ഒരു പള്ളിയില്‍ ഇമാമത് ജോലിയുമാണ് സമ്മാനം. ശോഭ സുരേന്ദ്രന്, എഴുതി വെച്ച മറുപടി വായിക്കാന്‍ പാകത്തില്‍ ചോദ്യം ചോദിക്കുന്ന Asianet ന്യൂസ് ചാനല്‍ അടക്കം ഈ വാര്‍ത്ത നാം മലയാളികള്‍ക്കും എത്തിച്ചു തന്നുകേരള മുസ്ലിം ഉമ്മത്തിന് ഇത് പോലെ ഒരു "ഇമാം മുദയെ" കണ്ടെത്തിക്കൊടുക്കണമെന്നു കൈരളി ചാനല്‍ അന്ന് തന്നെ നിയ്യത്ത് ചെയ്തതാണ്. പക്ഷെ പട്ടുരുമാലിന്റെ ഡയസ് വണ്ണില്‍ നിന്ന് ഡയസ് ത്രീയിലേക്ക് മത്സരാര്തികളെ കൈ പിടിച്ചു കയറ്റി തളര്‍ന്നിരിക്കുമ്പോള്‍ മറ്റൊരു റിയാലിറ്റി ഷോ നടത്തുക പ്രായോഗികമല്ലെന്ന് ബ്രിട്ടാസച്ചായന്‍ മുതല്‍ ഹംസ സാഹിബു വരെയുള്ളവര്‍ക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ് പത്ത് എപ്പിസോഡില്‍ നിന്ന് ഒരു ഇമാം മുദ എന്നതിന് പകരം ഒരു വാര്‍ത്ത കൊണ്ട് പത്ത് പണ്ഡിതരെ പത്താം വാര്‍ഷികത്തിന്റെ കൃത്യം മൂന്നു ദിവസം മുന്നേ കൈരളി മുസ്ലിം കേരളത്തിനു സമര്‍പ്പിച്ചത്. നിങ്ങള്‍ക്ക് കാര്യത്തിന്‍റെ കിടപ്പ് മനസ്സിലാവുന്നുണ്ടാവില്ല.ഞാന്‍ വ്യക്തമാക്കാം.
"മദനിയുടെ അരസ്റ്റ്, മുസ്ലിം പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കണ്ടു, പണ്ഡിതരും ലീഗും രണ്ടു തട്ടില്‍, മദനി വിഷയത്തില്‍ മുസ്ലിം ലീഗ് ഒറ്റപ്പെടുന്നു"സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ ഇടതടവില്ലാതെ കൈരളിയുടെ ഫ്ലാഷ് ന്യൂസ് ആയി വന്ന വാര്‍ത്തയാണിത്. പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കാണുന്നത് ശരി. അവരെന്തിനാ ലീഗിന്‍റെ മേക്കിട്ട് കയറുന്നത് എന്നായിരുന്നു എന്‍റെ ചിന്ത. "കോട്ടക്കല്‍ കഷായം സമുദായത്തിന് ഗുണം ചെയ്യുമെന്ന്" എനിക്ക് എസ് എം എസ് അയച്ച രിസാല സ്റ്റടി സര്‍ക്കിളുകാരന്‍ മുഹമ്മദലി സഖാഫിയെ വിളിച്ച് വാര്‍ത്തയുടെ നിജസ്ഥിതി ചോദിച്ചു. അദ്ദേഹം അങ്ങനെ ഒരു വിഷയമേ അറിഞ്ഞിട്ടില്ല.പിറ്റേന്നത്തെ പത്രം കണ്ടപ്പോഴാ ഞാന്‍ ശരിക്കും ഞെട്ടിയത്. കൈരളി കണ്ടെത്തിയ പണ്ഡിത സഭയിലെ സീനിയര്‍ മുസ്ലിം പണ്ഡിതര്‍ ഭാസുരേന്ദ്ര ഭാനുവും, നീല ലോഹിത ദാസ നാടാരും ആണെന്ന് പത്രങ്ങളില്‍ ഫോട്ടോ സഹിതം അച്ചടിച്ച്‌ വന്നിരിക്കുന്നു. സംയുക്ത സംഘടനാ പ്രധിനിധി സംഗം മുഖ്യ മന്ത്രിക്കു നിവേദനം നല്‍കി തിരിച്ചു വരുന്നു എന്ന അടിക്കുരുപ്പോടെയാ വഴിത്തിരിവ് പത്രമടക്കം ഫോട്ടോ കൊടുത്തിരിക്കുന്നത്.എന്നിട്ടും എനിക്ക് കണ്ഫ്യുഷന്‍ മാറുന്നില്ല. കൈരളി അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ വെറുതെ ഒരു പുളു അടിക്കുമോ? കഴിഞ്ഞ പൊന്നാനി പാര്‍ലിമെന്റ് യുദ്ധ സമയത്ത് ഭാനുവും, നാടാരും പൊന്നാനിയില്‍ തംബടിച്ചപ്പോള്‍ ഏതെങ്കിലും കേരള വിമന്‍സ് ഫ്രെണ്ടുകാര്‍ ഇവരെ ലവ് ജിഹാദ് നടത്തി ശഹാദത് ചൊല്ലിച്ചിട്ടുണ്ടാവുമോ?അങ്ങനെ ആവുമെന്ന് കരുതി സമാധാനിക്കാമെന്ന് വെച്ചപ്പോള്‍, നാടാര്‍ മായാവതി ചേച്ചിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നമ്മുടെ തരൂരിനെതിരെ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നു എന്ന് എന്‍റെ റൂമിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഓര്‍മിപ്പിച്ചു. അതോടെ ആ ആലോചനയുടെ സ്കോപ്പും പോയി. ഞാന്‍ വാര്‍ത്ത തീര്‍ത്തും വായിച്ചു . ജൂനിയര്‍ പണ്ഡിതരായി അഡ്വക്കേറ്റ് സിറാജ് (P.D.P ),കെ എ ഷഫീക് (സോളിഡാരിറ്റി) മുഹമ്മദ്‌ അസ്ലം (S.I.O ) എന്നിങ്ങനെ എട്ടുപേര്‍ വേറെയും. എല്ലാം കൊണ്ടും കുശാല്‍. ഒറ്റ വാര്‍ത്ത കൊണ്ട് കേരള മുസ്ലിം സമുദായത്തിന് ഒരുകൂട്ടം പണ്ഡിതരെ തന്ന കൈരളി നീണാള്‍ വാഴട്ടെ.

പിന്‍കുറിപ്പ്: കൈരളിയിലെ മാധ്യമ ലോകം പരിപാടി ഭാസുരേന്ദ്ര ഭാനു മൌലവി തുടര്‍ന്നും അവതരിപ്പിക്കുന്നതാണ്.

Tuesday, 17 August 2010

മദനി ഒരു ഫ്ലാഷ് ബാക്ക്

കോയമ്പത്തൂര്‍ ജയില്‍വാസവും കഴിഞ്ഞു വന്ന മദനി ശംഘുമുഖത്ത് നാല് മന്ത്രി ഏമാന്‍മാരെ സ്റ്റേജില്‍ ഇരുത്തി മുസ്ലിം ലീഗുകാരന്‍ ഫ്രീയായി അന്തര്‍ദേശീയ നിലവാരമുള്ള പീവീസ് സ്‌കൂളില്‍ പഠന സൗകര്യം നല്‍കിയ രണ്ടു മക്കളേയും അരികില്‍ നിര്‍ത്തി മാലോകരോട് പറഞ്ഞത് പറ്റിയതൊക്കെ തെറ്റായിപ്പോയി മക്കളെ, ഇനി പറ്റില്ല, വിമര്‍ശനത്തില്‍ പോലും ഇനി മിതത്വമുണ്ടാവും എന്നൊക്കെയായിരുന്നു. അതു കേട്ട് എന്‍റെ നാട്ടില്‍ വര്‍ഷത്തില്‍ നടക്കുന്ന വഅളു പരിപാടിക്ക് "മദനിയുടെ ജയില്‍ മോചനത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാന്‍ നൂറു രൂപ സംഭാവന" എന്ന കുറിപ്പും തുകയും തരുന്ന അമ്മദ് മുസ്ലിയാര്‍ പെരുത്ത് സന്തോഷിച്ചിരുന്നു.ഇനി നല്ല മതപ്രസംഗമാവും മദനി നടത്തുക എന്നതായിരുന്നു മുസ്ലിയാരുടെ പ്രതീക്ഷ. മലബാറിലെ മദനി പ്രസംഗങ്ങള്‍ക്ക് പോകാന്‍ മൂപ്പര്‍ക്ക് വലിയ ആവേശമായിരുന്നു. പക്ഷെ ഹംസത്തുല്‍ ക൪റാറിനു പകരം കോടിയേരിയും ഉമര്‍ മുഖ്താറിനു പകരം സഖാവ്‌ പിണറായിയും പ്രസംഗത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ മുസ്ലിയാര്‍ സങ്കടപ്പെട്ടു. അതോടെ അമ്മദ് മുസ്ലിയാരുടെ ആവേശം അലിഞ്ഞലിഞ്ഞില്ലതായി.



പിന്നെ ലോകസഭ തെരഞ്ഞെടുപ്പോടെയാണ് മദനി അരങ്ങില്‍ നിറഞ്ഞത്‌ .രാത്രി എന്നും ഡെറ്റോള്‍ ഇട്ടു മുഖം കഴുകുന്ന ഹുസൈന്‍ മാഷെ മുന്നിലിരുത്തി, റബ്ബുല്‍ ആലമീനായ തമ്പുരാനേ ഈ വര്‍ഷം ലീഗിനെ പാഠം പഠിപ്പിക്കണേ എന്ന് സഖാവ് മദനി നീട്ടി ദുആ ഇരക്കുമ്പോള്‍ മൌലാന പിണറായി കലവറയില്ലാതെ ആമീന്‍ പറയുന്ന പടം ഇമെയില്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട് ഐറ്റം ആയിരുന്നു. പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി എസിനു പോലും കൊടുക്കാത്ത ബഹുമാനാദരവുകള്‍ പാര്‍ടി സെക്രട്ടറി അധസ്ഥിത വര്‍ഗ സംഘ ശക്തിയുടെ മഹാനായ നായകന്‍ മദനി സാഹിബിനു കൊടുക്കുന്നത് കണ്ടപ്പോള്‍ മുന്നിലിരുന്നവര്‍ വിസിലടിച്ചു പ്രോത്സാഹിപ്പിച്ചു. പരിവാര സമേതം വന്ന മദനിക്ക് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന പിണറായി ഗുജറാത്തില്‍ ജീവന് വേണ്ടി കര്സേവകര്‍ക്ക് മുന്നില്‍ കൈ കൂപ്പിനിന്ന കുതുബുദ്ധീന്‍ അന്‍സാരിയെ ഓര്‍മിപ്പിച്ചു എന്ന് സി പി ഐകാര്‍ അടക്കം പറഞ്ഞു. എല്ലാം കൊണ്ടും ആവെശത്തിമര്‍പ്പിലായ മദനി പതിവ് പോലെ ലീഗിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥക്ക്  കാരണം മുസ്ലിം ലീഗാനെന്നു  പ്രസ്താവിച്ചും കളഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ചൂടിലാണ് മദനിയും ചൂടായത്. ചൂടായാല്‍ മൂപ്പര്‍ക്ക് ഒട്ടും കണ്ട്രോള്‍ കിട്ടൂല എന്നത് സൂഫിയക്കും ചാനല്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ അറിയാം. തൊഴിലുറപ്പ് പദ്ധധിയും ആണവ കരാറും, നാടിന്‍റെ വികസനവുമൊക്കെ മാര്‍കിസ്റ്റും, ലീഗും, കൊണ്ഗ്രസ്സും പ്രചാരണ ആയുധമാക്കിയപ്പോള്‍ മൂപ്പര്‍ ഉന്നയിച്ചത് "ഷാഹിദ കമാല്‍ നിസ്കരിക്കാറില്ല" എന്നതായിരുന്നു. മുസ്ലിം കേന്ദ്രമായ തളിപ്പറമ്പില്‍ വെച്ച് കാസര്‍ക്കൊട്ടെക്ക്‌ ചൂണ്ടി ഇങ്ങനെ പറഞ്ഞപ്പോള്‍ പാവം ഗള്‍ഫുകാരന്‍ കമാലിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. ഇത് കണ്ടപ്പോള്‍ എനിക്ക് കണ്ഫ്യുഷനായി. പുതിയ ലോകസഭയില്‍ മുസ്ലിംകളൊക്കെ നിസ്കരിക്കുന്നവരാകണോ. കഴിഞ്ഞ തവണ അതു വേണ്ടെന്നു കട്ടായം. ടി കെ ഹംസാക്ക മെമ്പരായുല്ലപ്പോള്‍ അങ്ങനെ ഒരു സംശയത്തിനു പോലും ഇടമില്ല. മളുലൂമിന്റെ (അക്രമിക്കപ്പെട്ടവന്‍) പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല എന്ന നബി വചനം അമ്മദ് മുസ്ലിയാര്‍ അന്നും ഓര്‍മിപ്പിച്ചിരുന്നു. അത് സത്യമായിപ്പുലരാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല . ഷാഹിദ കമാലിന്റെ കണ്ണ് നീര്‍ കണ്ടു ചിരിച്ചവര്‍ ഇന്ന് സ്വന്തം കവിള്‍തടം തുടക്കുന്നു.
തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ ലീഗിനെ ഭസ്മീകരിക്കുമെന്ന് സ്വാമിജിയെയും അടുത്തിരുത്തി ആക്രോശിച്ച മദനി തിരിച്ചു കോട്ടയത്തെത്ത്തിയപ്പോള്‍ പത്ര ലേഖകര്‍ക്ക് മുന്നില്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ലീഗിന്റെയും പാകിസ്ഥാനിന്റെയും കൊടിക്ക്‌ ഒരേ കളറായതില്‍ സങ്കടപ്പെട്ടു കൊണ്ടായിരുന്നു ആദ്യത്തെ കരച്ചില്‍. ഇടയ്ക്കു "നിങ്ങളുടെ കരച്ചിലിനേക്കാള്‍ സൂഫിയതാത്തയുടെ കരച്ചിലിനാണ് സൗന്ദര്യം" എന്ന് "ബ്രിട്ടാസുപദേശം" കിട്ടിയപ്പോള്‍ മൂപ്പര്‍ തക്ബീര്‍ ചൊല്ലി അതു പാസ്സാക്കി. അങ്ങനെ ഒന്‍പതര വര്‍ഷത്തിനു ശേഷം പുറത്തേക്ക് വരുന്ന ഹബീബായ പുതിയാപ്ലയെ സ്വീകരിക്കാന്‍ പോയപ്പോള്‍ പോലും മുഖം മറച്ച സ്വാലിഹതായ സൂഫിയ ജോണ്‍ ബ്രിട്ടാസിന്റെ മുന്നില്‍ സ്വന്തം ഇക്കാക്കയുടെ മുന്നില്‍ ഇരിക്കുന്നത് പോലെ മുട്ടോടു മുട്ട് ചേര്‍ത്ത് വെച്ച് കണ്ണുനീര്‍ കവിളത്തോഴുക്കി പറഞ്ഞത് അദ്വാനിജി കാണിച്ച മര്യാദ പോലും കുഞ്ഞാലിക്കുട്ടി കാനിച്ചില്ലെന്നായിരുന്നു. ഇങ്ങനെയൊക്കെ ലീഗിനെ കുത്തിയിട്ടും പിന്നെയും പിന്നെയും കുത്തിയിട്ടും മദനി മലര്‍ന്നു കിടക്കുന്ന ഈ നേരത്ത് ലീഗെന്തു കൊണ്ടാ തിരിച്ചു കുത്താത്തത് എന്നാണ് ഞാന്‍ കുണ്ടിതപ്പെടുന്നത്.