Friday, 24 September 2010

ദിസ് ഈസ് ഫോര്‍ തങ്കമ്മ ആന്‍ഡ്‌ ഫാമിലി"വിദ്യാര്‍ത്ഥിക്കൊരു പ്രശ്നം വന്നാല്‍ ഞങ്ങളില്ലാ രാഷ്ട്രീയം" എന്ന കേട്ട് തഴമ്പിച്ച  മുദ്രാവാക്യത്തിന്  ദൃശ്യ മാധ്യമ സിണ്ടിക്കറ്റ് പുതിയ രൂപം നല്‍കിയിരിക്കുന്നു. അതിങ്ങനെ വായിക്കാം "ശാന്തി മഠത്തിനു പ്രശ്നം വന്നാല്‍ ഞങ്ങളില്ലാ ജേര്‍ണലിസം". "ഒരു ജനതയുടെ ആത്മാവിഷ്കാരം"  കൈരളി ചാനല്‍ 2008 ല്‍  "എല്ലാരും പാട്ണ്" എന്ന പേരില്‍ നടത്തിയ സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത് ഏറണാകുളത്തുകാരി തങ്കമ്മയും കുടുംബവുമായിരുന്നു.അന്ധരായ നാല് മക്കളെയും രണ്ടു പേരക്കുട്ടികളെയും അണിനിരത്തി തങ്കമ്മ ഒന്നാം സ്ഥാനം അടിച്ചെടുത്തപ്പോള്‍  കിട്ടാന്‍ പോകുന്ന മുപ്പത്തി അഞ്ചു ലക്ഷത്തിന്‍റെ വില്ലയെ ഓര്‍ത്ത്‌ പ്രേക്ഷകരും തങ്കമ്മയും ഒരുപോലെ കുളിരണിഞ്ഞു. 
മുന്നില്‍ ഇരുട്ട് മാത്രം കാണാന്‍ വിധിക്കപ്പെട്ട അന്ധ കുടുംബം രണ്ടു വര്‍ഷം സ്വപ്‌നങ്ങള്‍ നെയ്ത് അകം നിറയെ വെളിച്ചം നിറച്ച് വില്ലയുടെ താക്കോലും കാത്തിരുന്നത് വെറുതെയായിരുന്നു എന്ന് ഇന്നലെ ഫോര്‍വേഡ് ചെയ്തു കിട്ടിയ ഇമെയിലില്‍ പറയുന്നു. കൈരളി ചാനലും ശാന്തിമഠം ബില്‍ഡേസും   നടത്തിയ കൊടും ചതി നാട്ടുകാരെ അറിയിക്കാന്‍ ഏറണാകുളത്ത് തങ്കമ്മ സകുടുംബം പത്ര സമ്മേളനം നടത്തിയെങ്കിലും മാധ്യമ സിണ്ടിക്കേറ്റ് ആ വാര്‍ത്ത ചുരുട്ടിക്കെട്ടി ശാന്തി മഠക്കാരന്‍റെ കാല്‍ക്കല്‍‍ കാണിക്ക വെച്ചിരിക്കുകയാണ്. 
സ്വപ്നം   കാണാന്‍ മുഖ്യമന്ത്രി കേരളത്തിലല്ലേ ജീവിക്കുന്നത് എന്ന ജനപക്ഷ ചോദ്യക്കാര്‍ക്ക് "തങ്കമ്മയുടെ സങ്കടം"   ഏറണാകുളത്ത് നിന്ന് എസ് മഹേഷ്‌ കുമാര്‍ ചൂടോടെ എത്തിച്ചിട്ടുണ്ട് .  പക്ഷെ ഗുരുവായൂരപ്പന്‍റെ നാട്ടില്‍ ശാന്തിമഠം വീട്ടിലേക്ക് വിളിക്കാന്‍ സുകുമാരി ചേച്ചി വരാതാവുമോ എന്ന പേടിയില്‍ അവര്‍ ആ കണ്ണീരിനെ വെളിച്ചം കാണിച്ചില്ല. "നേരോടെ നിര്‍ഭയം നിരന്തരം" എന്ന സ്ലോഗന്‍ പരിധിയില്‍ നിന്ന് പരസ്യ   ദാദാക്കള്‍ക്ക്‌ എക്സപ്ഷന്‍  കൊടുത്തിട്ടുണ്ടോ എന്ന് ഓപന്‍ ഹൗസുകാരനോട്‌ ഞാന്‍ എഴുതി ചോദിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് മുതല്‍ ലോനപ്പന്‍ നമ്പാടന്‍റെ വരെ പിരടിക്ക് പിടിക്കുന്ന സിനിമാലക്കാര്‍ ജന കോടികളുടെ വിസ്വസ്ത സ്ഥാപനത്തെ   ചെറുതായൊന്നു തോന്ടുംപോഴേക്ക്  അറ്റ്ലസ്സുകാരന്‍ മഅസ്സലാം പറഞ്ഞിറങ്ങിയ ഓ൪മകളാവും അവരെ പിന്നോട്ടടിപ്പിച്ചത്. അല്ലാതെ ഐപ്പ് വെള്ളിക്കാടന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാഞ്ഞിട്ടാവില്ല.ഷെയര്‍ ഉടമകളുടെ കണ്ണുനീര്‍ കണ്ടു കണ്ടു മനസ്സ് മരവിച്ചുപോയ മുനീര്‍ സാഹിബിന്‍റെ ചാനലിനു തങ്കമ്മയുടെ കരച്ചില്‍ ചിരിക്കാനൊരു വക നല്‍കിയിട്ടുണ്ടാവും.ലോകം മുഴുവം വീടെടുത്ത് കൊടുക്കുന്ന അമ്മയുടെ ചാനലും ഈ അന്ധരുടെ വീടെന്ന സ്വപ്നത്തിനു മുന്നില്‍ വാതിലടച്ചു കളഞ്ഞു.  തങ്കമ്മയുടെ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്. 
"വിശന്നുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി, ചോറില്ല; ഉറങ്ങിക്കോളൂ" എന്ന് പറയുന്ന ഈ നെറികേടിനെതിരെ മാധ്യമ രാജാക്കന്‍മാര്‍ കണ്ണടച്ചപ്പോള്‍‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന്‌ ഇമെയില്‍ ഉപയോക്താക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ചപ്പു ചവറുകള്‍ മാത്രമല്ല നന്മയുടെ ജീവസ്സുറ്റ കുറിപ്പുകളും ഫോര്‍വാടാം എന്ന ഈ തീരുമാനം ഒരു പക്ഷെ ശാന്തിമഠക്കാരനെക്കൊണ്ട് ചാവി കൊടുപ്പിക്കും. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാള ദൃശ്യ മാധ്യമ ഭീകരര്‍ക്ക്‌ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

പിന്‍കുറിപ്പ്:  മത വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പരസ്യ വാചകങ്ങള്‍ നിയമ നിര്‍മാണത്തിലൂടെ നിരോധിക്കണമെന്ന് മറുവായനക്കാരന് അഭിപ്രായമുണ്ട്.


3 comments:

 1. ഈ വാര്‍ത്ത കുറിപ്പിനെതിരെ കൈരളിയുടെ മറുകുറിപ്പ് ചുവടെ ലിങ്കില്‍.
  http://www.kairalitv.in/TV/kairalisays.asp

  ReplyDelete
 2. faise nee karyangal okke appappam ariyunnund alle?
  Regards
  Rafeek ( Rapadi)

  ReplyDelete
 3. Dear Moderator

  I appreciate you to support the poor family through this blog.The reply given by Kairaly is not sufficient and unsatisfactory. They have never mentioned that , they had given prior information to the contestants that who ever wins should give the tax and registration expense. Did they check whether the winner is financially capable to pay the taxes.
  In the end why should they declare such huge prizes which requires a lot of amount to pay taxes. Here the winners has to suffer even after they win like the case of thankama. Its only for the sake of pubcity the so called channels are giving prizes like this. Why dont they give cash prizes??? If so no such problems will arise.
  There should be some morality to the society.

  Mugesh Muralidharan
  Abu Dhabi

  ReplyDelete