Tuesday, 28 August 2012

സെന്തിലാണ്, സൈതലവിയല്ല.

"റെയില്‍വേ ട്രാക്കില്‍ ബോംബ്‌ വെച്ചത് സെന്തിലായതു നന്നായി, വല്ല സൈതലവിയുമായിരുന്നു അതെങ്കില്‍ എന്താകുമായിരുന്നു ചാനല്‍ പുകില്‍...? ഓന്‍റെ ബാപ്പ കഴിഞ്ഞ ഓണത്തിന് നഖം വെട്ടി വാങ്ങിയത് വരെ കണ്ടെത്തുമായിരുന്നു ദേശ്യാനെറ്റും , മനോദുരാ ന്യൂസും..!!!മലയാളികളൊന്നാകെ പല മുഖങ്ങള്‍ പെറുക്കി നിരത്തി മനസ്സിന്‍റെ മുറ്റത്തൊരുക്കുന്ന പൂക്കളത്തില്‍ വിഷം തളിക്കുമായിരുന്നു ചാനലുകളെല്ലാം.ഓണത്തെ പടച്ചോന്‍ കാത്തു." ടൈം ബോംബിനു പിന്നില്‍ സെന്തിലാണെന്ന് സ്ഥിരീകരിച്ച ഉടനെ ഫെയിസ് ബുക്ക് ഫ്രണ്ട് ഫൈസലാണ് ഇങ്ങനെ ഒരു പോസ്റ്റിട്ടത്. ഇസ്ലാമോഫോബിയയുടെ കേരള രൂപം വരച്ചു കാട്ടുന്ന ആ പോസ്റ്റ് ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന്‌ പേര്‍ ഷെയര്‍ ചെയ്തു. ഫൈസലിന്‍റെ പ്രൊഫൈലില്‍ നിന്ന് തന്നെ 990 പേര്‍.
പോലീസിനേക്കാള്‍ മാധ്യമങ്ങളാണ് "ഇസ്‌ലാം പേടി"യുടെ പ്രചാരകരായി മലയാളികള്‍ക്ക് വഴികാട്ടുന്നത്. പ്രതി മുസ്ലിമാണെങ്കില്‍ ബന്ധം അന്തര്‍ ദേശീയ തലത്തിലേക്ക് എളുപ്പം വളരുന്നു.പിന്നെ കഥ പറയുന്നവരുടെ മിടുക്കിനനുസരിച്ച് തീവ്രവാദത്തിന്റെ തോതും കൂടും. ബോംബ്‌ വെച്ചത് "സെന്തിലാണ്, സൈതലവി അല്ലെന്നു" മലയാളി മുസ്ലിം ആശ്വാസം കൊള്ളുന്നത് ഈ കഥ പറച്ചിലിലെ ഇസ്ലാമോഫോബിയയുടെ അതിപ്രസരം കൊണ്ട് തന്നെയാണെന്ന് മനസ്സിലാക്കാം. പ്രതിയെ പിടിക്കുന്നതിനു മുന്നേ ജന്മഭൂമി എഴുതിയത് "രാവിലെ മുതല്‍ അറബിയിലെഴുതിയ സ്റ്റിക്കര്‍ പതിച്ച ഒരു ഇന്നോവാ കാറില്‍ അപരിചിതരായ നാലോളം ചെറുപ്പക്കാര്‍ ഈ ഭാഗത്ത്‌ സംശയാസ്പദമായ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു" എന്നാണ്. സമീപകാലത്ത് ഇന്നോവയും അറബി സ്റ്റിക്കറും കൊടി സുനിയുടെ ആയുധമായെങ്കിലും ജന്മഭുമിക്ക് ഇതൊരു മുസ്‌ലിം ടച്ചിനുള്ള ഉപാധിയാണ്.

സെന്തിലിനെ പിടിച്ചപ്പോള്‍ "തീവ്ര വാദി ബന്ധമൊക്കെ" വിട്ടു വ്യക്തി വിരോധമായി വിഷയം "ലഘൂകരിച്ച"വര്‍ സന്തോഷു കൂടി ചിത്രത്തില്‍ വന്നപ്പോള്‍ ഒന്ന് കൂടി നിസ്സാര വല്‍കരിക്കുക്കയാണ് ചെയ്തത്.. പത്രങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും കണ്ടാണ്‌ സന്തോഷ്‌ ബോംബ്‌ നിര്‍മാണം പഠിച്ചതെന്ന്. ടൈമര്‍ ഘടിപ്പിച്ച ബോംബ്‌ വെക്കാന്‍ ആര് പരിശീലനം നല്‍കി, എവിടുന്നൊക്കെ സഹായം ലഭിച്ചു, തീവ്രവാദ സ്വഭാവമുള്ള സംഘടനാ ബന്ധങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ കണ്ണൂരിലെ ബോംബ്‌ വാര്‍ത്തകള്‍ വായിച്ച് ഒരാള്‍ ടൈം ബോംബ്‌ നിര്‍മിച്ചു എന്ന് പോലീസ് പറഞ്ഞെന്നു പറയുന്നവര്‍ ലക്ഷ്യമിടുന്നതെന്താണ്.ബോംബ്‌ വാര്‍ത്തകള്‍ വായിച്ചു ടൈം ബോംബ്‌ നിര്‍മിക്കുകയാണെങ്കില്‍ സന്തോഷിനെ ശിക്ഷിക്കുകയല്ല ഐ.എസ.ആര്‍.ഓ യിലെ ശാസ്ത്രഞ്ഞര്‍ക്കൊപ്പം ചേര്‍ത്ത് രാജ്യത്തിന് മുതല്‍ക്കുട്ടുകയാ വേണ്ടത്.

മാധ്യമങ്ങളുടെ സമാന്തര അന്വേഷണം പോലീസ് അന്വേഷണത്തെ വഴിതിരിച്ചു വിടുന്നു എന്നഭിപ്രായമില്ലെങ്കിലും സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ട്ടിക്കാന്‍ പലപ്പോഴും കാരണമാകുന്നു. തപാല്‍ ബോംബ്‌ അന്വേഷണ സമയത്ത് മുഹ്സിന്‍ എന്ന വിദ്യാര്‍ഥിയായിരുന്നു ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. മുഹ്സിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബെല്‍ജിയം നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയെന്നും അല്‍ക്വയിദ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും മാധ്യമങ്ങളെഴുതി. പന്ത്രണ്ടു ദിവസം കസ്റ്റടിയില്‍ വെച്ചപ്പോള്‍ ഓരോ ദിവസവും മുഹ്സിന്‍റെ "വെളിപ്പെടുത്തലുകള്‍" മാധ്യമങ്ങളിലൂടെ അറിഞ്ഞ് മലയാളികള്‍ ഞെട്ടി. പിന്നീട് യഥാര്‍ത്ഥ പ്രതി രാജീവ് ശര്‍മയെ പിടിച്ചപ്പോള്‍ തപാല്‍ ബോംബിന്‍റെ കാരണം വ്യക്തി വൈരാഗ്യമാവുകയും "ന്യൂതന" മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നതില്‍ രാജീവ് മിടുക്കനാണെന്ന് "മഹത്വ വല്‍ക്കരിക്കുകയും" ചെയ്തു നമ്മുടെ മാധ്യമങ്ങള്‍.

കിഗ് ഫിഷര്‍ വിമാനത്തില്‍ ബോംബ്‌ വെച്ചത് ആരെന്നരിയുന്നതിനു മുംബ് വിമാനത്തിലെ ബോംബ്‌ "ടെസ്റ്റ്ഡോസാണെന്ന്" മാധ്യമങ്ങള്‍ ഉറപ്പിച്ചിരുന്നു.ട്രയല്‍ വിജയിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം ഭീകരവാദികളുടെ ഹബ്ബ് ആയേനെ എന്ന് നീട്ടി എഴുതിയത് കേരളകൗമുദി മാത്രമല്ല. മാതൃഭുമിയും,ദേശാഭിമാനിയും,മനോരമയുമൊക്കെ ആ മത്സരത്തില്‍ പങ്കു ചേര്‍ന്നിരുന്നു. 
 സിമി,ഇന്ത്യന്‍ മുജാഹിദീന്‍,ലഷ്കര്‍-ഇ-തോയ്ബ തുടങ്ങിയ ഭീകര  സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകങ്ങളിലേക്ക് അന്വേഷണം നീളുന്നു എന്നെഴുതിയവര്‍ കൃഷ്ണപുരം സരസ്വതി വിലാസത്തില്‍ രാജശേഖരന്‍ നായരാണ് പ്രതിയെന്നറിഞ്ഞപ്പോള്‍  "നാടന്‍ബോംബ് സ്വന്തമാക്കിയ സ്ഥലം, ഒളിപ്പിച്ചുവെച്ച സ്ഥലം, ബോംബ് വിമാനത്താവളത്തിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനം എന്നിവ" അന്വേഷിക്കുന്നുണ്ടെന്നു അന്വേഷണ വിഷയങ്ങള്‍ മാറ്റി എഴുതി. പ്രതിയെ പിടിച്ചപ്പോള്‍ വിമാനത്തിലെ ബോംബ്‌ ദേശാഭിമാനിക്ക് പടക്കവും കൗമുദിക്ക്  ഗുണ്ടുമായി.

ഇസ്ലാമോഫോബിയ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിന് പകരം മുസ്ലിംകളില്‍ അരക്ഷിത ബോധം വളര്‍ത്തി മുതലെടുപ്പിന് ശ്രമിക്കുന്നവരെയും സമുദായം ശ്രദ്ധിക്കേണ്ടതുണ്ട്. ഇ-മെയില്‍ വിവാദത്തിനു പിന്നിലെ കച്ചവടക്കന്നും, സ്ഥാപിത താല്പര്യങ്ങളും തക്ക സമയത്ത് തിരിച്ചറിയാന്‍ ശരാശരി മലയാളി മുസ്ലിമിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷജനകമാണ്.

Wednesday, 15 August 2012

മറയില്ലാതെ / ഗള്‍ഫ് കുറിപ്പുകള്‍-6ആനുകാലികങ്ങളില്‍ വായനക്കാരനെ ഇക്കിളിപ്പെടുത്താന്‍ കുത്തി നിറക്കുന്ന നീണ്ട ലേഖനങ്ങള്‍ക്ക് വിഷയമാണ് ബോംബെയിലെ ചുവന്ന തെരുവ്.കാമാട്ടിപ്പുരയെന്ന ഓമനപ്പേരില്‍ മലയാളികള്‍ വിളിക്കുന്ന റെഡ് സ്ട്രീറ്റിന്റെ മറ്റൊരു പതിപ്പ് ദുബായിലെ നായിഫ് റോഡില്‍ കണ്ടുനില്‍ക്കാം.ജനത്തിരക്കേറുന്ന വെള്ളിയാഴ്ച നായിഫ് റോഡിലെ ഫുട്ട്പാത്തിലൂടെ നടക്കുമ്പോള്‍ ചുമര് ചാരി നില്‍ക്കുന്നവര്‍ നിങ്ങളെ കൂര്‍പ്പിച്ചു നോക്കുന്നുണ്ടാവും,ആംഗ്യ ഭാഷയില്‍ അവര്‍ നിങ്ങളോട് അന്വേഷിക്കും.ആവശ്യക്കാരാണോ ?.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ മുന്നില്‍ ഫുട്ട്പാത്തില്‍ രാത്രി സമയങ്ങളില്‍ വേശ്യകളെ വഴി തടഞ്ഞിട്ടു നടക്കാന്‍ കഴിയുന്നില്ലെന്ന് നാം പരിഭവിക്കാറുണ്ട്. ഇവിടെ ഏജന്റുമാരെയാണ് വഴി തടയുന്നത്.

അഭിസാരികകളെ ചുറ്റുവട്ടത്തൊന്നും കാണുന്നില്ല. എജന്റുമാരാന് എല്ലാം ചെയ്യുന്നത്.മാദക സൗന്ദര്യവുമായി  നിങ്ങളെ കാത്തു നില്‍ക്കുന്നത് റഷ്യയിലെയും ഫിലിപ്പീന്‍സിലെയും യുവതികളാണെങ്കില്‍ കൂട്ടിക്കൊടുപ്പുകാരില്‍ സിംഹ ഭാഗവും ബംഗാളികളും,മലയാളികളുമാണ്. അവരില്‍ വലിയൊരു ഭാഗവും മുസ്ലിംകളാണ് എന്ന് പറയുമ്പോള്‍ മുഖം ചുളിക്കണ്ട.
വെള്ളിയാഴ്ച ദുബായ് നഗരം പരിചയപ്പെടുത്തുമ്പോള്‍ നൗഷാദ് വിശദീകരിച്ചു.ഇത് ഇവിടെ അറിയപ്പെടുന്ന വേശ്യാലയം. "അങ്ങോട്ട്‌ നോക്കുമ്പോള്‍ സൂക്ഷിക്കണം". വാസ്തവം, എന്‍ട്രന്‍സ് ഡോറിന്റെ പുറം ചാരി നില്‍ക്കുന്നത് അര്‍ദ്ധനഗ്നകളായ വേശ്യകള്‍.

ഞങ്ങളുടെ മുന്നിലൂടെ തലപ്പാവ് ധരിച്ച മദ്ധ്യവയസ്കനായ ഒരറബി മൂന്നു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയുമായി അശേഷം ജാള്യത ഇല്ലാതെ അകത്തേക്ക് പോവുന്നു.അറബിയെ കണ്ട സംശയത്തില്‍ നൗഷാദിനെ ഞാനൊന്ന് കൂടി നോക്കി.അവന്‍ ഉറപ്പിക്കുന്നു വേശ്യാലയം തന്നെ.ഈ കൂത്താട്ടത്തിന് വിശുദ്ധമായ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് എന്തിനാണെന്ന ചിന്ത മനസ്സിനെ അലോസരപ്പെടുത്തുന്നു.

മംഗലാട് ഹൗസ് ദുബായ് / ഗള്‍ഫ് കുറിപ്പുകള്‍ 5


ദുബായ് വിവരണങ്ങള്‍ക്കതീതമായ സിറ്റി. പരിചിതമായ വാക്കുകള്‍ എങ്ങനെ അടുക്കി വെച്ചാലും ദുബായിയെ വിശേഷിപ്പിക്കാനോക്കുമോ ?അബുദാബിയില്‍ നിന്ന് വ്യത്യസ്തമായി ജനത്തിരക്കേറിയ ഈ നഗരം നയനാനന്ദകരമായ കാഴ്ചകള്‍ക്ക് നമ്മെ സാക്ഷിയാക്കും.ജീവല്‍ സന്ധാരണത്തിനായി തലങ്ങും വിലങ്ങും ഓടുന്ന സുഡാനികളും മിസ്രികളും എത്യോപ്പ്യക്കാരും കണ്‍മുന്നില്‍.മരുഭൂമിയില്‍ നാഥന്‍ കനിഞ്ഞരുളിയ പെട്രോള്‍ ഡോളറിന്റെ കാരുണ്യം നുകരാനെത്തിയവര്‍.  


പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സ്വതന്ത്രമായ ചലനങ്ങള്‍. സംഗര വര്‍ഗം സൃഷ്ട്ടിക്കപെടുമോ എന്ന് സംശയിപ്പിക്കുന്ന സാംസ്കാരിക ഇടപെടലുകള്‍.എല്ലാം നമ്മുടെ കണ്‍വെട്ടത്തിലൂടെ ഒലിച്ചു നീങ്ങുന്നു. വെള്ളിയാഴ്ച ദുബായ് സിറ്റി ആളുകളെ കൊണ്ട് വീര്‍പ്പു മുട്ടും. സൈറ്റുകളില്‍ തൊഴിലെടുക്കുന്നവര്‍  അന്ന് സിറ്റിയിലോത്തുകൂടും.ഓരോ ദേശക്കാര്‍ക്ക് ഓരോ സംഗമം. അടുത്തടുത്ത് കാണുന്ന ഓരോ കൂട്ടവും ഓരോ ദേശക്കാരെ പ്രതിനിതീകരിക്കുന്നു.ബംഗാളികളു
ടെ സംഗമത്തിലേക്കു ആശ്ചര്യത്തോടെ നോക്കി നിന്നു.

ഓഹിയോയില്‍ നിന്നു വന്ന ചെറുപ്പക്കാരന്‍ പേപ്പര്‍ വായിക്കുമ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്ന അക്ഷര ജഞാനമില്ലാത്ത കരുത്തവര്‍ഗക്കാരെ വാഷിംഗ്ടണ്‍ പരിചയപ്പെടുത്തുന്നുണ്ട്. പത്താം തരത്തിലെ ഇംഗ്ലീഷ് പുസ്തകത്തിലെ ഒന്നാമത്തെ പാഠം വായിച്ചവര്‍ക്ക് അതോര്‍മയില്‍ തന്നെ ഉണ്ടാവും. അതിന്റെ മറ്റൊരു രൂപമാണ് ഞാനിപ്പോള്‍ കാണുന്നത്. കൂടിയിരിക്കുന്ന ബംഗാളികളുടെ മധ്യത്തിലുള്ള ആളാണ്‌ വായനക്കാരന്‍. വായിച്ചു കേള്‍പ്പിക്കുന്നത് ന്യൂസ് പേപ്പറല്ല പകരം കത്തുകള്‍. നാട്ടില്‍ നിന്നു ഭാര്യയും മക്കളും എഴുതുന്ന കത്തുകള്‍ വായിച്ചു കൊടുക്കുന്ന അയാളെ ചുറ്റുമിരിക്കുന്നവര്‍ ഏറെ ബഹുമാനിക്കുന്നു. ഇടയ്ക്കു ചായയും സിഗരറ്റും വാങ്ങിക്കൊടുത്  ആവശ്യക്കാര്‍ അയാളെ സന്തോഷിപ്പിക്കുന്നു.തൊട്ടടുത് കൂട്ടം കൂടി നിന്നു ഉച്ചത്തില്‍ സംസാരിച്ചു ചിരിക്കുന്നു.ആഫ്രിക്കക്കാരാണെ
ന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് തിരിച്ചറിയാം.

യു.എ.ഇ യുടെ വാണിജ്യാസ്ഥാനം ദുബായ് നഗരിയാണ്‌. മറ്റു എമിറേറ്റുകളിലേക്കും ഭൂഗണ്ടങ്ങള്‍ക്കപ്പുറത്തേക്കും ഇവിടെ നിന്നു ചരക്കുകള്‍ നീക്കപ്പെടുന്നു. കച്ചവടക്കാരാണ് ദുബായിയുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞവര്‍.

ദേരയിലെ നായിഫ് റോഡില്‍ മംഗലാട് ഹൌസിനു സമീപം അഞ്ചും ആറും നിലകളുള്ള ബില്‍ഡിങ്ങുകളാണധികവും. ടൌണിലിറങ്ങി തിരിച്ചു വരുമ്പോഴേക്ക്‌ രണ്ടു നാട്ടുകാരെ കാണാമെന്നതില്‍  സംശയമില്ല.വെള്ളിയാഴ്ച തയ്യില്‍ മാഷിന്റെ റൂം മങ്ങലാടന്‍ പ്രവാസികളുടെ സംഗമ വേദിയാവും.നൗഷാദിന്റെ കരവിരുതില്‍ വിരിയുന്ന ബിരിയാണി തിന്നാന്‍ ചുരുങ്ങിയത് എട്ടു പത്തു പേരെങ്കിലും ഒത്തുകൂടും.  മാഷിന്റെ റൂം മംഗലാട് ഹൗസെന്ന വിളിപ്പേരിലറിയപ്പെടുന്നു. 

അബുദാബി / ഗള്‍ഫ്‌ കുറിപ്പുകള്‍-4


അബുദാബി അതി മനോഹരിയാണ്.അമ്പിളി മാമനെ മുത്തമിടുന്ന കോണ്‍ക്രീറ്റ് സൌധങ്ങള്‍ കൊണ്ട് ഇവള്‍ നാണം മറച്ചിരിക്കുന്നു.രാത്രിയുടെ ആദ്യ പാതിയില്‍ തന്നെ ആകാശത്ത് നക്ഷത്രങ്ങള്‍ വിരിയും.ഒപ്പം ചില്ല് കൊട്ടാരങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചപ്രസരണവും. "വെളിച്ചത്തിനെന്തു വെളിച്ചം" എന്ന ബഷീറിന്റെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു.ചില്ല് ചുവരുകളിലൂടെ ഊര്‍ന്നിറങ്ങുന്ന ലിഫ്റ്റ് ആകാശത്ത് കൊള്ളിയാന്‍ മിന്നുന്നത് പോലെ അനുഭവപ്പെടും.വീതിയേറിയ റോഡിനിരുവശവും പകല്‍ വെളിച്ചത്തെ നാണിപ്പിക്കുന്ന നിയോണ്‍ ലാമ്പിന്റെ പ്രകാശം,പ്രകാശത്തിനു മേല്‍ പ്രകാശം.

കിലോമീറ്റരുകളോളം നീണ്ടു കിടക്കുന്ന കോര്‍ണിഷ് അബുദാബിക്ക് തിലകക്കുറിയായി മാറിയിരിക്കുന്നു.വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ പെപ്സി ബോട്ടിലില്‍ ബ്രാണ്ടിയുമായി വന്നു മരച്ചുവടുകളില്‍ ചിതറി ഇരിക്കുന്ന യുറോപ്യരെ ധാരാളമായി കോര്‍ണീഷില്‍ കാണാം. ഖലീഫ സ്ട്രീറ്റിലും, ഇലക്ട്രയിലും, ഹംദാന്‍ സ്ട്രീറ്റിലും ഇരുപത് നിലയില്‍ കുറഞ്ഞ ബില്‍ഡിങ്ങുകള്‍ അപൂര്‍വമായി മാത്രം,ഈ നഗരത്തിന്റെ ആകര്‍ഷണീയത മുഴുവന്‍ കോണ്‍ക്രീറ്റ് കാടുകളിലും വിസ്താരമുള്ള റോഡുകളിലും മാത്രമായി പര്മിതപ്പെടുന്നു എന്ന് മാത്രം.

തിരക്കേറിയ ഒരു ടൌണ്‍ കാണാന്‍ ഏറെ കൊതിച്ചു. ആളുകളെക്കാള്‍ കൂടുതല്‍ കാറുകളെ കാണുന്ന അബുദാബിയെ ഒരു സ്ലീപിംഗ് ടൌണ്‍ എന്ന് വിളിക്കാം.

അലിയും അസ്മയും / ഗള്‍ഫ്‌ കുറിപ്പുകള്‍-3


പതിവില്‍ കവിഞ്ഞ ഉന്മേശത്തോടെയാണ് ഇന്നെഴുനേറ്റത്.  ഞാനൊരു അക്കൌണ്ടന്റായി ജോലി ചെയ്യാന്‍ പോകുന്നു എന്ന ചിന്ത മനസ്സില്‍ തുടികൊട്ടുന്നു.അധികമാര്‍ക്കും 
കിട്ടാത്ത സൗഭാഗ്യമാണ് പെട്ടെന്ന് തന്നെ ഒരു ജോലി.വന്ന ദിവസം തന്നെ എനിക്ക് ജോലി കിട്ടിയിരിക്കുന്നു.ഫ്യൂച്ചര്‍ ഗള്‍ഫ്‌ ഡവലപ്മെന്‍റ് പ്രൊജക്റ്റ്‌ എന്ന കമ്പനിയില്‍ .പത്തു മണിയോടെ പുതിയ ഓഫീസിലെത്തി മാനേജറെ കണ്ട് പരിജയപ്പെട്ടു. ഒമാനിയാണയാള്‍, അലി റാഷിദി. എനിക്കെന്റെ റൂം കാണിച്ചു തന്നു. രണ്ടു ഷെല്‍ഫുകള്‍ നിറയെ ഫയലുകള്‍, കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, സ്കാനര്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെയുള്ള  റൂം.

അല്പം കഴിഞ്ഞപ്പോള്‍ സെക്രടറി വന്നു. മൊറോക്കോകാരിയായ അസ്മ. ഓഫീസ് ബോയിയായി പാക്കിസ്ഥാനിയായ ജംഷീര്‍.എനിക്ക് ഹിന്ദി അറിയാമെന്നായിരുന്നു അവന്റെ ധാരണ.  അലി റാഷിദും,അസ്മയും,ജംഷീറും പലതും ചോദിക്കാന്‍ തുടങ്ങി. ഞാന്‍ പറയുകയും ചെയ്തു.ഒരു കാര്യമുണ്ടെന്നു മാത്രം അവരെന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാനെന്തു പറയുന്നുവെന്ന് അവര്‍ക്കും തിരിയുന്നില്ല. 

നിങ്ങളുടെ നാവുകള്‍ക്ക് സീല്‍ വെക്കപ്പെടും, കൈകാലുകള്‍ സംസാരിക്കും എന്ന വിശുദ്ധ വാക്യം ഇടക്കിടക്ക് മനസ്സില്‍ തെളിയും. മഹ്ഷരയെ കുറിച്ചുള്ള വിവരണമാണതെങ്കിലും  ഈ ഓഫീസില്‍ എന്റെ നാവിനു സീല്‍ വെക്കപ്പെടുമോ ? എനിക്കറിയാവുന്ന ഇംഗ്ലീഷും മലയാളവും അവര്‍ക്കറിയില്ല. അവരുടെ അറബിയും ഉര്‍ദുവും എനിക്കറിയില്ല. പിന്നെ ആങ്ങ്യ ഭാഷ തന്നെ ശരണം. 

മാനേജര്‍  അലി റാഷിദി  വലിയ നാട്യക്കാരനാണ്.ഇംഗ്ലീഷ് അറിയാവുന്നത് പോലെയാണ് അവന്‍ പെരുമാറുക. എന്ത് പറഞ്ഞാലും അവന്‍ തിരിച്ചു പറയും ഓ.കെ എന്ന്. ചിരിച്ചു കൊണ്ടെന്തെങ്കിലും പറഞ്ഞാല്‍ അവന്‍ താങ്ക്യു എന്ന് പറയും. പാവം.സാധാരണ ഒരു കഥ പറയാറുണ്ട് ഇംഗ്ലീഷ് അക്ഷരം പോലും അറിയാത്തവര്‍ ഇംഗ്ലീഷ് പറഞ്ഞ കഥ.നഷ്ടപ്പെട്ട സാധനം തിരയുന്ന പോലീസുകാരന്‍ "എടാ നിനക്ക് കിട്ടിയോ?" എന്ന് ചോദിച്ചപ്പോള്‍ Yes. എന്നാലതിങ്ങു താ, No.  .ദേഷ്യം പിടിച്ച പോലീസുകാരന്‍ രണ്ടടി മുഖത്ത് കൊടുത്തപ്പോള്‍ കക്ഷി പറഞ്ഞത്  Thank You എന്നായിരുന്നു. എന്നാലും ഞാന്‍ പോലീസുകാരനോട്‌ ഇംഗ്ലീഷ് പറഞ്ഞല്ലോ എന്നാ സന്തോഷത്തോടെ അയാള്‍ നടന്നു.

അസ്മ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട മുസ്ലിം ലോകത്തിന്റെ പ്രധിനിതിയാണ്. അര്‍ദ്ധ നഗ്നമായ വസ്ത്ര ധാരണം.മുസ്ലിമാണെന്ന് തിരിച്ചറിയാന്‍ അവളുടെ പേര് മാത്രമേ നമ്മെ സഹായിക്കു.മാര്‍ക്കറ്റില്‍ കിട്ടുന്ന സര്‍വ കോസ്മറ്റിക്സുകളും അവള്‍ വാങ്ങി ഉപയോഗിക്കും.മാന്യമായി വസ്ത്രം ധരിച്ചു കൂടെ എന്ന ചോദ്യത്തിന് അവള്‍ക്ക് കൃത്യമായ ഒരുത്തരമുണ്ട്. കല്യാണം കഴിഞ്ഞതിനു ശേഷം ഹിജാബ് ധരിക്കും.പക്ഷെ അവളുടെ മനസ്സിലുമുണ്ട് ഇസ്ലാമിക് സ്പിരിറ്റ്. ഓഫീസില്‍ ഇടക്ക് വരുന്ന സിക്കുകാരനെ അവള്‍ ഇസ്ലാമിലേക്ക് ക്ഷണിക്കും."ഞാന്‍ കള്ളു കുടിക്കുന്നോം ശീട്ട് കളിക്കുന്നോം നിങ്ങള്‍ നോക്കണ്ട.പള്ളിയുടെ ഓടൊന്നു പോലിയണം എന്റെ ഈമാന്റെ ശക്തി തിരിയാന്‍" എന്ന വാക്ക് ഓര്‍ത്തു പോകുന്നു.ഞങ്ങളൊരു കരാറിലെത്തിയിട്ടുണ്ട്. ജംഷീറും അസ്മയും എന്നെ അറബി പഠിപ്പിക്കും.ഞാനവരെ ഇംഗ്ലീഷും.    

Saturday, 11 August 2012

സ്വപ്ന ഭൂമി/ഗള്‍ഫ് കുറിപ്പുകള്‍ 2

എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ പാര്‍ക്കിംഗ് വരെ നടക്കുമ്പോഴേക്ക് ഗള്‍ഫ് ചൂടിന്‍റെ നിറവും മണവും നന്നായി അനുഭവപ്പെട്ടു.ചൂടിന്‍റെ കാഠിന്യം പറഞ്ഞു കൂട്ടുകാര്‍ ഏറെ പേടിപ്പിച്ചിരുന്നു.മാനസികമായി 
തയ്യാറെടുത്തതിനാല്‍   എന്ന പഴമൊഴി അര്‍ത്ഥവത്താനെന്നു തോന്നി. വിമാനത്താവളം മുതല്‍ അബുദാബി പട്ടണം വരെ അതിസ്പീഡിലുള്ള യാത്ര.   നൂറ്റി നാല്‍പ്പത് സ്പീഡിലാണ് കാറോടുന്നത്  കുണ്ടും കുഴിയുമില്ലാത്ത 
വീതിയേറിയ റോഡ്‌. റോഡിനിരുവശവും പച്ചപ്പ്‌ വിരിക്കാന്‍ ഇവര്‍ ഏറെ ഉത്സാഹിക്കുന്നു. ഈത്തപ്പന മരങ്ങളും ചെറു ചെടികളും നനച്ചു വളര്‍ത്തുന്നു. സൈഡ് ഗ്ലാസിലൂടെ പുറത്തേക്കു കണ്ണോടിക്കുമ്പോള്‍ ബഷീര്‍ക്ക കുടുംബ വിശേഷങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി.ഓരോന്നും പറഞ്ഞതിന് ശേഷം എയര്‍പോര്‍ട്ടിലെ മനം മടുപ്പിച്ച  അനുഭവവും വിശദീകരിച്ചു.  എമിഗ്രേഷന്‍ ക്ലിയറന്‍സിനു വേണ്ടി ക്യൂ നില്‍ക്കുകയായിരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ ഉദ്യോഗസ്ഥനായ അറബി ചേംബറില്‍ നിന്ന് എഴുന്നേറ്റ് പോയി. ഏറെ നേരത്തിനു ശേഷം തിരിച്ചു വന്ന അയാള്‍ ഒരു മള്‍ബറോ സിഗരറ്റിനു തീ കൊളുത്തി വര്‍ക്ക് സ്റ്റേഷന് പുറത്ത് തന്നെ നില്‍ക്കുന്നു.സിഗരറ്റ് പകുതിയായപ്പോള്‍ തന്റെ സീറ്റിലേക്ക് വന്ന ആള്‍ പിന്നെ എന്തോ കാര്യമായി ആലോചിച്ചിരിക്കുന്നു.സിഗരറ്റ് വലിച്ചു കഴിഞ്ഞിട്ടും വിളിക്കുന്ന ലക്ഷണമൊന്നുമില്ല. ഒരു നിമിഷം ഓര്‍ത്ത്‌ പോയി ഇത് കേരളത്തിലാണെങ്കില്‍! 

എന്റെ വിവരണത്തിന് ബ്രേക്കിട്ടു കൊണ്ട് ബഷീര്‍ക്കയുടെ മൊബൈലില്‍ മ്യൂസിക്. ശറഫിന്റടുത്ത് കൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ എനിക്ക് കൈമാറി.മറുതലക്കല്‍ നൗഷാദാണ്. ആദ്യം തന്നെ അവനറിയേണ്ടത് ഞാനെപ്പോള്‍ ദുബായിലെത്തുമെന്നാണ്. അടുത്ത ആഴ്ച കാണാം ഇന്‍ഷാ-അല്ലാഹ്.

ജുമുഅ നിസ്കാരം റൂമിനടുത്തുള്ള പള്ളിയില്‍ വെച്ചായിരുന്നു. സ്ഫുടമായ അറബിയില്‍ ഇമാമിന്റെ ഉല്‍ബോധനം.ഭരണകൂടം ഇമാമിന്റെ ഖുതുബയില്‍ പോലും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു. ഔഖാഫില്‍ നിന്നെഴുതിക്കൊടുക്കുന്ന പ്രസംഗം വായിക്കാന്‍ മാത്രമേ അവര്‍ക്കവകാശമുള്ളൂ . ഇമാം വരുന്നത് തന്നെ ഒരു വാക്ക് മാന്‍ സെറ്റുമായാണ് .അന്നന്നത്തെ ഖുതുബ റെക്കോര്ഡ് ചെയ്യണം. കേസറ്റ് ഔഖാഫില്‍ സമര്‍പ്പിക്കണം.

വൈകുന്നേരം അബുദാബി സുന്നി സ്റ്റുഡന്റസ് സെന്റര്‍ ഓഫീസില്‍ പോയി.നാട്ടിലെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക അസ്ഥിവാരം പണിതു കൊടുത്തവര്‍. സത്യധാരയിലൂടെ പലപ്പോഴും കേട്ട് പരിചയിച്ച പേരുകളുടെ ഉടമസ്ഥര്‍ മുന്നിലിരിക്കുന്നു.അമ്പതു പേരോളമുണ്ട് യോഗത്തിന്. കാര്യമായ ചര്‍ച്ച നടക്കുന്നു. ഹജ്ജ് ഗ്രൂപ്പിനെ കുറിച്ചാണ് ചര്‍ച്ച ചൂട് പിടിക്കുന്നത്‌. നേതാക്കന്മാരെയൊക്കെ പരിചയപ്പെട്ടു പുറത്തിറങ്ങുമ്പോള്‍ തലേന്ന് ഉപ്പ കൈ പിടിച്ചു ചെയ്ത ഉപദേശങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി.
യാത്രയയപ്പിന് വന്നവരൊക്കെ പിരിയാന്‍ തുടങ്ങിയ ഒരു നേരത്ത് വീടിന്റെ ഒരു മൂലയില്‍ വിളിച്ചിരുത്തി ഉപ്പ പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു. "നിഷിദ്ധമായ ഒരണ പോലും നാട്ടിലയക്കരുത്.എന്നെ കൊണ്ട് ഹറാം തിന്നിക്കരുത്. രണ്ടാമത്തെ കാര്യം സമസ്തയില്‍ നിന്ന് മാറി ചിന്തിക്കരുത്.അങ്ങനെ ആശയ വ്യതിയാനം തോന്നുന്ന പക്ഷം ഞാനുമായി ബന്ധപ്പെടണം" സൂക്ഷിക്കണം ഈ വാക്കുകള്‍.ഇന്‍ഷാ-അല്ലാഹ്.

Friday, 10 August 2012

മൗന നൊമ്പരം/ഗള്‍ഫ് കുറിപ്പുകള്‍ 1

ജീവിത യാത്രയില്‍ ഞാനൊരു പ്രവാസിയായി മാറണം എന്ന തലവിധി സ്വീകരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. പുലര്‍ച്ചെ രണ്ട്‌ മണിയോടെ മംഗലാടിന്റെ മനോഹാരിതയോട് സലാം പറയുകയായി.വിസിറ്റ് വിസയിലാണ് യാത്ര. അത്കൊണ്ട് തന്നെ അധികമാരോടും പറഞ്ഞിരുന്നില്ല. പക്ഷെ പറഞ്ഞവരേക്കാള്‍ കൂടുതല്‍ പറയാത്തവരും
വീട്ടിലെത്തി.അതിരാവിലെ തന്നെ കൂട്ടുകാരും കുടുംബക്കാരും വരാന്‍ തുടങ്ങി. വൈകുന്നേരം മദ്രസയിലെ കൊച്ചു കുട്ടികളും വന്നു. അഞ്ചാം തരത്തില്‍ എന്റെ മുന്നിലിരിക്കുന്ന അവര്‍ ഇരുപത് പേരും ഒന്നിച്ച് വരികയായിരുന്നു. സാജിദയാണ് നയിക്കുന്നത്. മണല്‍ ചൂടിലേക്ക് ഒഴുകി വരുന്ന കുളിര്‍ക്കാറ്റു പോലെ വെന്തുരുകുന്ന ഹൃദയത്തിലേക്ക് മന്ദമാരുതനായി അവര്‍ ഒഴുകി വന്നു.മനസ്സിന്റെ ഉള്ളില്‍ കുളിര്‍ ചൊരിഞ്ഞ ഈ അനുഭവം ഒരു നിര്‍വൃതിയോടെ എന്നും ഓര്‍ത്തിരിക്കാം.

മംഗലാട് മദ്രസയിലെ എട്ട് മാസം അനുഭവ സമ്പന്നമായിരുന്നു. മറക്കാന്‍ പാടില്ലാത്ത ഒത്തിരി അനുഭവ പാഠങ്ങള്‍. നല്ല ഒരു സാഹിത്യ സമാജം രണ്ടാഴ്ചയിലൊരിക്കല്‍ തുടര്‍ച്ചയായി നടത്താന്‍ കഴിഞ്ഞു. നബി ദിനം വന്നെത്തിയപ്പോള്‍ പതിനഞ്ച് ദിവസത്തോളം ക്ലാസെടുക്കാതെ പരിപാടികള്‍ പഠിപ്പിച്ചു. പൂര്‍വ വര്‍ഷങ്ങളില്‍ നിന്നു വിഭിന്നമായി നബിദിനാഘോഷം പൊടി പൊടിച്ചു . അജ്നാസും, ഹിശാമും, അല്‍താഫും, ശറഫുവും സദസ്സിനെ കയ്യിലെടുത്തു എന്ന് പറയാം.

"ഉസ്താത് വരാനല്ലേ പറഞ്ഞത്. ഞങ്ങള്‍ വന്നു ഇനി പോവ്വ്വാ". ശാനിബ വര്‍ത്തമാനത്തിനു തിരി കൊളുത്തി. "ഉസ്താതെ ഇന്നുച്ചക്ക് സ്കൂളില്‍ പോവാതെയാ ഇവിടെ വന്നത്." കുളങ്ങരത്ത് സ്കൂളില്‍ പഠിക്കുന്ന ജുബിനാസാനു പറയുന്നത്. ഓരോരുത്തര്‍ക്കും പല വിശേഷങ്ങളും പറയാനുണ്ട്. "ഉസ്താതെ സമാജം ഇനി നടക്കുമോ ?" അന്സബിനാണ് സംശയം. കുട്ടികളുമായി പിരിയുമ്പോള്‍ വല്ലാത്ത പ്രയാസം. ഉസ്താദിന് വേണ്ടി പ്രാര്‍ത്തിക്കണമെന്ന് പറഞ്ഞപ്പോള്‍ അവരോന്നായി പറഞ്ഞത് "ഒറപ്പാ പ്രാര്‍ഥിക്കും, ഉസ്താദ് വന്നിട്ട് ആറാം ക്ലാസില്‍ ഞങ്ങളെ പഠിപ്പിക്കാന്‍. മദ്രസാധ്യാപക ജീവിതത്തിനുള്ള ഏറ്റവും വലിയ അംഗീകാരം.

രാത്രിയായപ്പോള്‍ ആളുകള്‍ ഒരുപാട് വന്നു. നേരം കഴിയുന്തോറും എന്റെ സമയം അടുത്ത് വരുന്നു. രണ്ടരയോടെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഹമീദ്, എ.കെ ,സഹദ്, മുഹമ്മദ്‌, ഹിദാസ്‌, മുഹമ്മദലി എന്നിവര്‍ എയര്‍പോര്‍ട്ട് വരെ കൂടെ ഉണ്ട്. വീട്ടില്‍ നിന്നിരങ്ങുംബോഴെക്ക് ആകാശം മഴ പെയ്യിച്ച്‌ പ്രധിഷേധിക്കുകയായിരുന്നോ ? ശക്തമായ മഴയില്‍ ജീപ്പിന്റെ ഹെഡ് ലൈറ്റ് അധിക ദൂരത്തൊന്നും പ്രകാശം പരത്തുന്നില്ല. മദ്രസയും പള്ളിയും ചുറ്റുപാടും വെളിച്ചത്തില്‍ കാണുമ്പോള്‍ മനസ്സിന്റെ അകത്തളത്തില്‍ വികാര വിസ്ഫോടനമായിരുന്നു.നബിദിനവും, വ അളും രാഷ്ട്രീയ പ്രവര്‍ത്തനവും ഓരോന്നായി ഹൃദയത്തെ മുറിപ്പെടുത്തുന്നു. ശക്തമായ മഴയില്‍ ശരീരം തനുക്കുന്നുവെങ്കിലും മനസ്സില്‍ ചുട്ടുപൊള്ളുന്ന കനലുകലാണ് ഓരോ നിമിഷവും അധികരിച്ച് വരുന്നത്. 

അവസാനം ആ സമയവും വന്നു. കൂടെയുള്ളവരോടൊക്കെ പിരിയേണ്ട സമയം.കൂട്ടുകാരോടൊക്കെ കൈ കൊടുത്തു പിരിഞ്ഞു, ഹമീദിനോടും. അറിയാതെ കണ്ണുനീരോഴുകി. ജീവിതത്തില്‍ നിന്നു വസന്തം പടിയിരങ്ങുകയോ ? ഉപ്പാന്റെ കരങ്ങളില്‍ മുത്തമിട്ട്‌ മുന്നോട്ടു നടന്നു. ഈ കരങ്ങളുയര്‍ത്തി വാത്സല്ല്യനിധിയായ പിതാവ് ഇനിയുള്ള നാളുകളില്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കും. അതോക്കുമ്പോള്‍ ഒരു സമാധാനം. ആ പ്രാര്‍ഥനകള്‍ മാത്രം മതി, മണല്‍ ചൂടില്‍ എനിക്ക് ശക്തി പകരാന്‍.7.30 ഓടെ പ്ലെയിനിനുള്ളില്‍ കേറി. വിഹായസ്സിന്റെ വിരിമാറില്‍ മേഘക്കൂട്ടങ്ങളെ പിളര്‍ത്തി എയര്‍ ഇന്ത്യയുടെ മനോഹരിയായ വിമാനം പരന്നുയരുമ്പോഴും എന്‍റെ ചിന്ത പിറകോട്ടു തന്നെയായിരുന്നു.

ട്യൂഷനും,മനീഷയും,അക്ഷയയും,മദ്രസയും, താഴെ അങ്ങാടി പള്ളിയും മനസ്സില്‍ തന്നെ നില്‍ക്കുന്നു. എത്ര ശ്രമിച്ചിട്ടും പുറത്തിറങ്ങുന്നില്ല. ഉയരങ്ങള്‍ പിന്ന്നിടുമ്പോള്‍ ഓരോരുത്തരായി മനസ്സിന്റെ വാതിലില്‍ പിന്നെയും മുട്ടാന്‍ തുടങ്ങി. സ്മ്രിതിയുടെ അറക ളോരോന്നായി കൊട്ടിയടക്കാന്‍ ശ്രമിക്കുമ്പോഴും മറ്റൊന്ന് താനേ തുറന്നു വരുന്നു. 
ഓര്‍മകളുടെ വേലിയേറ്റത്തിനിടയില്‍ ഹൃദയം വിങ്ങിയപ്പോള്‍ കണ്ണ് നീരായി അത് പുറത്തേക്കു വന്നു. ഓര്‍മകളില്‍ നിന്നു കിനാവുകളിലേക്ക് സഞ്ചരിച്ച് മനസ്സിനെ സ്വാന്തനപ്പെടുത്താന്‍ പലവുരു ശ്രമിച്ചു നോക്കി. അനുസ്യൂതമായ ആ പ്രവാഹത്തെ തടയാനുള്ള ശ്രമങ്ങളൊക്കെ വിഫലമായിരുന്നു. ബെല്‍ ട്ടണിയാനുള്ള നിര്‍ദ്ദേശം ശ്രവിച്ചപ്പോള്‍ സൈഡ് ഗ്ലാസിനു പുറത്ത് വളരെ ആഴത്തില്‍ ചെറിയ പെട്ടികള്‍ പോലെ ബില്‍ഡിങ്ങ് കൂട്ടങ്ങള്‍.

അബുദാബി പട്ടണത്തിന്റെ ആകാശ വീക്ഷണം അതി മനോഹരം തന്നെ. മരുഭൂമികള്‍ക്കിടയില്‍ നൂലിഴ പോലെ റോഡു കൂട്ടങ്ങള്‍. അധിക നേരം പുറത്തേക്കു ശ്രദ്ധിക്കാനായില്ല. പതിനൊന്നു മണിയോടെ അബുദാബിയുടെ മാറിടത്തില്‍ പ്ലെയിനിറങ്ങി. എയര്‍പോര്‍ട്ടില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ബഷീര്‍ക്ക കാത്തു നില്‍ക്കുന്നു.