ഓര്‍ക്കാട്ടെരിയിലെ മുസ്ലിം ലീഗ് നേതാവും ഖത്തറിലെ വര്‍ത്തക പ്രമുഖനുമായ മാന്യദേഹമാണ് കുഞ്ഞനന്തന് വിസ ശരിപ്പെടുത്തിയത്. മുസ്ലിം ലീഗ് നേതാവ് എന്തിനാ കുഞ്ഞനന്തനെ ഒളിപ്പിക്കുന്നത് എന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട..അതിനും കൂടി കൃത്യമായ മറുപടി റിപ്പോര്‍ട്ടില്‍ തന്നെ ഉണ്ട്.മുസ്‌ലിം ലീഗ് നേതാക്കളില്‍ പ്രമുഖന്റെ ആവശ്യപ്രകാരമാണ് പ്രാദേശിക നേതാവ് കുഞ്ഞനന്തന് ഖത്തറിലേക്ക് വഴി ഒരുക്കിയത്.ബാക്കി വായനക്കാര്‍ ഊഹിക്കണം.ഐസ് ക്രീം കേസില്‍ സഹായിച്ചതിന് പ്രത്യുപകാരമായി ലീഗ് നേതാവിന്റെ സമ്മാനം. റിപ്പോര്‍ട്ടര്‍ ഉദ്ദേശിച്ചത് നേരിട്ട് പറയുകയാണെങ്കില്‍ "കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം വടകര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പാറക്കല്‍ അബ്ദുള്ള കുഞ്ഞനന്തനെ ഖത്തറിലേക്ക് കടത്തി".
റിപ്പോര്‍ട്ട് വന്നു മാസം ഒന്ന് തികയുന്നതിനു മുന്നേ കുഞ്ഞനന്തന്‍ വടകര കോടതിക്ക് മുന്നില്‍ കീഴടങ്ങി തിരുവഞ്ചൂര്‍ സേനയുടെ മുന്നിലിരുന്നു കാര്യങ്ങളൊക്കെ മണി മണി പോലെ പറഞ്ഞപ്പോള്‍ ഖത്തറില്‍ പോയതും പറയുമെന്നാ ഞാന്‍ കരുതിയത്. പൂര്‍ണ ഹിജാബില്‍ ഹൂറുല്‍-ഈന്‍ പര്‍ദയണിഞ്ഞ് പോയിലൂരില്‍ ഇറങ്ങിയതും പുതിയങ്ങാടി ഉറങ്ങിയതും ജില്ല കമ്മറ്റിയുടെ വണ്ടിയില്‍ ബാന്‍ഗ്ലുരിലേക്ക് സവാരി പോയതുമൊക്കെ പറഞ്ഞപ്പോഴും ഖത്തറില്‍ പോയത് മാത്രം സഖാവ് മിണ്ടിയില്ല.
ജനപക്ഷത്തിനെതിരാണ് കുഞ്ഞാലിക്
കുട്ടിയുടെ പക്ഷം എന്ന് ദ്യോദിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ഒരു തുടര്‍ക്കഥയാണ്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് നാം കൊതിക്കുന്ന നടപടികള്‍ക്ക് വിരുദ്ധമായി എന്ത് വരുമ്പോഴും അവിടെ കുഞ്ഞാലിക്കുട്ടിയുടെ അദൃശ്യ കരങ്ങളുടെ സാന്നിധ്യം മണത്തു നോക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് എന്നും ഉത്സാഹമാണ്.ഉദാഹരണങ്ങള്‍ നിരത്താന്‍ പേജുകള്‍ മതിയാവില്ലെന്നറിയാമെങ്കിലും ഒന്ന് രണ്ടെണ്ണം കുറിക്കട്ടെ. .
"ടി.പി. വധം: അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദം" എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ വന്ന "അന്വേഷണാത്മക" റിപ്പോര്‍ട്ട് വായിച്ച ലീഗുകാരൊക്കെ സ്വയം ശപിച്ചിട്ടുണ്ടാവും. ലീഗായതിന്റെ പേരില്‍ തല ഉയര്‍ത്തി നടക്കാനാവുന്നില്ലല്ലോ റബ്ബേ ? എന്ന ചോദ്യം മനസ്സില്‍ ഒന്നമര്‍ത്തി ചോദിച്ചിട്ടുണ്ടാവും.മാധ്യമത്തി
ന്റെ കണ്ടു പിടുത്തം ഇങ്ങനെയായിരുന്നു."കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ശക്തം... സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാഗേഷ് എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ അന്വേഷണ സംഘത്തിനുമേല്‍ കനത്ത സമ്മര്‍ദം ഉണ്ടായതായാണ് സൂചന. ..യു.ഡി.എഫ് ഘടകകക്ഷിയിലെ പ്രമുഖന്‍ മുഖേനയാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മേല്‍ സമ്മര്‍ദം ഉണ്ടായതെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി ഏറക്കുറെ വഴങ്ങിയെങ്കിലും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിന് ആദ്യം തയാറായില്ലത്രെ.അന്വേഷണം സി.പി.എമ്മിലെ മറ്റ് ജില്ലാ-സംസ്ഥാന നേതാക്കളിലേക്ക് നീങ്ങിയാല്‍ സംസ്ഥാനത്ത് വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് ബന്ധപ്പെട്ടവര്‍ ധരിപ്പിച്ചതോടെയാണ് ആഭ്യന്തരമന്ത്രി മനസ്സില്ലാമനസ്സോടെ വഴങ്ങിയതെന്നും പറയുന്നു".
വാര്‍ത്ത വായിച്ചു കഴിയുമ്പോള്‍ തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും വായനക്കാരന് നിരപരാധികളും കുഞ്ഞാലിക്കുട്ടി അപരാധിയുമായി മാറുന്നു. "പഴയ കേസ്" തേച്ചു മാച്ചു കളഞ്ഞതിന് കുഞ്ഞാലിക്കുട്ടിയുടെ കോംപ്രമൈസ് പൊളിറ്റിക്സ് എന്ന് ശാപം ചൊരിയുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശ്രീ.പ്രണബ് മുഖര്‍ജിക്ക് തങ്ങളുടെ കൈവശമുള്ള 4.7 ശതമാനം വോട്ടു പതിച്ചു നല്‍കാന്‍ പോളിറ്റ് ബ്യുറോ തീരുമാനിച്ചതിന്റെ തൊട്ടു പിറ്റേദിവസമായിട്ടും സാധ്യത ആ വഴിക്കുമുണ്ടാകാം എന്ന് പറയാനുള്ള മാന്യത മാധ്യമം കാണിച്ചില്ല. വാര്‍ത്തയില്‍ കുഞ്ഞാലിക്കുട്ടി
ക്ക് സ്പേസ് കാണുമ്പോള്‍ പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കേണ്ട.വിട്ടോട രാമന്‍കുട്ടീ എന്ന് മറ്റാരോ വിളിച്ചു പറയും പിന്നാമ്പുറത്ത് നിന്ന്.
അധികാരത്തിന്റെ പ്രതാപമില്ലാത്ത സമയത്തും വാര്‍ത്തകള്‍ കുഞ്ഞാലിക്കുട്ടിയിലേക്ക് ചുരുങ്ങുന്നത് രസകരമായി വായിക്കാം ചിലപ്പോള്‍. പഴയ നക്സലെറ്റും അന്വേഷി പ്രസിഡന്റുമായ കെ.അജിതയുടെ ഭര്‍ത്താവ് യാഖൂബിനെ സ്പിരിട്ട് കടത്ത് കേസില്‍ കോടിയേരിയുടെ പോലീസ് ജയിലിലടച്ചപ്പോള്‍ സംശയത്തിന്റെ മുന കുഞ്ഞാലിക്കുട്ടിക്ക് നേരെ തിരിച്ചു വിടാന്‍ അജിത ശ്രമിച്ചിരുന്നു.ആ ശ്രമത്തിനു പൂര്‍ണ പിന്തുണയുമായി മാധ്യമങ്ങള്‍ യാഖുബിനെ വിശുദ്ധനായി വാഴ്ത്തുന്നതാണ് പിന്നെ നാം കണ്ടത്.മലബാര്‍ സിമന്റിന്റെ ട്രാന്‍സ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ലഭിക്കുന്ന ഗ്രീന്‍ ചാനല്‍ ഫെസിലിറ്റി ദുരുപയോഗം ചെയ്തു വര്‍ഷങ്ങളായി സ്പിരിട്ട് മാഫിയയെ സഹായിക്കുന്ന യാഖൂബിനെ നിരപരാധിയാക്കാന്‍ മാധ്യമങ്ങള്‍ക്ക് യാതൊരു ഉളുപ്പില്ലാതായത് കുഞ്ഞാലിക്കുട്ടിയുടെ അക്കൌണ്ടിലേക്ക് വരവ് വെക്കാന്‍ എളുപ്പമാണ് എന്ന ധാരണയുടെ അടിത്തറയിലാണ്.വിശദമായ അന്വേഷണത്തിനൊടുവില്‍
സ്പിരിട്ട് മാഫിയക്ക് കൈമാറി കള്ളക്കടത്തിന് കൂട്ട് നിന്നു എന്നാണു പാലക്കാട് എ.എസ്.പി യായിരുന്ന നരേഷ് കുമാര്‍ ഗുപ്ത അന്ന് പറഞ്ഞത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി ആസൂത്രണം ചെയ്ത ഒരു പ്രതികാര നടപടിയായി കാണാനാണ് മലയാള മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. 2008നു മുന്നേ അഞ്ചു വര്ഷം യു.ഡി.എഫ് ഭരിച്ചപ്പോള്‍ വളരെ കൂളായി എടുക്കാമായിരുന്ന പ്രതികാര നടപടി ഇത്ര റിസ്ക്കെടുത്ത് എന്തിനു എല്‍.ഡി.എഫ് ഭരണ കാലത്ത് എടുക്കണം എന്ന് ചിന്തിക്കാന്‍ പോലും മിനക്കെട്ടില്ല. മാഫിയ ബന്ധങ്ങളുള്ള പ്രതിയെ പോലും കുഞ്ഞാലിക്കുട്ടിയുടെ അക്കൌണ്ടിലാക്കി മോചിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല.
ജയരാജനെ അറസ്റ്റു ചെയ്തു ജയിലിലടച്ചപ്പോള്‍ എന്റെ ഒരു ഫെയിസ് ബുക്ക് ഫ്രണ്ട് സ്റ്റാറ്റസ് ആപ്ടെറ്റ് ചെയ്തത് "സി.ബി.ഐ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒത്തു കളിയാവുമോ ഈ അറസ്റ്റു. കുഞ്ഞാലിക്കുട്ടിയും കണ്ണൂര്‍ ലോഭിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ മറവിലെ ഒരു കോംപ്രമൈസ് അറസ്റ്റാവാന്‍ സാധ്യത ഉണ്ട്". ഇങ്ങനെ സംശയത്തിന്റെ കുന്ത മുന സദാ സമയവും കുഞ്ഞാലിക്കുട്ടിക്ക് നേരെ തിരിച്ച് വെച്ച് ഉറങ്ങാന്‍ പോകുന്ന പുതിയ മലയാളിയുടെ സുഖക്കേട് എത്രയും വേഗം ചികിത്സിച്ച് മാറ്റേണ്ടതുണ്ട്.