Wednesday, 15 August 2012

മംഗലാട് ഹൗസ് ദുബായ് / ഗള്‍ഫ് കുറിപ്പുകള്‍ 5


ദുബായ് വിവരണങ്ങള്‍ക്കതീതമായ സിറ്റി. പരിചിതമായ വാക്കുകള്‍ എങ്ങനെ അടുക്കി വെച്ചാലും ദുബായിയെ വിശേഷിപ്പിക്കാനോക്കുമോ ?അബുദാബിയില്‍ നിന്ന് വ്യത്യസ്തമായി ജനത്തിരക്കേറിയ ഈ നഗരം നയനാനന്ദകരമായ കാഴ്ചകള്‍ക്ക് നമ്മെ സാക്ഷിയാക്കും.ജീവല്‍ സന്ധാരണത്തിനായി തലങ്ങും വിലങ്ങും ഓടുന്ന സുഡാനികളും മിസ്രികളും എത്യോപ്പ്യക്കാരും കണ്‍മുന്നില്‍.മരുഭൂമിയില്‍ നാഥന്‍ കനിഞ്ഞരുളിയ പെട്രോള്‍ ഡോളറിന്റെ കാരുണ്യം നുകരാനെത്തിയവര്‍.  


പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സ്വതന്ത്രമായ ചലനങ്ങള്‍. സംഗര വര്‍ഗം സൃഷ്ട്ടിക്കപെടുമോ എന്ന് സംശയിപ്പിക്കുന്ന സാംസ്കാരിക ഇടപെടലുകള്‍.എല്ലാം നമ്മുടെ കണ്‍വെട്ടത്തിലൂടെ ഒലിച്ചു നീങ്ങുന്നു. വെള്ളിയാഴ്ച ദുബായ് സിറ്റി ആളുകളെ കൊണ്ട് വീര്‍പ്പു മുട്ടും. സൈറ്റുകളില്‍ തൊഴിലെടുക്കുന്നവര്‍  അന്ന് സിറ്റിയിലോത്തുകൂടും.ഓരോ ദേശക്കാര്‍ക്ക് ഓരോ സംഗമം. അടുത്തടുത്ത് കാണുന്ന ഓരോ കൂട്ടവും ഓരോ ദേശക്കാരെ പ്രതിനിതീകരിക്കുന്നു.ബംഗാളികളു
ടെ സംഗമത്തിലേക്കു ആശ്ചര്യത്തോടെ നോക്കി നിന്നു.

ഓഹിയോയില്‍ നിന്നു വന്ന ചെറുപ്പക്കാരന്‍ പേപ്പര്‍ വായിക്കുമ്പോള്‍ ചുറ്റും കൂടി നില്‍ക്കുന്ന അക്ഷര ജഞാനമില്ലാത്ത കരുത്തവര്‍ഗക്കാരെ വാഷിംഗ്ടണ്‍ പരിചയപ്പെടുത്തുന്നുണ്ട്. പത്താം തരത്തിലെ ഇംഗ്ലീഷ് പുസ്തകത്തിലെ ഒന്നാമത്തെ പാഠം വായിച്ചവര്‍ക്ക് അതോര്‍മയില്‍ തന്നെ ഉണ്ടാവും. അതിന്റെ മറ്റൊരു രൂപമാണ് ഞാനിപ്പോള്‍ കാണുന്നത്. കൂടിയിരിക്കുന്ന ബംഗാളികളുടെ മധ്യത്തിലുള്ള ആളാണ്‌ വായനക്കാരന്‍. വായിച്ചു കേള്‍പ്പിക്കുന്നത് ന്യൂസ് പേപ്പറല്ല പകരം കത്തുകള്‍. നാട്ടില്‍ നിന്നു ഭാര്യയും മക്കളും എഴുതുന്ന കത്തുകള്‍ വായിച്ചു കൊടുക്കുന്ന അയാളെ ചുറ്റുമിരിക്കുന്നവര്‍ ഏറെ ബഹുമാനിക്കുന്നു. ഇടയ്ക്കു ചായയും സിഗരറ്റും വാങ്ങിക്കൊടുത്  ആവശ്യക്കാര്‍ അയാളെ സന്തോഷിപ്പിക്കുന്നു.തൊട്ടടുത് കൂട്ടം കൂടി നിന്നു ഉച്ചത്തില്‍ സംസാരിച്ചു ചിരിക്കുന്നു.ആഫ്രിക്കക്കാരാണെ
ന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് തിരിച്ചറിയാം.

യു.എ.ഇ യുടെ വാണിജ്യാസ്ഥാനം ദുബായ് നഗരിയാണ്‌. മറ്റു എമിറേറ്റുകളിലേക്കും ഭൂഗണ്ടങ്ങള്‍ക്കപ്പുറത്തേക്കും ഇവിടെ നിന്നു ചരക്കുകള്‍ നീക്കപ്പെടുന്നു. കച്ചവടക്കാരാണ് ദുബായിയുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞവര്‍.

ദേരയിലെ നായിഫ് റോഡില്‍ മംഗലാട് ഹൌസിനു സമീപം അഞ്ചും ആറും നിലകളുള്ള ബില്‍ഡിങ്ങുകളാണധികവും. ടൌണിലിറങ്ങി തിരിച്ചു വരുമ്പോഴേക്ക്‌ രണ്ടു നാട്ടുകാരെ കാണാമെന്നതില്‍  സംശയമില്ല.വെള്ളിയാഴ്ച തയ്യില്‍ മാഷിന്റെ റൂം മങ്ങലാടന്‍ പ്രവാസികളുടെ സംഗമ വേദിയാവും.നൗഷാദിന്റെ കരവിരുതില്‍ വിരിയുന്ന ബിരിയാണി തിന്നാന്‍ ചുരുങ്ങിയത് എട്ടു പത്തു പേരെങ്കിലും ഒത്തുകൂടും.  മാഷിന്റെ റൂം മംഗലാട് ഹൗസെന്ന വിളിപ്പേരിലറിയപ്പെടുന്നു. 

1 comment:

  1. മംഗലാട് ഹൗസിനെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ടൈപ്പ് ചെയ്തു തീര്‍ക്കാന്‍ ഈ പേജോ ഈ കമ്മന്റ് കോളമോ മതിയാകില്ല,യു എ ഇ യിലെ മങ്ങലാട്ടെയും സമീപ പ്രദേശങ്ങളിലെയും പ്രവാസികള്‍ക്ക് ഒരു ആശ്രയകേന്ദ്രം തന്നെയാണ് മംഗലാട് ഹൗസ്,ഇങ്ങനെ ഒരു നാടിന്റെ കൂട്ടായ്മക്കുള്ള വേദി കാണുമ്പോള്‍ അയല്‍ നാട്ടുകാര്‍ക്കൊക്കെ അസൂയ തോന്നും,മംഗലാട്ട്കാര്‍ നാട്ടില്‍ നിന്നും ദുബായിലേക് വരുമ്പോള്‍ ആദ്യം വരുന്നത് മംഗലാട് ഹോസിലാണ്,പലരുടെയും യാത്ര അയപ്പും മംഗലാട് ഹൌസില്‍ വെച്ച് തന്നെയാണ്,ഒരു എക്സ് മങ്ങലാട്ടുകാരന്‍ ആണെങ്കിലും ദുബായിലേക്ക് ആദ്യം വിസിറ്റ് വന്നപ്പോഴും നാട്ടില്‍ യാത്രപോകുമ്പോളും ഒക്കെ അതിനുള്ള വേദിയായി ഞാന്‍ ഉപയോഗിച്ചത്‌ മംഗലാട്ട് ഹൌസിനെയാണ്,പലരും പറയാറുണ്ട് ഒരു ചുഴി ആണ് മംഗലാട്ഹൌസെന്നു,വന്നിരുന്നാല്‍ സമയം പോകുന്നതറിയില്ല...വെള്ളിയാഴ്ച്ചകളില്‍ അവിടെ വന്നിരുന്നു നാട്ടു വര്‍ത്താനം മുതല്‍ ആഗോള വിഷയങ്ങള്‍ വരെ അവിടെ ചര്‍ച്ചക്ക് വരും,പല പിണക്കങ്ങളും ഇണക്കി ചേര്‍ക്കാന്‍ ആ വേദി സാക്ഷിആയിട്ടുണ്ട്.ഈ കൂട്ടയമാക്കുള്ള വേദി മറ്റു പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കെല്ലാം മാതൃകയാകട്ടെ എന്നാശംസിക്കുന്നു,
    എന്ന്
    അന്‍സാര്‍ അരമന
    (ഒരു എക്സ് മങ്ങലാട്ടുകാരന്‍)

    ReplyDelete