Saturday, 11 August 2012

സ്വപ്ന ഭൂമി/ഗള്‍ഫ് കുറിപ്പുകള്‍ 2

എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ പാര്‍ക്കിംഗ് വരെ നടക്കുമ്പോഴേക്ക് ഗള്‍ഫ് ചൂടിന്‍റെ നിറവും മണവും നന്നായി അനുഭവപ്പെട്ടു.ചൂടിന്‍റെ കാഠിന്യം പറഞ്ഞു കൂട്ടുകാര്‍ ഏറെ പേടിപ്പിച്ചിരുന്നു.മാനസികമായി 
തയ്യാറെടുത്തതിനാല്‍   എന്ന പഴമൊഴി അര്‍ത്ഥവത്താനെന്നു തോന്നി. വിമാനത്താവളം മുതല്‍ അബുദാബി പട്ടണം വരെ അതിസ്പീഡിലുള്ള യാത്ര.   നൂറ്റി നാല്‍പ്പത് സ്പീഡിലാണ് കാറോടുന്നത്  കുണ്ടും കുഴിയുമില്ലാത്ത 
വീതിയേറിയ റോഡ്‌. റോഡിനിരുവശവും പച്ചപ്പ്‌ വിരിക്കാന്‍ ഇവര്‍ ഏറെ ഉത്സാഹിക്കുന്നു. ഈത്തപ്പന മരങ്ങളും ചെറു ചെടികളും നനച്ചു വളര്‍ത്തുന്നു. സൈഡ് ഗ്ലാസിലൂടെ പുറത്തേക്കു കണ്ണോടിക്കുമ്പോള്‍ ബഷീര്‍ക്ക കുടുംബ വിശേഷങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി.ഓരോന്നും പറഞ്ഞതിന് ശേഷം എയര്‍പോര്‍ട്ടിലെ മനം മടുപ്പിച്ച  അനുഭവവും വിശദീകരിച്ചു.  



എമിഗ്രേഷന്‍ ക്ലിയറന്‍സിനു വേണ്ടി ക്യൂ നില്‍ക്കുകയായിരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ ഉദ്യോഗസ്ഥനായ അറബി ചേംബറില്‍ നിന്ന് എഴുന്നേറ്റ് പോയി. ഏറെ നേരത്തിനു ശേഷം തിരിച്ചു വന്ന അയാള്‍ ഒരു മള്‍ബറോ സിഗരറ്റിനു തീ കൊളുത്തി വര്‍ക്ക് സ്റ്റേഷന് പുറത്ത് തന്നെ നില്‍ക്കുന്നു.സിഗരറ്റ് പകുതിയായപ്പോള്‍ തന്റെ സീറ്റിലേക്ക് വന്ന ആള്‍ പിന്നെ എന്തോ കാര്യമായി ആലോചിച്ചിരിക്കുന്നു.സിഗരറ്റ് വലിച്ചു കഴിഞ്ഞിട്ടും വിളിക്കുന്ന ലക്ഷണമൊന്നുമില്ല. ഒരു നിമിഷം ഓര്‍ത്ത്‌ പോയി ഇത് കേരളത്തിലാണെങ്കില്‍! 

എന്റെ വിവരണത്തിന് ബ്രേക്കിട്ടു കൊണ്ട് ബഷീര്‍ക്കയുടെ മൊബൈലില്‍ മ്യൂസിക്. ശറഫിന്റടുത്ത് കൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ എനിക്ക് കൈമാറി.മറുതലക്കല്‍ നൗഷാദാണ്. ആദ്യം തന്നെ അവനറിയേണ്ടത് ഞാനെപ്പോള്‍ ദുബായിലെത്തുമെന്നാണ്. അടുത്ത ആഴ്ച കാണാം ഇന്‍ഷാ-അല്ലാഹ്.

ജുമുഅ നിസ്കാരം റൂമിനടുത്തുള്ള പള്ളിയില്‍ വെച്ചായിരുന്നു. സ്ഫുടമായ അറബിയില്‍ ഇമാമിന്റെ ഉല്‍ബോധനം.ഭരണകൂടം ഇമാമിന്റെ ഖുതുബയില്‍ പോലും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു. ഔഖാഫില്‍ നിന്നെഴുതിക്കൊടുക്കുന്ന പ്രസംഗം വായിക്കാന്‍ മാത്രമേ അവര്‍ക്കവകാശമുള്ളൂ . ഇമാം വരുന്നത് തന്നെ ഒരു വാക്ക് മാന്‍ സെറ്റുമായാണ് .അന്നന്നത്തെ ഖുതുബ റെക്കോര്ഡ് ചെയ്യണം. കേസറ്റ് ഔഖാഫില്‍ സമര്‍പ്പിക്കണം.

വൈകുന്നേരം അബുദാബി സുന്നി സ്റ്റുഡന്റസ് സെന്റര്‍ ഓഫീസില്‍ പോയി.നാട്ടിലെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക അസ്ഥിവാരം പണിതു കൊടുത്തവര്‍. സത്യധാരയിലൂടെ പലപ്പോഴും കേട്ട് പരിചയിച്ച പേരുകളുടെ ഉടമസ്ഥര്‍ മുന്നിലിരിക്കുന്നു.അമ്പതു പേരോളമുണ്ട് യോഗത്തിന്. കാര്യമായ ചര്‍ച്ച നടക്കുന്നു. ഹജ്ജ് ഗ്രൂപ്പിനെ കുറിച്ചാണ് ചര്‍ച്ച ചൂട് പിടിക്കുന്നത്‌. നേതാക്കന്മാരെയൊക്കെ പരിചയപ്പെട്ടു പുറത്തിറങ്ങുമ്പോള്‍ തലേന്ന് ഉപ്പ കൈ പിടിച്ചു ചെയ്ത ഉപദേശങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി.
യാത്രയയപ്പിന് വന്നവരൊക്കെ പിരിയാന്‍ തുടങ്ങിയ ഒരു നേരത്ത് വീടിന്റെ ഒരു മൂലയില്‍ വിളിച്ചിരുത്തി ഉപ്പ പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു. "നിഷിദ്ധമായ ഒരണ പോലും നാട്ടിലയക്കരുത്.എന്നെ കൊണ്ട് ഹറാം തിന്നിക്കരുത്. രണ്ടാമത്തെ കാര്യം സമസ്തയില്‍ നിന്ന് മാറി ചിന്തിക്കരുത്.അങ്ങനെ ആശയ വ്യതിയാനം തോന്നുന്ന പക്ഷം ഞാനുമായി ബന്ധപ്പെടണം" സൂക്ഷിക്കണം ഈ വാക്കുകള്‍.ഇന്‍ഷാ-അല്ലാഹ്.

No comments:

Post a Comment