Friday 10 August 2012

മൗന നൊമ്പരം/ഗള്‍ഫ് കുറിപ്പുകള്‍ 1

ജീവിത യാത്രയില്‍ ഞാനൊരു പ്രവാസിയായി മാറണം എന്ന തലവിധി സ്വീകരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. പുലര്‍ച്ചെ രണ്ട്‌ മണിയോടെ മംഗലാടിന്റെ മനോഹാരിതയോട് സലാം പറയുകയായി.വിസിറ്റ് വിസയിലാണ് യാത്ര. അത്കൊണ്ട് തന്നെ അധികമാരോടും പറഞ്ഞിരുന്നില്ല. പക്ഷെ പറഞ്ഞവരേക്കാള്‍ കൂടുതല്‍ പറയാത്തവരും
വീട്ടിലെത്തി.അതിരാവിലെ തന്നെ കൂട്ടുകാരും കുടുംബക്കാരും വരാന്‍ തുടങ്ങി. വൈകുന്നേരം മദ്രസയിലെ കൊച്ചു കുട്ടികളും വന്നു. അഞ്ചാം തരത്തില്‍ എന്റെ മുന്നിലിരിക്കുന്ന അവര്‍ ഇരുപത് പേരും ഒന്നിച്ച് വരികയായിരുന്നു. സാജിദയാണ് നയിക്കുന്നത്. മണല്‍ ചൂടിലേക്ക് ഒഴുകി വരുന്ന കുളിര്‍ക്കാറ്റു പോലെ വെന്തുരുകുന്ന ഹൃദയത്തിലേക്ക് മന്ദമാരുതനായി അവര്‍ ഒഴുകി വന്നു.മനസ്സിന്റെ ഉള്ളില്‍ കുളിര്‍ ചൊരിഞ്ഞ ഈ അനുഭവം ഒരു നിര്‍വൃതിയോടെ എന്നും ഓര്‍ത്തിരിക്കാം.

മംഗലാട് മദ്രസയിലെ എട്ട് മാസം അനുഭവ സമ്പന്നമായിരുന്നു. മറക്കാന്‍ പാടില്ലാത്ത ഒത്തിരി അനുഭവ പാഠങ്ങള്‍. നല്ല ഒരു സാഹിത്യ സമാജം രണ്ടാഴ്ചയിലൊരിക്കല്‍ തുടര്‍ച്ചയായി നടത്താന്‍ കഴിഞ്ഞു. നബി ദിനം വന്നെത്തിയപ്പോള്‍ പതിനഞ്ച് ദിവസത്തോളം ക്ലാസെടുക്കാതെ പരിപാടികള്‍ പഠിപ്പിച്ചു. പൂര്‍വ വര്‍ഷങ്ങളില്‍ നിന്നു വിഭിന്നമായി നബിദിനാഘോഷം പൊടി പൊടിച്ചു . അജ്നാസും, ഹിശാമും, അല്‍താഫും, ശറഫുവും സദസ്സിനെ കയ്യിലെടുത്തു എന്ന് പറയാം.

"ഉസ്താത് വരാനല്ലേ പറഞ്ഞത്. ഞങ്ങള്‍ വന്നു ഇനി പോവ്വ്വാ". ശാനിബ വര്‍ത്തമാനത്തിനു തിരി കൊളുത്തി. "ഉസ്താതെ ഇന്നുച്ചക്ക് സ്കൂളില്‍ പോവാതെയാ ഇവിടെ വന്നത്." കുളങ്ങരത്ത് സ്കൂളില്‍ പഠിക്കുന്ന ജുബിനാസാനു പറയുന്നത്. ഓരോരുത്തര്‍ക്കും പല വിശേഷങ്ങളും പറയാനുണ്ട്. "ഉസ്താതെ സമാജം ഇനി നടക്കുമോ ?" അന്സബിനാണ് സംശയം. കുട്ടികളുമായി പിരിയുമ്പോള്‍ വല്ലാത്ത പ്രയാസം. ഉസ്താദിന് വേണ്ടി പ്രാര്‍ത്തിക്കണമെന്ന് പറഞ്ഞപ്പോള്‍ അവരോന്നായി പറഞ്ഞത് "ഒറപ്പാ പ്രാര്‍ഥിക്കും, ഉസ്താദ് വന്നിട്ട് ആറാം ക്ലാസില്‍ ഞങ്ങളെ പഠിപ്പിക്കാന്‍. മദ്രസാധ്യാപക ജീവിതത്തിനുള്ള ഏറ്റവും വലിയ അംഗീകാരം.

രാത്രിയായപ്പോള്‍ ആളുകള്‍ ഒരുപാട് വന്നു. നേരം കഴിയുന്തോറും എന്റെ സമയം അടുത്ത് വരുന്നു. രണ്ടരയോടെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഹമീദ്, എ.കെ ,സഹദ്, മുഹമ്മദ്‌, ഹിദാസ്‌, മുഹമ്മദലി എന്നിവര്‍ എയര്‍പോര്‍ട്ട് വരെ കൂടെ ഉണ്ട്. വീട്ടില്‍ നിന്നിരങ്ങുംബോഴെക്ക് ആകാശം മഴ പെയ്യിച്ച്‌ പ്രധിഷേധിക്കുകയായിരുന്നോ ? ശക്തമായ മഴയില്‍ ജീപ്പിന്റെ ഹെഡ് ലൈറ്റ് അധിക ദൂരത്തൊന്നും പ്രകാശം പരത്തുന്നില്ല. മദ്രസയും പള്ളിയും ചുറ്റുപാടും വെളിച്ചത്തില്‍ കാണുമ്പോള്‍ മനസ്സിന്റെ അകത്തളത്തില്‍ വികാര വിസ്ഫോടനമായിരുന്നു.നബിദിനവും, വ അളും രാഷ്ട്രീയ പ്രവര്‍ത്തനവും ഓരോന്നായി ഹൃദയത്തെ മുറിപ്പെടുത്തുന്നു. ശക്തമായ മഴയില്‍ ശരീരം തനുക്കുന്നുവെങ്കിലും മനസ്സില്‍ ചുട്ടുപൊള്ളുന്ന കനലുകലാണ് ഓരോ നിമിഷവും അധികരിച്ച് വരുന്നത്. 

അവസാനം ആ സമയവും വന്നു. കൂടെയുള്ളവരോടൊക്കെ പിരിയേണ്ട സമയം.കൂട്ടുകാരോടൊക്കെ കൈ കൊടുത്തു പിരിഞ്ഞു, ഹമീദിനോടും. അറിയാതെ കണ്ണുനീരോഴുകി. ജീവിതത്തില്‍ നിന്നു വസന്തം പടിയിരങ്ങുകയോ ? ഉപ്പാന്റെ കരങ്ങളില്‍ മുത്തമിട്ട്‌ മുന്നോട്ടു നടന്നു. ഈ കരങ്ങളുയര്‍ത്തി വാത്സല്ല്യനിധിയായ പിതാവ് ഇനിയുള്ള നാളുകളില്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കും. അതോക്കുമ്പോള്‍ ഒരു സമാധാനം. ആ പ്രാര്‍ഥനകള്‍ മാത്രം മതി, മണല്‍ ചൂടില്‍ എനിക്ക് ശക്തി പകരാന്‍.7.30 ഓടെ പ്ലെയിനിനുള്ളില്‍ കേറി. വിഹായസ്സിന്റെ വിരിമാറില്‍ മേഘക്കൂട്ടങ്ങളെ പിളര്‍ത്തി എയര്‍ ഇന്ത്യയുടെ മനോഹരിയായ വിമാനം പരന്നുയരുമ്പോഴും എന്‍റെ ചിന്ത പിറകോട്ടു തന്നെയായിരുന്നു.

ട്യൂഷനും,മനീഷയും,അക്ഷയയും,മദ്രസയും, താഴെ അങ്ങാടി പള്ളിയും മനസ്സില്‍ തന്നെ നില്‍ക്കുന്നു. എത്ര ശ്രമിച്ചിട്ടും പുറത്തിറങ്ങുന്നില്ല. ഉയരങ്ങള്‍ പിന്ന്നിടുമ്പോള്‍ ഓരോരുത്തരായി മനസ്സിന്റെ വാതിലില്‍ പിന്നെയും മുട്ടാന്‍ തുടങ്ങി. സ്മ്രിതിയുടെ അറക ളോരോന്നായി കൊട്ടിയടക്കാന്‍ ശ്രമിക്കുമ്പോഴും മറ്റൊന്ന് താനേ തുറന്നു വരുന്നു. 
ഓര്‍മകളുടെ വേലിയേറ്റത്തിനിടയില്‍ ഹൃദയം വിങ്ങിയപ്പോള്‍ കണ്ണ് നീരായി അത് പുറത്തേക്കു വന്നു. ഓര്‍മകളില്‍ നിന്നു കിനാവുകളിലേക്ക് സഞ്ചരിച്ച് മനസ്സിനെ സ്വാന്തനപ്പെടുത്താന്‍ പലവുരു ശ്രമിച്ചു നോക്കി. അനുസ്യൂതമായ ആ പ്രവാഹത്തെ തടയാനുള്ള ശ്രമങ്ങളൊക്കെ വിഫലമായിരുന്നു. ബെല്‍ ട്ടണിയാനുള്ള നിര്‍ദ്ദേശം ശ്രവിച്ചപ്പോള്‍ സൈഡ് ഗ്ലാസിനു പുറത്ത് വളരെ ആഴത്തില്‍ ചെറിയ പെട്ടികള്‍ പോലെ ബില്‍ഡിങ്ങ് കൂട്ടങ്ങള്‍.

അബുദാബി പട്ടണത്തിന്റെ ആകാശ വീക്ഷണം അതി മനോഹരം തന്നെ. മരുഭൂമികള്‍ക്കിടയില്‍ നൂലിഴ പോലെ റോഡു കൂട്ടങ്ങള്‍. അധിക നേരം പുറത്തേക്കു ശ്രദ്ധിക്കാനായില്ല. പതിനൊന്നു മണിയോടെ അബുദാബിയുടെ മാറിടത്തില്‍ പ്ലെയിനിറങ്ങി. എയര്‍പോര്‍ട്ടില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ബഷീര്‍ക്ക കാത്തു നില്‍ക്കുന്നു.



No comments:

Post a Comment