Thursday, 2 August 2012

കുഞ്ഞനന്തനും കുഞ്ഞാലിക്കുട്ടിയും പിന്നെ തേജസും


സഖാവ് കുഞ്ഞനന്തന്‍ ഡി.വൈ.എസ്.പി ഷൌക്കത്തലിയെ പേടിച്ചു പാര്‍ട്ടി ഗ്രാമങ്ങളില്‍ പുരപ്പുറ വാസം നടത്തുന്ന സമയത്ത്  കൈവെട്ടു  പത്രത്തില്‍ രസമുള്ളൊരു വാര്‍ത്ത വന്നു. കുഞ്ഞനന്തനെ കേരളത്തിലും  ബാഗ്ലൂരിലുമൊന്നും
 പരതിയിട്ടു കാര്യമില്ലെന്നും അദ്ദേഹം ഖത്തറില്‍ കോര്‍ എന്ന സ്ഥലത്ത് നാട്ടുകാരുടെ സംരക്ഷണത്തില്‍ കഴിയുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ചുരുക്കം.

ഓര്‍ക്കാട്ടെരിയിലെ മുസ്ലിം ലീഗ് നേതാവും ഖത്തറിലെ വര്‍ത്തക പ്രമുഖനുമായ മാന്യദേഹമാണ് കുഞ്ഞനന്തന് വിസ ശരിപ്പെടുത്തിയത്. മുസ്ലിം ലീഗ് നേതാവ് എന്തിനാ കുഞ്ഞനന്തനെ ഒളിപ്പിക്കുന്നത് എന്ന് ചിന്തിച്ച്  തല പുണ്ണാക്കേണ്ട..അതിനും കൂടി കൃത്യമായ മറുപടി റിപ്പോര്‍ട്ടില്‍ തന്നെ ഉണ്ട്.മുസ്‌ലിം ലീഗ് നേതാക്കളില്‍ പ്രമുഖന്റെ ആവശ്യപ്രകാരമാണ് പ്രാദേശിക നേതാവ് കുഞ്ഞനന്തന് ഖത്തറിലേക്ക് വഴി ഒരുക്കിയത്.ബാക്കി വായനക്കാര്‍ ഊഹിക്കണം.ഐസ് ക്രീം കേസില്‍ സഹായിച്ചതിന് പ്രത്യുപകാരമായി ലീഗ് നേതാവിന്റെ സമ്മാനം. റിപ്പോര്‍ട്ടര്‍ ഉദ്ദേശിച്ചത് നേരിട്ട് പറയുകയാണെങ്കില്‍ "കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം വടകര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പാറക്കല്‍ അബ്ദുള്ള കുഞ്ഞനന്തനെ ഖത്തറിലേക്ക് കടത്തി". 
റിപ്പോര്‍ട്ട് വന്നു മാസം ഒന്ന് തികയുന്നതിനു മുന്നേ കുഞ്ഞനന്തന്‍  വടകര കോടതിക്ക് മുന്നില്‍ കീഴടങ്ങി തിരുവഞ്ചൂര്‍ സേനയുടെ മുന്നിലിരുന്നു കാര്യങ്ങളൊക്കെ മണി മണി പോലെ പറഞ്ഞപ്പോള്‍ ഖത്തറില്‍ പോയതും പറയുമെന്നാ ഞാന്‍ കരുതിയത്. പൂര്‍ണ ഹിജാബില്‍ ഹൂറുല്‍-ഈന്‍ പര്‍ദയണിഞ്ഞ്  പോയിലൂരില്‍ ഇറങ്ങിയതും  പുതിയങ്ങാടി ഉറങ്ങിയതും ജില്ല കമ്മറ്റിയുടെ വണ്ടിയില്‍ ബാന്‍ഗ്ലുരിലേക്ക് സവാരി പോയതുമൊക്കെ പറഞ്ഞപ്പോഴും ഖത്തറില്‍ പോയത് മാത്രം സഖാവ് മിണ്ടിയില്ല.
ജനപക്ഷത്തിനെതിരാണ് കുഞ്ഞാലിക്
കുട്ടിയുടെ പക്ഷം എന്ന് ദ്യോദിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ഒരു തുടര്‍ക്കഥയാണ്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് നാം കൊതിക്കുന്ന നടപടികള്‍ക്ക് വിരുദ്ധമായി എന്ത് വരുമ്പോഴും അവിടെ കുഞ്ഞാലിക്കുട്ടിയുടെ അദൃശ്യ കരങ്ങളുടെ സാന്നിധ്യം മണത്തു നോക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് എന്നും ഉത്സാഹമാണ്.ഉദാഹരണങ്ങള്‍ നിരത്താന്‍ പേജുകള്‍ മതിയാവില്ലെന്നറിയാമെങ്കിലും ഒന്ന് രണ്ടെണ്ണം കുറിക്കട്ടെ.  .

"ടി.പി. വധം: അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദം" എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ വന്ന "അന്വേഷണാത്മക" റിപ്പോര്‍ട്ട്  വായിച്ച ലീഗുകാരൊക്കെ സ്വയം ശപിച്ചിട്ടുണ്ടാവും. ലീഗായതിന്റെ പേരില്‍ തല ഉയര്‍ത്തി നടക്കാനാവുന്നില്ലല്ലോ റബ്ബേ ? എന്ന ചോദ്യം മനസ്സില്‍ ഒന്നമര്‍ത്തി ചോദിച്ചിട്ടുണ്ടാവും.മാധ്യമത്തി
ന്റെ കണ്ടു പിടുത്തം ഇങ്ങനെയായിരുന്നു."കോഴിക്കോട്

: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ശക്തം... സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാഗേഷ് എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ അന്വേഷണ സംഘത്തിനുമേല്‍ കനത്ത സമ്മര്‍ദം ഉണ്ടായതായാണ് സൂചന. ..യു.ഡി.എഫ് ഘടകകക്ഷിയിലെ പ്രമുഖന്‍ മുഖേനയാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മേല്‍ സമ്മര്‍ദം ഉണ്ടായതെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി ഏറക്കുറെ വഴങ്ങിയെങ്കിലും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിന് ആദ്യം തയാറായില്ലത്രെ.അന്വേഷണം സി.പി.എമ്മിലെ മറ്റ് ജില്ലാ-സംസ്ഥാന നേതാക്കളിലേക്ക് നീങ്ങിയാല്‍ സംസ്ഥാനത്ത് വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് ബന്ധപ്പെട്ടവര്‍ ധരിപ്പിച്ചതോടെയാണ് ആഭ്യന്തരമന്ത്രി മനസ്സില്ലാമനസ്സോടെ വഴങ്ങിയതെന്നും പറയുന്നു". 
വാര്‍ത്ത വായിച്ചു കഴിയുമ്പോള്‍ തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും വായനക്കാരന് നിരപരാധികളും കുഞ്ഞാലിക്കുട്ടി അപരാധിയുമായി മാറുന്നു. "പഴയ കേസ്" തേച്ചു മാച്ചു കളഞ്ഞതിന് കുഞ്ഞാലിക്കുട്ടിയുടെ കോംപ്രമൈസ് പൊളിറ്റിക്സ് എന്ന് ശാപം ചൊരിയുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍  ശ്രീ.പ്രണബ് മുഖര്‍ജിക്ക് തങ്ങളുടെ കൈവശമുള്ള 4.7 ശതമാനം വോട്ടു പതിച്ചു നല്‍കാന്‍ പോളിറ്റ് ബ്യുറോ തീരുമാനിച്ചതിന്റെ തൊട്ടു പിറ്റേദിവസമായിട്ടും സാധ്യത ആ വഴിക്കുമുണ്ടാകാം എന്ന് പറയാനുള്ള മാന്യത മാധ്യമം കാണിച്ചില്ല. വാര്‍ത്തയില്‍ കുഞ്ഞാലിക്കുട്ടി
ക്ക് സ്പേസ് കാണുമ്പോള്‍ പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കേണ്ട.വിട്ടോട രാമന്‍കുട്ടീ എന്ന് മറ്റാരോ വിളിച്ചു പറയും പിന്നാമ്പുറത്ത് നിന്ന്.

അധികാരത്തിന്റെ പ്രതാപമില്ലാത്ത സമയത്തും വാര്‍ത്തകള്‍ കുഞ്ഞാലിക്കുട്ടിയിലേക്ക് ചുരുങ്ങുന്നത് രസകരമായി വായിക്കാം ചിലപ്പോള്‍. പഴയ നക്സലെറ്റും അന്വേഷി പ്രസിഡന്റുമായ കെ.അജിതയുടെ ഭര്‍ത്താവ് യാഖൂബിനെ സ്പിരിട്ട് കടത്ത് കേസില്‍ കോടിയേരിയുടെ പോലീസ് ജയിലിലടച്ചപ്പോള്‍ സംശയത്തിന്റെ മുന കുഞ്ഞാലിക്കുട്ടിക്ക് നേരെ തിരിച്ചു വിടാന്‍  അജിത ശ്രമിച്ചിരുന്നു.ആ ശ്രമത്തിനു പൂര്‍ണ പിന്തുണയുമായി മാധ്യമങ്ങള്‍ യാഖുബിനെ വിശുദ്ധനായി വാഴ്ത്തുന്നതാണ് പിന്നെ നാം കണ്ടത്.മലബാര്‍ സിമന്റിന്റെ ട്രാന്‍സ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ലഭിക്കുന്ന ഗ്രീന്‍ ചാനല്‍ ഫെസിലിറ്റി ദുരുപയോഗം ചെയ്തു വര്‍ഷങ്ങളായി സ്പിരിട്ട് മാഫിയയെ സഹായിക്കുന്ന യാഖൂബിനെ നിരപരാധിയാക്കാന്‍ മാധ്യമങ്ങള്‍ക്ക് യാതൊരു ഉളുപ്പില്ലാതായത് കുഞ്ഞാലിക്കുട്ടിയുടെ അക്കൌണ്ടിലേക്ക് വരവ് വെക്കാന്‍ എളുപ്പമാണ് എന്ന ധാരണയുടെ അടിത്തറയിലാണ്.വിശദമായ അന്വേഷണത്തിനൊടുവില്‍ 
പതിനാലു പേര്‍ അകത്തായ സ്പിരിട്ട് കേസില്‍ യാഖൂബ് തന്റെ കൈവശമുള്ള ഗ്രീന്‍ ചാനല്‍ ടോക്കണ്‍ 
സ്പിരിട്ട്  മാഫിയക്ക് കൈമാറി കള്ളക്കടത്തിന് കൂട്ട് നിന്നു എന്നാണു പാലക്കാട് എ.എസ്.പി യായിരുന്ന നരേഷ് കുമാര്‍ ഗുപ്ത അന്ന് പറഞ്ഞത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി ആസൂത്രണം ചെയ്ത ഒരു പ്രതികാര നടപടിയായി കാണാനാണ് മലയാള മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചത്.  2008നു മുന്നേ അഞ്ചു വര്ഷം യു.ഡി.എഫ് ഭരിച്ചപ്പോള്‍ വളരെ കൂളായി  എടുക്കാമായിരുന്ന പ്രതികാര നടപടി ഇത്ര റിസ്ക്കെടുത്ത്  എന്തിനു എല്‍.ഡി.എഫ് ഭരണ കാലത്ത് എടുക്കണം എന്ന് ചിന്തിക്കാന്‍ പോലും മിനക്കെട്ടില്ല.  മാഫിയ ബന്ധങ്ങളുള്ള പ്രതിയെ പോലും കുഞ്ഞാലിക്കുട്ടിയുടെ അക്കൌണ്ടിലാക്കി മോചിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല.

ജയരാജനെ അറസ്റ്റു ചെയ്തു ജയിലിലടച്ചപ്പോള്‍ എന്റെ ഒരു ഫെയിസ് ബുക്ക്‌ ഫ്രണ്ട് സ്റ്റാറ്റസ് ആപ്ടെറ്റ്  ചെയ്തത് "സി.ബി.ഐ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒത്തു കളിയാവുമോ ഈ അറസ്റ്റു. കുഞ്ഞാലിക്കുട്ടിയും കണ്ണൂര്‍ ലോഭിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ മറവിലെ ഒരു കോംപ്രമൈസ്  അറസ്റ്റാവാന്‍  സാധ്യത ഉണ്ട്". ഇങ്ങനെ സംശയത്തിന്റെ കുന്ത മുന സദാ സമയവും കുഞ്ഞാലിക്കുട്ടിക്ക് നേരെ തിരിച്ച് വെച്ച് ഉറങ്ങാന്‍ പോകുന്ന പുതിയ മലയാളിയുടെ സുഖക്കേട്‌ എത്രയും വേഗം ചികിത്സിച്ച്‌ മാറ്റേണ്ടതുണ്ട്.

Sunday, 6 March 2011

നാദാപുരം സ്ഫോടനം; വസ്തുത അറിയണം


അഞ്ച് ചെറുപ്പക്കാര്‍ നാദാപുരത്തിനടുത്ത് നരിക്കാട്ടെരിയില്‍ ദാരുണമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍  വായിച്ച് മനസ്സ് നൊമ്പരപ്പെട്ടത്‌ കൊണ്ടാണ് വാര്‍ത്തയുടെ മറുവായന നടത്താന്‍ ഞാന്‍ മുതിരുന്നത്. 
അന്തര്‍ദേശീയ ഭീകരവാദ ബന്ധത്തിന്റെ പ്രതിഫലനമാണ് നരിക്കാട്ടെരിയില്‍ കണ്ടതെന്ന് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി പിണറായി സഖാവ് തട്ടി വിടുന്നു. കണ്ണൂരില്‍ ചോരപ്പുഴ ഒഴുകിയ നാളില്‍ രണ്ടു വേതാള വര്‍ഗത്തെ ഇരു ഭാഗങ്ങളിലുമിരുത്തി സമാധാനത്തിന്റെ ആല്‍ഫബെറ്റ്സ് ചൊല്ലിപ്പടിപ്പിച്ച ഇ.അഹമ്മദിനെ നരിക്കാട്ടെരി സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ശുംഭന്‍ ജയരാജ മഹാരാജാവ് കല്‍പ്പിക്കുന്നു. ലീഗ് സമാധാന അന്തരീക്ഷം തകര്‍ക്കാനൊരുങ്ങുന്നു എന്ന് ഫെയിസ് ബുക്ക് സഖാക്കള്‍ നിരന്തരം പോസ്റ്റുന്നു.അനിവാര്യമാണ് ഒരു വിശകലനമെന്ന് തോന്നി. 
ഫെബ്രുവരി 25 വെള്ളിയാഴ്ച നേരം വെളുപ്പിന് തന്നെ നാദാപുരത്തുകാര്‍ കേട്ടത് സി.പി.എം പാര്‍ട്ടി ഗ്രാമമായ പയന്തോങ്ങില്‍ നിന്നുള്ള ക്രൂരമായ അക്രമത്തിന്റെ വാര്‍ത്തകളായിരുന്നു.നരിക്കാട്ടെരി അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ് വന്നവര്‍ ഹൃദയ ഭേദകമായ കാഴ്ച്ചകള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്നു. അര്‍ദ്ധ രാത്രി  12നും പുലര്‍ച്ചെ  4നും ഇടക്ക്   17 ബോംബുകളാണ് വര്‍ഷിച്ചത്. അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ നാണിപ്പിക്കുന്ന നാദാപുരം സഖാക്കളുടെ ബോംബാക്രമണം. വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ കോടിയേരിയുടെ പോലീസുണ്ടെങ്കിലും നിസ്സഹായരായ സഹോദരിമാരുടെ നിലവിളികള്‍ അവരുടെ കര്‍ണപുടങ്ങള്‍ തുറപ്പിച്ചില്ല. നാല് മണിക്കൂര്‍ നീണ്ട പ്രീപ്ലാന്റ്റ് ബോംബേറ് കഴിഞ്ഞ് സഫ്രോണ്‍ സഖാക്കള്‍ സ്വന്തം വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായി, കവര്‍ന്നെടുത്ത മുതലുകള്‍ എണ്ണിത്തിട്ടപ്പെടുത്തി, ഉറങ്ങാന്‍ കിടന്നു എന്നുറപ്പ് വരുത്തിയ നാദാപുരം പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി!!! 


അക്രമികള്‍ തെരഞ്ഞെടുത്തത് സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ്. പുരുഷ കേസരികളൊക്കെ എന്നെയും നിങ്ങളെയും പോലെ കടല്‍ കടന്നിക്കരെ പോന്നിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ തന്നെ  ഇക്കരെ എത്തിയ നാദാപുരത്തുകാര്‍ പരസ്പര വിശ്വാസവും സഹകരണവും കൊണ്ട് സാമ്പത്തിക ഭദ്രത നേടിയെങ്കിലും ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. വര്‍ഗ ബോധത്തിന് പകരം വര്‍ഗീയത പഠിച്ച സഖാക്കള്‍ അക്രമത്തിനു പുറമേ കൊള്ളയടി എന്ന ശീലം തുടങ്ങിയതും തുടരുന്നതും ഇവിടെയാണ്‌, കഴിഞ്ഞ കല്ലാച്ചി കൊള്ളക്ക് ശേഷം ചൊറിപിടിച്ച്  വിംസ് ഹോസ്പിറ്റലില്‍ വന്ന ഒരു സഖാവിനെ ചുറ്റും കൂടിയവര്‍ കൈകാര്യം ചെയ്ത രസകരമായ ഒരു സംഭവം സ്മരണീയമാണ്. കൊള്ള മുതല്‍ വീതം വെപ്പില്‍ കിട്ടിയ  "പിഫ് പഫ്" ബോഡി സ്പ്രേ ആണെന്ന നിയ്യത്തില്‍ ഉപയോഗിച്ചതാണ് സഫ്രോണ്‍ സഖാവിന്റെ ചൊറിക്ക് കാരണമായത്‌.

 ആക്രമിക്കപ്പെട്ട  വീടുകളില്‍ ചെന്നവരൊക്കെ തലയും താഴ്ത്തിയാണ് തിരിച്ചു പോന്നത്. ഒരു സഹോദരി കരഞ്ഞു പറഞ്ഞത് "പന്ത്രണ്ടു മണി മുതല്‍ തുടങ്ങിയതാ ബോംബിന്റെ ശബ്ദം..ഞാനും ഈ രണ്ടു കുട്ടികളും പേടിച്ചു പിന്‍ ഭാഗത്തുള്ള സ്റ്റോര്‍ റൂമില്‍ കയറി ഇരുന്നതാ.ജനാല ഇല്ലാത്തതിനാല്‍ സ്റ്റോര്‍ റൂം ആണ് നല്ലതെന്ന് തോന്നി.എങ്ങനെ എങ്കിലും രാവിലെ ആകണേ എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടക്ക് ഈ മോള്‍ കരയാനും തുടങ്ങി. കുറെ കഴിഞ്ഞ് രാത്രി രണ്ടു മണിക്കാ ഇവിടെ ബോംബ്‌ പൊട്ടിയത്.ഇതാ ഇവിടെയാ അവരെരിഞ്ഞത് ..ഞാനെന്തു തെറ്റാ ഇവരോട് ചെയ്തത്" ഈ കരച്ചിലിനിടക്ക് ഒരു സ്ത്രീ അല്പം രോഷത്തോടെ പറഞ്ഞത് "ആണുങ്ങളായ നിങ്ങള്‍ക്കൊന്നും ഇത് തടയാന്‍ ആവൂലേല്‍ പെണ്ണുങ്ങളായ ഞങ്ങള്‍ ഇറങ്ങിക്കോളാം" ഈ രോഷപ്രകടനം 
അവിടെക്കൂടിയ പുരുഷ വര്‍ഗ്ഗത്തിന്റെ ചങ്കിനു കുത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിനിടക്ക് മറ്റൊരു വാര്‍ത്തയും അവിടെ എത്തി.അക്രമിക്കപ്പെട്ട മറ്റൊരു വീട്ടിലെ സ്ത്രീ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കാന്‍ ചെന്നെങ്കിലും പോലീസുകാര്‍ പരാതി കേള്‍ക്കുന്നതിന് പകരം അവളുടെ കൂടെ പോയ സഹോദരനെ പഴയൊരു
 കേസില്‍ പ്രതിയാണെന്ന് പറഞ്ഞു പിടിച്ചു വെച്ചു..ഇത് കണ്ട് ആ സ്ത്രീ പോലിസ് സ്റ്റേഷനില്‍ ബോധം കെട്ട്  വീണു" ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

 കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിക്കുക, അക്രമികള്‍ക്കെതിരെ സാക്ഷി പറഞ്ഞ യൂത്ത് ലീഗുകാരെ അങ്ങാടിയില്‍ വെച്ച് മര്‍ദ്ധിക്കുക,ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുക,രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന ബോംബേറും കൊള്ളയടിയും നടത്തുക, അതി രാവിലെ വന്നു പോലീസില്‍ കമ്പ്ലയിന്റ് ചെയ്‌താല്‍ വീണ്ടും ബോംബെറിയുമെന്ന്  ഭീഷണിപ്പെടുത്തുക.പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ചെന്നവരെ പിടിച്ച് കസ്റ്റടിയില്‍ വെക്കുക.അഭിമാനമുള്ള ഏതു സമൂഹമാണ് ചുവപ്പിന്റെയും കാക്കിയുടെയും ഈ കൂട്ടായ നെറികേടിനു മുന്നില്‍ പ്രകോപിതരാവാതെ നില്‍ക്കുക. ഇങ്ങനെ പയന്തോങ്ങിലെ തേര്‍വാഴ്ചയില്‍ മനം നൊന്തു, പ്രതികരിക്കാനല്ല പ്രതിരോധിക്കാന്‍ ഇറങ്ങിയ അഞ്ച് ചെറുപ്പക്കാരാണ് അധിദാരുണമായി കൊല്ലപ്പെട്ടത്.അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം. കൂടെ പ്രാര്‍ഥനയും..നാഥന്‍ അവര്‍ക്ക് പൊറുത്തു കൊടുക്കട്ടെ.

പിന്‍കുറിപ്പ്: നാദാപുരത്തിനടുത്ത് ആവോലത്ത് അച്ഛന്‍ അടുക്കളയില്‍ ചുരുട്ടി വെച്ച ബോംബ്‌ പൊട്ടി നീതു എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത് പത്തുവര്‍ഷം മുന്നെയായിരുന്നു. ചേതനയറ്റ മോളുടെ ശരീരം മുറ്റത്തെടുത്ത്
 കിടത്തി, അച്ഛന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും രക്തക്കറ പുരണ്ട അടുക്കള നിലം ചാണകം കൊണ്ട് മെഴുകുകയുമായിരുന്നു ആദ്യം ചെയ്തത്. നേര് നേരത്തെ അറിയിക്കുന്ന "ദേശാഭിമാനി" ലീഗ് ഗുണ്ടകളുടെ ബോംബേറില്‍ പിഞ്ചു ബാലിക കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയെഴുതി. ജില്ലാ കമ്മറ്റി പത്ര സമ്മേളനം നടത്തി. അന്ന് അതി സമര്‍ത്ഥനായ നാദാപുരം സി.ഐ. അക്ബര്‍ സത്യം പുറത്തെത്തിച്ചു. അച്ഛന്‍ ചുരുട്ടി വെച്ച ബോംബാണ് മകളുടെ ജീവനെടുത്തതെന്ന് . അടുക്കളയിലെ രക്തക്കരയാണ് സത്യത്തിലേക്ക് വഴി തുറന്നത്. കഴിഞ്ഞ ആഴ്ച ആ അച്ഛന്‍ ആവോലത്ത് ചുവന്ന ലഡു വിതരണം ചെയ്ത് അഞ്ചുപേരുടെ മരണം ആഘോഷിച്ചത്രേ.

Friday, 25 February 2011

ഫെയിസ്ബുക്ക് പേര് മാറ്റേണ്ടി വരുമോ ?


ആണും പെണ്ണുമായി അറുപതു കോടി ആളുകള്‍ യൂസ് ചെയ്യുന്ന ഫെയിസ്ബുക്കിന്‍റെ പേരല്ല. ഫെയിസ്ബുക്ക് ഇബ്രാഹിം എന്ന പെണ്‍കുട്ടിയുടെ പേരിനെ കുറിച്ചാണ് എന്‍റെ ആധി. ഈജിപ്തുകാര്‍ പതിനെട്ട് നാളുകള്‍ നീണ്ട വിപ്ലവത്തിനൊടുവില്‍ ഹുസ്നി മുബാറകിന്‍റെ അണ്‍  ഇന്‍സ്റ്റാള്‍മെന്‍റ്   ആഘോഷിക്കുമ്പോള്‍ ജമാല്‍ ഇബ്രാഹിം എന്ന ഇരുപതു കാരനാണ് തന്‍റെ ആദ്യത്തെ കണ്മനിക്ക് ഫെയിസ്ബുക്ക് ഇബ്രാഹിം എന്ന് പേരിട്ടത്. വിപ്ലവ സംഘാടനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ആയ  ഫെയിസ്ബുക്കിന്‍റെ റോളിനുള്ള നന്ദി സൂചകമായാണ് മോള്‍ക്ക്‌ പേര് വെച്ചതെന്നാണ്  ബേബി ഗിഫ്റ്റു മായെത്തുന്ന നാട്ടുകാരോട് ജമാല്‍ ഇബ്രാഹിം ആവേശത്തോടെ പറയുന്നത്. 
മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ ഷക്കീല എന്ന പേര് സാധാരണമായിരുന്നു .ഈ പേരുള്ള ഒരു മാദകത്തിടമ്പ്  സിനിമാ ലോകത്തേക്ക് ഒരുംബെട്ടിറങ്ങിയപ്പോള്‍ സ്വന്തം പേര് നീട്ടിയും കുറുക്കിയും ഞാന്‍ ഷക്കീല യല്ല എന്ന് പറയേണ്ടി വന്നു നാട്ടിലെ മങ്കമാര്‍ക്ക്. എന്നെ ഷാക്കില എന്ന് വിളിച്ചാല്‍ മതി എന്ന ഉപദേശം എനിക്കും കിട്ടി ഒരു കൂട്ടുകാരിയില്‍ നിന്ന്. ഒരു മോനുണ്ടാവുമ്പോള്‍ സര്‍ഫ്രാസ് എന്ന പേര്‍ഷ്യന്‍ പേര് കൂട്ടി സര്‍ഫ്രാസ് മുഹമ്മദ് എന്ന് വിളിക്കണമെന്ന് കല്യാണം നിശ്ചയിച്ചപ്പോള്‍ തന്നെ ഞാന്‍ നിയ്യത്ത് ചെയ്തിരുന്നു. കെട്ട്യോളോടും പറഞ്ഞതായിരുന്നു എന്‍റെ മോഹം, കുറ്റം പറയരുതല്ലോ അവള്‍ക്കും ആ പേര് പിടിച്ചു. കഴിഞ്ഞ ജൂണ്‍ മുപ്പതിനു മോന്‍ പിറന്നു, അപ്പോഴേക്ക് ആ പേര് ടെററിസ്റ്റ് ലിസ്റ്റില്‍  ഇടം നേടിയിരുന്നു. അങ്ങനെ എന്‍റെ സ്വപ്നങ്ങളില്‍ താലോലം പാടിയ സര്‍ഫ്രാസ് എന്ന ബ്യുട്ടിഫുള്‍ നെയിം എന്‍.ഐ.എ ക്കു മുന്നില്‍ സറണ്ടര്‍ ചെയ്യേണ്ടി വന്നു. 
ഷക്കീലയും, സര്‍ഫ്രാസും ഫെയിസ്ബുക്കുമായി എങ്ങനെ സാമ്യപ്പെടും എന്നതാവും നിങ്ങളുടെ കണ്‍ഫ്യുഷന്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിനു പകരം ആന്‍റി സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് ഫെയിസ്ബുക്കിനെ വിശേഷിപ്പിക്കണമെന്നു പറയുന്നത് ഞാനും എന്‍റെ നാട്ടുകാരുമല്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന ഫെയിസ്ബുക്ക് പിതാവിന്‍റെ നാട്ടുകാര്‍ തന്നെയാ.
അമേരിക്കന്‍ കൌമാരക്കാരെ അസന്തുഷ്ടരായി കാണുന്നതിന് കാരണം ഫെയിസ്ബുക്ക് ഉപയോഗമാണെന്ന് സ്റ്റാന്ഡ് ഫോര്‍ഡ് യൂനിവേര്‍സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട് മെന്‍റ് പഠന റിപ്പോര്‍ട്ട് പറയുന്നു. കൂട്ടുകാരുടെ പ്രൊഫൈലില്‍ കാണുന്ന സന്തോഷ നിമിഷങ്ങളുടെ ഫോട്ടോകള്‍, എതിര്‍ ലിംഗത്തിലെ  കൂട്ടുകാരുടെ എണ്ണം തുടങ്ങിയവ അവന്‍റെ  കൃത്രിമ സന്തോഷം എന്‍റെതിനോട് ചേര്‍ത്തു പിടിച്ചു നോക്കാന്‍ പ്രേരിപ്പിക്കുകയും എന്നെ ഡിസ് ഹേപ്പി മൂഡിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാണു പഠന റിപ്പോര്‍ട്ട്. 
 5346 വിവാഹ മോചന കേസ് പരിശോധിച്ച  ന്യു ജെര്‍സിയിലെ അഭിഭാഷക സംഘം കണ്ടെത്തിയത് 20 % ഡൈവേര്‍സുകള്‍ക്കും മൂല കാരണം ഫെയിസ്ബുക്കിലെ എതിര്‍ലിംഗ ബന്ധമാണെന്നാണ് .ഫെയിസ്ബുക്കിനെ അധിവിദഗ്ധമായി ഉപയോഗിക്കുന്നത് അമേരിക്കയിലെ അഭിഭാഷകരാണെന്നതും ശ്രദ്ധേയമാണ്. ഡൈവേര്‍സ് എന്ന ആവശ്യവുമായി സമീപിക്കുന്നവരില്‍ നിന്ന് ലോ ഫേം ആദ്യം എഴുതി വാങ്ങുന്നത് പാര്‍ട്നറുടെ ഫെയിസ്ബുക്ക് ഐ.ഡിയാണ്.ചാറ്റിങ്ങിന്‍റെ നല്ല മൂഡില്‍ അടിച്ചു വിട്ട സെക്സില്‍ മുക്കിയ സന്ദേശങ്ങള്‍ സ്പൈ വര്‍ക്കിലൂടെ കലക്ട് ചെയ്ത് കോടതിയില്‍ എവിടന്‍സ് ആയി എത്തുമ്പോഴാണ് പാര്‍ട്ണര്‍ ഞെട്ടുന്നതും പൊട്ടുന്നതും. ആസക്തിയുടെ പാരമ്യത്തില്‍ പറഞ്ഞു വിട്ടതൊക്കെ രേഖപ്പെടുത്തി കയ്യില്‍ കിട്ടുമ്പോള്‍ "ദൈവമേ..ഞാന്‍ പറയാത്തതൊന്നും ഇതിലില്ല" എന്ന് നിലവിളിക്കേണ്ടി വരുന്നു പാവം ഇര.
അമേരിക്കന്‍ അക്കാദമി ഓഫ് മേട്രിമോണിയാല്‍ ലോയേര്‍സ് പറയുന്നത്  81 % അംഗങ്ങളും ഇത്തരം കേസുകളില്‍ മെറ്റിരിയല്‍ എവിടന്‍സ് തപ്പിയെടുക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് ഗ്രൂപ്പുകളില്‍ നിനാണെന്നാ.ഇങ്ങനെ മൊഴി ചൊല്ലല്‍ ചടങ്ങിനു വേണ്ട സഹായം ചെയ്ത് ദാമ്പത്യ മാര്‍ക്കറ്റിലെ വില്ലനായി വിലസുന്ന ഫെയിസ്ബുക്കിന്‍റെ പേരും വഹിച്ച് ഒരു സുന്ദരിപ്പെണ്ണിന് മാന്യമായി നടക്കാന്‍ കഴിയുമോ ? ഫെയിസ്ബുക്ക് ഇബ്രാഹിം പേര് മാറ്റേണ്ടി വരുമോ ?. 

പിന്‍കുറി: ആറ് വര്ഷം കഴിഞ്ഞ് ഒന്നാം ക്ലാസ്സിലെ ഹാജര്‍ വിളിക്കുന്ന മേരി ടീച്ചര്‍ വിളിക്കുന്ന പേരുകള്‍ ഇങ്ങനെ ആവും. ഗൂഗിള്‍ അദ്നാന്‍, യുട്യുബ് ജോഷന്‍,ട്വിട്ടര്‍ ഹരിദാസ്.പിന്നീട്  ഗൂഗിളും ഫെയിസ്ബുക്കുമായുള്ള കശപിശ  മേരി ടീച്ചര്‍ തീര്‍ക്കുന്നതും നമുക്ക് കാണാന്‍ കാത്തിരിക്കാം. 

Friday, 1 October 2010

അലി എന്ന അരിക്കച്ചവടക്കാരന്‍

അവൈലബിള്‍ പോളിറ്റ് ബ്യുറോയിലെ  കപ്പിള്‍സ് മുതല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ വരെ ഇടതു പക്ഷം എന്നാല്‍ ഏതു പക്ഷമാണെന്നു പഠിച്ചത് എം എന്‍ വിജയന്‍ മാഷിന്‍റെ പ്രസംഗം കേട്ടും ലേഖനങ്ങള്‍ വായിച്ചുമായിരുന്നു.ചിന്തയുടെ കനലുകള്‍ സദാ കത്തിച്ചു നിര്‍ത്തിയ ആ ആചാര്യന്‍റെ മരണ വാര്‍ത്ത മലയാളികളെ ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഒഴുകിയെത്തിയ അനുശോചന സന്ദേശങ്ങള്‍ക്കിടയില്‍ "കൂട്ടത്തില്‍ പെടാത്തത്" എന്ന ലേബല്‍ ഒട്ടിച്ച് സഖാവ് പിണറായിയുടെ വാക്കുകള്‍ അക്ഷര സ്നേഹികളായ മലയാളികള്‍ മാറ്റി വെച്ചിരുന്നു. വിജയന്‍ മാഷിന്‍റെ മരണം നല്ലൊരു അദ്ധ്യാപകനെ നഷ്ടപ്പെടുത്തി എന്ന ചെറുതാക്കല്‍ സഹിക്കാവുന്നതിനപ്പുറം ആയത് കൊണ്ടായിരുന്നു ഈ മാറ്റി വെക്കല്‍
ഇങ്ങനെയൊക്കെ ആലോചിച്ചത് കുഞ്ഞാലിക്കുട്ടി നീട്ടിയ എച്ചില്‍ കണ്ട് കൊതിക്കുന്ന അലിയുടെ ഒരു കഷ്ണം തുണിക്കോ, അരക്കിലോ അരിക്കോ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന  വിജയരാഘവ സഖാവിന്‍റെ ആക്രോശം കേട്ടിട്ടാണ്. മങ്കട വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഏതോ ഒരു അലിയേയാവും സഖാവ് ഉന്നമിടുന്നത് എന്നാണ് ഞാനും നിങ്ങളും ആദ്യം ധരിച്ചത്. മാധ്യമങ്ങള്‍ കുത്തിക്കുത്തി പറഞ്ഞപ്പോഴാ ഇതു വെറും അലിയല്ലെന്നും ഈ അലി പുലിയാണെന്നും മനസ്സിലായത്. കഴിഞ്ഞ പത്തു വര്‍ഷമായി മങ്കട മണ്ഡലത്തില്‍ എം.എല്‍.എ കാറില്‍ ഓടുന്ന സുമുഖനും സുന്ദരനും സര്‍വ്വോപരി ജനങ്ങളുടെ കണ്ണിലുണ്ണിയുമായ മഞ്ഞളാം കുഴി അലിയേയാണ് സഖാവ് നോവിച്ചു വിട്ടിരിക്കുന്നത്. മങ്കടക്കാര്‍ രാഷ്ട്രീയ ഭേദമില്ലാതെ അലിയേ സ്നേഹിച്ചത് പെരിന്തല്‍മണ്ണയിലെ തുണിക്കച്ചവടവും അങ്ങാടിപ്പുറത്തെ അരിക്കച്ചവടവും കണ്ടിട്ടല്ല എന്ന് മനസ്സിലാവാന്‍ അമിതമായ സെന്‍സും സെന്‍സിബിലിറ്റിയും ഒന്നും വേണ്ട. കോമ്മണ്‍ സെന്‍സ് ഉള്ളവരാണെങ്കില്‍ അലിയുടെ ട്രാക്ക് റെക്കോര്‍ഡ്‌
 ഒന്ന് പരിശോധിച്ചാല്‍ മതി. 
അലി എല്‍.ഡി.എഫിനോട് സലാം പറയുന്നതോടെ പുലാമന്തോള്‍, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മങ്കട തുടങ്ങിയ പഞ്ചായത്തുകള്‍ ചുവപ്പിനോദ് മഅസ്സലാം പറഞ്ഞ്‌ പിരിയുമെന്നത് മലപ്പുറത്തെ തംയീസായ കുട്ടികള്‍ക്ക് മുതല്‍ നാട്ടുകാരണവന്‍മാര്‍ക്ക്  വരെ അറിയാവുന്ന ലളിത സത്യമാണ്. മലപ്പുറം ചുവപ്പിക്കാനിറങ്ങിയവര്‍ നാട് മുഴുവന്‍ തങ്ങളെ "ഇലയും കൂട്ടി വലിച്ചെറിഞ്ഞത്" നോക്കി നിന്നിട്ട് വര്‍ഷം ഒന്നു കഴിയുന്നെ ഉള്ളു. അബ്ദുല്ലക്കുട്ടിയില്‍ ഓപണ്‍ ചെയ്തത് ശിവരാമാനില്‍ ക്ലോസ് ചെയ്തു എന്ന് നിനചിരിക്കുമ്പോഴാ മങ്കടയില്‍ വിജയരാഘവന്‍റെ തെറിവിളി. ഇനി എന്തൊക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുമെന്ന് ആര്‍ക്കറിയാം. 

കോടിയേരിക്ക് മറവി രോഗം വല്ലാതെ ബാധിച്ചുവെന്ന് അദ്ദേഹത്തിന്‍റെ തല്‍സമയ പ്രതികരണം കണ്ട് നിങ്ങള്‍ക്കു തോന്നിയെങ്കില്‍ ഞാന്‍ കുറ്റം പറയില്ല. കെ ടി ജലീലുപദേശിയെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചവര്‍, ലീഗുകാര്‍
മലപ്പുറത്തെ മാര്‍ക്കിസ്റ്റ് വീട്ടിന്‍റെ ഉത്തരത്തില്‍ നിന്ന് കഴുക്കോല്‍ വലിച്ചെടുക്കുന്നത് കാണുമ്പോള്‍ മുസ്ലിം ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് ഉപദേശിക്കുന്നത്  കാണുമ്പോള്‍ ഇത് വെറും മറവിയല്ല അല്‍ഷിമേസ് ആണെന്നു തോന്നിയാലും തെറ്റില്ല എന്നാണ് എന്‍റെ പക്ഷം. അലി ലീഗിലെത്തിയാലും ഇല്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കുഞ്ഞാലിക്കുട്ടി  സൈതാലിക്കുട്ടിയെ വരെ ലീഗാക്കുമെന്നാണ് മലപ്പുറത്തെ പിന്നാമ്പുറ വര്‍ത്തമാനം.       .         

പിന്‍കുറിപ്പ്: അലി ആരെന്നറിയാന്‍ മങ്കടക്കാരോട് ചോദിക്കണം. പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങില്‍ നിന്നും നിങ്ങള്‍ പഠിച്ച അലിയല്ല യഥാര്‍ത്ത അലി. അനാഥകളുടെയും അഗതികളുടെയും അത്താണിയായ അലി. ഇലക്ഷന്‍ പ്രചരണത്തിനു വേണ്ടി നല്‍കിയ ബൈക്ക് വിജയ ലഹരിയില്‍  യുവാക്കള്‍ക്ക് തീരെഴുതിക്കൊടുത്ത അലി. കുടി നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാര്‍ക്ക് പുതിയാപ്ലയെ തേടിപ്പോകുമ്പോള്‍ എം എല്‍ എ കാര്‍ കൊടുത്തയക്കുന്ന അലി. വ്യക്തി പ്രഭാവത്തിന്‍റെ തിളക്കത്തില്‍ പച്ചക്കൊട്ടയെ വിറപ്പിച്ച അലി. അവസാനം വിജയരാഘവന്‍റെ എച്ചില്‍ പ്രയോഗം കേട്ട് കയ്യടിച്ചു സുഗിപ്പിച്ചവര്‍ ഇല്ലേ, അവര്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മഞ്ഞളാം കുഴി അലി. 
സ്വന്തം വീട് കാണാന്‍ വന്ന അഞ്ചു സഖാക്കളെ നിഷ്കരുണം പുറത്താക്കിയ പാര്‍ട്ടി നേതാക്കന്‍മാര്‍ക്ക്,  വീടിന്‍റെ ഉമ്മറം പാവങ്ങള്‍ക്ക് മാറ്റി വെച്ച അലിയെ മനസ്സിലാക്കാനുള്ള സെന്‍സുണ്ടാവനം, സെന്‍സിബിലിട്ടി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം. (അലി ഫാന്‍സുകാര്‍ക്ക് ഇങ്ങനെ ഒരു ഫ്ലക്സ് ഉയര്‍ത്താം )

തങ്കമ്മയുടെ കൊടും ചതി.

അടിച്ച സമ്മാനം കൈരളിയും ശാന്തിമഠവും തരുന്നില്ലെന്ന് പറഞ്ഞ് തങ്കമ്മ പത്ര സമ്മേളനം നടത്തുകയും ആ പത്ര സമ്മേളനത്തിന്‍റെ വാര്‍ത്ത മാധ്യമങ്ങള്‍ പൂഴ്ത്തി വെച്ചു എന്ന് പറഞ്ഞ്   നിങ്ങള്‍  ഈ മെയില്‍ അയക്കുകയും ഞാന്‍ ബ്ലോഗ്‌ എഴുതുകയും ചെയ്തത് വെറുതെ ആയി എന്നാണിപ്പോള്‍ കേള്‍ക്കുന്നത്. ടാക്സ് അടക്കാന്‍ പണം ഇല്ലാതെ വില്ല "കിട്ടി കിട്ടിയില്ല" എന്ന മനോവിഷമത്തില്‍ തങ്കമ്മ  നമ്മെയൊക്കെ സുന്ദരമായി പറ്റിക്കുകയായിരുന്നു എന്നാണു കൈരളി പറയുന്നത്. എനിക്ക് തന്നെ പത്തിരുപത് പേരെങ്കിലും "തങ്കമ്മയുടെ നിവേദനം" അയച്ചിട്ടുണ്ട്. കൈരളിയുടെ കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയത്   കുറച്ച്  ദിവസത്തേക്കെങ്കിലും മലയാളികളെ മുഴുവന്‍ കണ്ണ് പോട്ടന്മാരാക്കിയ ഈ അന്ധ കുടുംബത്തിനു മുപ്പത്തി അഞ്ചു ലക്ഷത്തിന്‍റെ  വില്ലയല്ല കൂര്‍ത്ത വില്ല് കൊണ്ടുള്ള  കുത്താനു കിട്ടേണ്ടത് എന്നാണ്. കൈരളിയുടെ കുറിപ്പ് ചുവടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്കും വായിക്കാം.
http://www.kairalitv.in/TV/kairalisays.asp

Friday, 24 September 2010

ദിസ് ഈസ് ഫോര്‍ തങ്കമ്മ ആന്‍ഡ്‌ ഫാമിലി



"വിദ്യാര്‍ത്ഥിക്കൊരു പ്രശ്നം വന്നാല്‍ ഞങ്ങളില്ലാ രാഷ്ട്രീയം" എന്ന കേട്ട് തഴമ്പിച്ച  മുദ്രാവാക്യത്തിന്  ദൃശ്യ മാധ്യമ സിണ്ടിക്കറ്റ് പുതിയ രൂപം നല്‍കിയിരിക്കുന്നു. അതിങ്ങനെ വായിക്കാം "ശാന്തി മഠത്തിനു പ്രശ്നം വന്നാല്‍ ഞങ്ങളില്ലാ ജേര്‍ണലിസം". "ഒരു ജനതയുടെ ആത്മാവിഷ്കാരം"  കൈരളി ചാനല്‍ 2008 ല്‍  "എല്ലാരും പാട്ണ്" എന്ന പേരില്‍ നടത്തിയ സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത് ഏറണാകുളത്തുകാരി തങ്കമ്മയും കുടുംബവുമായിരുന്നു.അന്ധരായ നാല് മക്കളെയും രണ്ടു പേരക്കുട്ടികളെയും അണിനിരത്തി തങ്കമ്മ ഒന്നാം സ്ഥാനം അടിച്ചെടുത്തപ്പോള്‍  കിട്ടാന്‍ പോകുന്ന മുപ്പത്തി അഞ്ചു ലക്ഷത്തിന്‍റെ വില്ലയെ ഓര്‍ത്ത്‌ പ്രേക്ഷകരും തങ്കമ്മയും ഒരുപോലെ കുളിരണിഞ്ഞു. 
മുന്നില്‍ ഇരുട്ട് മാത്രം കാണാന്‍ വിധിക്കപ്പെട്ട അന്ധ കുടുംബം രണ്ടു വര്‍ഷം സ്വപ്‌നങ്ങള്‍ നെയ്ത് അകം നിറയെ വെളിച്ചം നിറച്ച് വില്ലയുടെ താക്കോലും കാത്തിരുന്നത് വെറുതെയായിരുന്നു എന്ന് ഇന്നലെ ഫോര്‍വേഡ് ചെയ്തു കിട്ടിയ ഇമെയിലില്‍ പറയുന്നു. കൈരളി ചാനലും ശാന്തിമഠം ബില്‍ഡേസും   നടത്തിയ കൊടും ചതി നാട്ടുകാരെ അറിയിക്കാന്‍ ഏറണാകുളത്ത് തങ്കമ്മ സകുടുംബം പത്ര സമ്മേളനം നടത്തിയെങ്കിലും മാധ്യമ സിണ്ടിക്കേറ്റ് ആ വാര്‍ത്ത ചുരുട്ടിക്കെട്ടി ശാന്തി മഠക്കാരന്‍റെ കാല്‍ക്കല്‍‍ കാണിക്ക വെച്ചിരിക്കുകയാണ്. 
സ്വപ്നം   കാണാന്‍ മുഖ്യമന്ത്രി കേരളത്തിലല്ലേ ജീവിക്കുന്നത് എന്ന ജനപക്ഷ ചോദ്യക്കാര്‍ക്ക് "തങ്കമ്മയുടെ സങ്കടം"   ഏറണാകുളത്ത് നിന്ന് എസ് മഹേഷ്‌ കുമാര്‍ ചൂടോടെ എത്തിച്ചിട്ടുണ്ട് .  പക്ഷെ ഗുരുവായൂരപ്പന്‍റെ നാട്ടില്‍ ശാന്തിമഠം വീട്ടിലേക്ക് വിളിക്കാന്‍ സുകുമാരി ചേച്ചി വരാതാവുമോ എന്ന പേടിയില്‍ അവര്‍ ആ കണ്ണീരിനെ വെളിച്ചം കാണിച്ചില്ല. "നേരോടെ നിര്‍ഭയം നിരന്തരം" എന്ന സ്ലോഗന്‍ പരിധിയില്‍ നിന്ന് പരസ്യ   ദാദാക്കള്‍ക്ക്‌ എക്സപ്ഷന്‍  കൊടുത്തിട്ടുണ്ടോ എന്ന് ഓപന്‍ ഹൗസുകാരനോട്‌ ഞാന്‍ എഴുതി ചോദിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് മുതല്‍ ലോനപ്പന്‍ നമ്പാടന്‍റെ വരെ പിരടിക്ക് പിടിക്കുന്ന സിനിമാലക്കാര്‍ ജന കോടികളുടെ വിസ്വസ്ത സ്ഥാപനത്തെ   ചെറുതായൊന്നു തോന്ടുംപോഴേക്ക്  അറ്റ്ലസ്സുകാരന്‍ മഅസ്സലാം പറഞ്ഞിറങ്ങിയ ഓ൪മകളാവും അവരെ പിന്നോട്ടടിപ്പിച്ചത്. അല്ലാതെ ഐപ്പ് വെള്ളിക്കാടന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാഞ്ഞിട്ടാവില്ല.ഷെയര്‍ ഉടമകളുടെ കണ്ണുനീര്‍ കണ്ടു കണ്ടു മനസ്സ് മരവിച്ചുപോയ മുനീര്‍ സാഹിബിന്‍റെ ചാനലിനു തങ്കമ്മയുടെ കരച്ചില്‍ ചിരിക്കാനൊരു വക നല്‍കിയിട്ടുണ്ടാവും.ലോകം മുഴുവം വീടെടുത്ത് കൊടുക്കുന്ന അമ്മയുടെ ചാനലും ഈ അന്ധരുടെ വീടെന്ന സ്വപ്നത്തിനു മുന്നില്‍ വാതിലടച്ചു കളഞ്ഞു.  തങ്കമ്മയുടെ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്. 
"വിശന്നുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി, ചോറില്ല; ഉറങ്ങിക്കോളൂ" എന്ന് പറയുന്ന ഈ നെറികേടിനെതിരെ മാധ്യമ രാജാക്കന്‍മാര്‍ കണ്ണടച്ചപ്പോള്‍‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന്‌ ഇമെയില്‍ ഉപയോക്താക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ചപ്പു ചവറുകള്‍ മാത്രമല്ല നന്മയുടെ ജീവസ്സുറ്റ കുറിപ്പുകളും ഫോര്‍വാടാം എന്ന ഈ തീരുമാനം ഒരു പക്ഷെ ശാന്തിമഠക്കാരനെക്കൊണ്ട് ചാവി കൊടുപ്പിക്കും. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാള ദൃശ്യ മാധ്യമ ഭീകരര്‍ക്ക്‌ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

പിന്‍കുറിപ്പ്:  മത വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പരസ്യ വാചകങ്ങള്‍ നിയമ നിര്‍മാണത്തിലൂടെ നിരോധിക്കണമെന്ന് മറുവായനക്കാരന് അഭിപ്രായമുണ്ട്.


Friday, 17 September 2010

ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടക്കരച്ചില്‍

അനുകരണീയമെന്നു നോണ്‍ മലയാളികള്‍ പുകഴ്ത്തിപ്പാടിയ "കേരള മുസ്ലിം മോഡല്‍" നശിപ്പിക്കാന്‍ പൂര്‍വ്വാശ്രമത്തില്‍ "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം രചിച്ചവര്‍ വടിവാളും,എസ്‌ കത്തിയും കല്ല്‌ വെച്ച നുണളുമായി  ഇറങ്ങിയത് കണ്ട്‌ ടി പത്മനാഭന്‍ കുറിച്ചത് "ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്നാണ്.  തങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമായ നേരത്താണ് ആ സൗമ്യ ദീപം പൊലിഞ്ഞത് എന്ന് മലയാള മനോരമയില്‍ അദ്ദേഹം അനുസ്മരിക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി അക്കാദമിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ സ്വകാര്യ സംഭാഷണങ്ങളില്‍ വരെ തങ്ങള്‍ നിരന്തരം അനുസ്മരിക്കപ്പെടുകയാണ്.  ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ശിഹാബ് തങ്ങളുടെ പേരിലുള്ള സ്റ്റാമ്പ് പുത്തിക്കിക്കൊണ്ട്‌ പറഞ്ഞത് തങ്ങള്‍ അര്‍ഹിക്കുന്ന ആദരവിന്‍റെ ചെറിയ ഒരംശം മാത്രമാണ് ഇതെന്നാണ്.  
കേരളത്തിലെ സാമുദായിക സൗഹൃദത്തിന്‍റെ കാന്‍വാസില്‍ വിധ്വേഷ ചിത്രങ്ങള്‍ വരക്കാന്‍ ഇറങ്ങിയ വികാര ജീവികളെ കണ്ട്‌ ഓരോ മലയാളിയും കൊതിക്കുന്നുണ്ട്‌  "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന്. എന്നാല്‍ കുറച്ച് നാളുകളായി "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന് കഥന ഭാരത്തോടെ പറയുന്നത് ജീവിത കാലത്ത് തങ്ങളുടെ പക്വമായ തീരുമാനങ്ങളെ വികലമായി മാത്രം മനസ്സിലാക്കിയ കേരള ജമാഅത്തെ ഇല്സ്ലാമി   നേതാക്കന്മാരാണ്. നാട് കടത്തപ്പെട്ട മുന്‍ അമീര്‍ സിദ്ധീഖ് ഹസ്സന്‍ ഭായി മുതല്‍ സോളിഡാരിറ്റി രാജാവ് സി ദാവൂദ് വരെ തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നു.


സമുദായത്തില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവണതകളെ പ്രധിരോധിക്കാന്‍ മുസ്ലിം ലീഗ് കോട്ടക്കലില്‍ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തിനെ വിളിച്ചില്ല എന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. ക്ഷണിക്കപ്പെടാത്ത കോട്ടക്കല്‍ സംഗമത്തിനെതിരെ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. 
1) ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കോട്ടക്കല്‍ യോഗം സംഭവിക്കുമായിരുന്നില്ല.
2) തീവ്രവാദത്തിനെതിരെ ലീഗ് നേതൃത്വം മൃതു സമീപനമെടുത്തപ്പോഴൊക്കെ ജമാഅഅത്താണ് ശക്തമായ രീതിയില്‍ രംഗത്ത് വന്നത്.
3) സമുദായ ഐക്യം കാക്കുന്നതില്‍ എന്നും ബദ്ധശ്രദ്ധരായ ജമാഅത്തിനെ മാറ്റി നിര്‍ത്തുന്നതിലൂടെ കേരള മുസ്ലിം ഘടനയില്‍ കാര്യമായ ചിദ്രത വിളിച്ചു വരുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്.ഈ മൂന്നു ആരോപണങ്ങളും  അടിസ്ഥാനപരമായി വിശകലനം ചെയ്യേണ്ടതുണ്ട്‌.


മാസപ്പിറവി പോലുള്ള തികച്ചും മതപരമായ വിഷയത്തില്‍ ഭിന്നത ലഘൂകരിക്കാന്‍ വിളിച്ച  സൗഹൃദ സദസ്സുകളില്‍ ജമാഅത്ത് ക്ഷണിക്കപ്പെട്ടത് സ്വാഭാവികമാണ്. ഇത് ശിഹാബ് തങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തിയതാണെന്നതും വാസ്തവം. പക്ഷെ സമുദായത്തിനകത്ത് വളര്‍ന്നു വരുന്ന തീവ്രവാദത്തിന്‍റെ മുള്‍ചെടികളെ നശിപ്പിക്കാന്‍ വിളിക്കുന്ന കൂട്ടായ്മയിലേക്ക് പഠന മനനങ്ങളിലൂടെ ഈ ചെടി മുളപ്പിക്കാന്‍ അധ്വാനിച്ചവരെയാണ് ക്ഷണിക്കേണ്ടത് എന്ന വാദം സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. തങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് കോളമെഴുതുന്നവര്‍ തങ്ങളെ വിമര്‍ശിക്കാന്‍ ആര്‍കും പേജ് കൊടുത്തവരായിരുന്നു എന്നതും കൂട്ടിവായിക്കപ്പെടണം. "കേരള മുസ്ലിം മോഡല്‍" എന്നത് തന്നെ സംഘപരിവാറിന്റെ ലാളനയില്‍ വളര്‍ന്ന തങ്കക്കുടമാണെന്നും സൗമ്യനായ ശിഹാബ് തങ്ങള്‍ പരിവാര സംഘടനകളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള   ഉപകരണമായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ മറ്റു മുസ്ലിം നേതാക്കള്‍ക്ക് കിട്ടാത്ത "മതേതര സമ്മിതി" കിട്ടിയതെന്നും ഒട്ടും ലജ്ജയില്ലാതെ "മാധ്യമം" എഴുതിയത് തങ്ങള്‍ മരിച്ചതിന്റെ ഏഴാം നാളിലായിരുന്നു.  മുസ്ലിം സമൂഹം തങ്ങളുടെ വേര്‍പാടില്‍ തീവ്ര ദുഖം പങ്കുവെച്ച്  തീരുന്നതിനു മുന്നെയായിരുന്നു  ഓസ്ട്രേലിയയില്‍ താമസിച്ചു ലീഗ് വിരുദ്ധ ഗവേഷണം നടത്തുന്ന നുഅയ്മാനെ കൊണ്ട്‌ "മാധ്യമം" ഇങ്ങനെ ഒരു കുത്തിനോവിക്കല്‍ നടത്തിച്ചത്. ലീഗിനു രാഷ്ട്രീയമായി നഷ്ടമാണു സംഭവിക്കുക എന്നുറപ്പുള്ള സന്ദര്‍ഭങ്ങളില്‍ പോലും തങ്ങള്‍ പഠിപ്പിച്ച ആത്മ സംയമനം ലീഗിന്‍റെ രാഷ്ട്രീയ ലാഭത്തേക്കാള്‍ സമുദായത്തിന്റെയും നാടിന്റെയും നന്മയെയാണ് വിലമതിക്കെണ്ടത് എന്ന നിലപാടില്‍ നിന്നു കൊണ്ടായിരുന്നു എന്ന് വൈകിയാണെങ്കിലും അംഗീകരിക്കുന്നത് സന്തോഷകരം.    
ജമാഅത്തെ ഇസ്ലാമിയുടെ എന്‍.ഡി.എഫ് വിരുദ്ധ നിലപാടുകള്‍ ആശയാധിഷ്ടിതമാണ് എന്ന് വിശ്വസിക്കുന്നവര്‍ മലയാളികള്‍ക്കിടയില്‍ തുലോം പരിമിതമാണ്. "മാധ്യമത്തിന്റെ" വായനക്കാര്‍ "തേജസിന്‍റെ" വരിക്കരാവുന്നതോടെ തുടങ്ങിയ തികച്ചും "പത്രാധിഷ്ടിത" ഈര്‍ശ്യയായി മാത്രമാണ് ജമാഅത്ത്  നിലപാടിനെ അധിക ധൈഷണിക ഭാരമൊന്നും ഇല്ലാത്തവര്‍ വരെ മനസ്സിലാക്കുന്നത്. മുസ്ലിം ലീഗ് എന്‍.ഡി.എഫിനെതിരെ കൃത്യമായ നിലപാട് തറയില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തിച്ചപ്പോള്‍ "കോഴിക്കോട്ട് ഇരട്ട സ്ഫോടനം,പിന്നില്‍ എന്‍.ഡി.എഫ്" എന്ന് സെന്‍സേഷനല്‍ വാര്‍ത്ത നല്‍കി അവരെ കൊടും തീവ്രവാദികളാക്കുകയായിരുന്നു ജമാഅത്തും "മാധ്യമവും". കേരളത്തിന്‍റെ രൂപീകരണ നാള്‍ മുതല്‍ മലയാളികള്‍ക്ക് തീവ്രവാദത്തിന്‍റെ ഉരക്കല്ലുകള്‍ ജമാഅത്തും ആര്‍.എസ്.എസ്സുമായിരുന്നു. ജമാഅത്ത് എന്ന കല്ലില്‍ ഉരച്ചിട്ടായിരുന്നു മുസ്ലിം സമൂഹത്തില്‍ വളര്‍ന്നു വയസ്സറിയിച്ച ഓരോ തീവ്രവാദ മൂവ്മെ൯റുകളുടെയും മാറ്റ് തിട്ടപ്പെടുത്തിയത്. ഈ ഉരക്കകല്ലിന്‍റെ ഭാരം എന്‍.ഡി.എഫ് വഴി ഇറക്കിവെക്കാം എന്ന ധാരണയും ജമാഅത്തിന്‍റെ   എന്‍.ഡി.എഫ് എതിര്‍പ്പിനു കാരണമായി. അതിലുപരി സമസ്തയും,മുജാഹിദ് വിഭാഗങ്ങളും കാണിച്ച ആദര്‍ശത്തിലൂന്നിയ ഒരെതിര്‍പ്പ് ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയില്ല എന്നത് ഒരു പൊതു ധാരണയായി മുസ്ലിംകള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. പത്രപ്രസാധന രംഗത്ത് കടക്കുന്നത്‌ വരെ എന്‍.ഡി.എഫിനു വേണ്ട ബൌദ്ധിക ബലം നല്‍കിയതും  ജമാഅത്തെ ഇസ്ലാമി തന്നെ ആയിരുന്നു.
കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും ശക്തമായ പിണക്കങ്ങളും തുടര്‍ന്നുള്ള ഇണക്കങ്ങളും ധാരാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കുളം കലക്കി മീന്‍ പിടിക്കുക എന്ന പതിവ് രാഷ്ട്രീയ സമീപനം മുസ്ലിം ലീഗിന്‍റെ ഭാഗത്ത് നിന്ന് കാണാറില്ല. പക്ഷെ സമുദായ ഐക്യത്തെ കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ "മാധ്യമം" പത്രത്തിന്‍റെ പിറവിക്കു മുമ്പും ശേഷവുമുള്ള സമുദായത്തിന്‍റെ ഐക്യവും ഐക്യമില്ലായ്മയും ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. "മാധ്യമത്തിനു" മുന്നില്‍ മാന്യതക്കുള്ള മാനദണ്ഡം ലീഗിനോടുള്ള എതിര്‍പ്പ് മാത്രമായി ചുരുങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ലീഗിനെ എതിര്‍ക്കുന്ന ഏതു പ്രതിലോമ ശക്തികള്‍ക്കും സമൂഹത്തില്‍ അംഗീകാരം നേടിക്കൊടുക്കാന്‍  മത്സരിക്കുമ്പോള്‍ സമുദാത്തിന്‍റെയോ മതത്തിന്‍റെയോ ഭാവി ജമാഅത്തിനു  പ്രശ്നമായിരുന്നില്ല. അതിന്‍റെ അനന്തര ഫലങ്ങളാണ് കൈവെട്ടും, കലാപങ്ങളും, ഒറ്റപ്പെടലുമായി നാം അനുഭവിക്കുന്നത്.


മുസ്ലിം സംഘടനകളുടെ സമ്മര്‍ദത്തിനു മുന്നില്‍ ലീഗിന്‍റെ വഴിപ്പെടലാണ് കോട്ടക്കലില്‍ സംഭവിച്ചതെന്ന് സിദ്ധീക്ക് ഹസ്സന്‍ എഴുതിയത് വായിച്ചിട്ടെങ്കിലും ജമാഅത്ത് ഒരാത്മ വിശകലനം നടത്തണം. പരസ്പരം കടിച്ചുകീറുന്ന സുന്നി മുജാഹിദ് ഗ്രൂപ്പുകള്‍ എന്തുകൊണ്ടാണ് ജമാഅത്തിനെ പടിക്കുപുറത്ത് നിര്‍ത്തുന്നതില്‍ യോജിക്കുന്നതെന്ന്. ഇടതു വലതു മുന്നണികളും ട്രീസ സെറ്റില്‍വാദ് അടക്കമുള്ള "മുന്‍ സഹയാത്രികരും" അകലം പാലിക്കാന്‍ ശ്രമിക്കുന്ന ഈ നേരത്തെങ്കിലും ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് ഒരാത്മ പരിശോധന എന്തു കൊണ്ട്ണ്ടും അനുപേക്ഷണീയമാണ്.