പോലീസിനേക്കാള്‍ മാധ്യമങ്ങളാണ് "ഇസ്‌ലാം പേടി"യുടെ പ്രചാരകരായി മലയാളികള്‍ക്ക് വഴികാട്ടുന്നത്. പ്രതി മുസ്ലിമാണെങ്കില്‍ ബന്ധം അന്തര്‍ ദേശീയ തലത്തിലേക്ക് എളുപ്പം വളരുന്നു.പിന്നെ കഥ പറയുന്നവരുടെ മിടുക്കിനനുസരിച്ച് തീവ്രവാദത്തിന്റെ തോതും കൂടും. ബോംബ് വെച്ചത് "സെന്തിലാണ്, സൈതലവി അല്ലെന്നു" മലയാളി മുസ്ലിം ആശ്വാസം കൊള്ളുന്നത് ഈ കഥ പറച്ചിലിലെ ഇസ്ലാമോഫോബിയയുടെ അതിപ്രസരം കൊണ്ട് തന്നെയാണെന്ന് മനസ്സിലാക്കാം. പ്രതിയെ പിടിക്കുന്നതിനു മുന്നേ ജന്മഭൂമി എഴുതിയത് "രാവിലെ മുതല്‍ അറബിയിലെഴുതിയ സ്റ്റിക്കര്‍ പതിച്ച ഒരു ഇന്നോവാ കാറില്‍ അപരിചിതരായ നാലോളം ചെറുപ്പക്കാര്‍ ഈ ഭാഗത്ത് സംശയാസ്പദമായ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു" എന്നാണ്. സമീപകാലത്ത് ഇന്നോവയും അറബി സ്റ്റിക്കറും കൊടി സുനിയുടെ ആയുധമായെങ്കിലും ജന്മഭുമിക്ക് ഇതൊരു മുസ്‌ലിം ടച്ചിനുള്ള ഉപാധിയാണ്.
സെന്തിലിനെ പിടിച്ചപ്പോള്‍ "തീവ്ര വാദി ബന്ധമൊക്കെ" വിട്ടു വ്യക്തി വിരോധമായി വിഷയം "ലഘൂകരിച്ച"വര്‍ സന്തോഷു കൂടി ചിത്രത്തില്‍ വന്നപ്പോള്‍ ഒന്ന് കൂടി നിസ്സാര വല്‍കരിക്കുക്കയാണ് ചെയ്തത്.. പത്രങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും കണ്ടാണ് സന്തോഷ് ബോംബ് നിര്‍മാണം പഠിച്ചതെന്ന്. ടൈമര്‍ ഘടിപ്പിച്ച ബോംബ് വെക്കാന്‍ ആര് പരിശീലനം നല്‍കി, എവിടുന്നൊക്കെ സഹായം ലഭിച്ചു, തീവ്രവാദ സ്വഭാവമുള്ള സംഘടനാ ബന്ധങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ കണ്ണൂരിലെ ബോംബ് വാര്‍ത്തകള്‍ വായിച്ച് ഒരാള്‍ ടൈം ബോംബ് നിര്‍മിച്ചു എന്ന് പോലീസ് പറഞ്ഞെന്നു പറയുന്നവര്‍ ലക്ഷ്യമിടുന്നതെന്താണ്.ബോംബ് വാര്‍ത്തകള്‍ വായിച്ചു ടൈം ബോംബ് നിര്‍മിക്കുകയാണെങ്കില്‍ സന്തോഷിനെ ശിക്ഷിക്കുകയല്ല ഐ.എസ.ആര്‍.ഓ യിലെ ശാസ്ത്രഞ്ഞര്‍ക്കൊപ്പം ചേര്‍ത്ത് രാജ്യത്തിന് മുതല്‍ക്കുട്ടുകയാ വേണ്ടത്.
മാധ്യമങ്ങളുടെ സമാന്തര അന്വേഷണം പോലീസ് അന്വേഷണത്തെ വഴിതിരിച്ചു വിടുന്നു എന്നഭിപ്രായമില്ലെങ്കിലും സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ട്ടിക്കാന്‍ പലപ്പോഴും കാരണമാകുന്നു. തപാല്‍ ബോംബ് അന്വേഷണ സമയത്ത് മുഹ്സിന്‍ എന്ന വിദ്യാര്‍ഥിയായിരുന്നു ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. മുഹ്സിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബെല്‍ജിയം നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയെന്നും അല്‍ക്വയിദ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും മാധ്യമങ്ങളെഴുതി. പന്ത്രണ്ടു ദിവസം കസ്റ്റടിയില്‍ വെച്ചപ്പോള്‍ ഓരോ ദിവസവും മുഹ്സിന്‍റെ "വെളിപ്പെടുത്തലുകള്‍" മാധ്യമങ്ങളിലൂടെ അറിഞ്ഞ് മലയാളികള്‍ ഞെട്ടി. പിന്നീട് യഥാര്‍ത്ഥ പ്രതി രാജീവ് ശര്‍മയെ പിടിച്ചപ്പോള്‍ തപാല്‍ ബോംബിന്‍റെ കാരണം വ്യക്തി വൈരാഗ്യമാവുകയും "ന്യൂതന" മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നതില്‍ രാജീവ് മിടുക്കനാണെന്ന് "മഹത്വ വല്‍ക്കരിക്കുകയും" ചെയ്തു നമ്മുടെ മാധ്യമങ്ങള്‍.
കിഗ് ഫിഷര്‍ വിമാനത്തില്‍ ബോംബ് വെച്ചത് ആരെന്നരിയുന്നതിനു മുംബ് വിമാനത്തിലെ ബോംബ് "ടെസ്റ്റ്ഡോസാണെന്ന്" മാധ്യമങ്ങള്‍ ഉറപ്പിച്ചിരുന്നു.ട്രയല്‍ വിജയിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം ഭീകരവാദികളുടെ ഹബ്ബ് ആയേനെ എന്ന് നീട്ടി എഴുതിയത് കേരളകൗമുദി മാത്രമല്ല. മാതൃഭുമിയും,ദേശാഭിമാനിയും,മനോരമയുമൊക്കെ ആ മത്സരത്തില്‍ പങ്കു ചേര്‍ന്നിരുന്നു. സിമി,ഇന്ത്യന്‍ മുജാഹിദീന്‍,ലഷ്കര്‍-ഇ-തോയ്ബ തുടങ്ങിയ ഭീകര സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകങ്ങളിലേക്ക് അന്വേഷണം നീളുന്നു എന്നെഴുതിയവര്‍ കൃഷ്ണപുരം സരസ്വതി വിലാസത്തില്‍ രാജശേഖരന്‍ നായരാണ് പ്രതിയെന്നറിഞ്ഞപ്പോള്‍ "നാടന്‍ബോംബ് സ്വന്തമാക്കിയ സ്ഥലം, ഒളിപ്പിച്ചുവെച്ച സ്ഥലം, ബോംബ് വിമാനത്താവളത്തിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനം എന്നിവ" അന്വേഷിക്കുന്നുണ്ടെന്നു അന്വേഷണ വിഷയങ്ങള്‍ മാറ്റി എഴുതി. പ്രതിയെ പിടിച്ചപ്പോള്‍ വിമാനത്തിലെ ബോംബ് ദേശാഭിമാനിക്ക് പടക്കവും കൗമുദിക്ക് ഗുണ്ടുമായി.
ഇസ്ലാമോഫോബിയ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിന് പകരം മുസ്ലിംകളില്‍ അരക്ഷിത ബോധം വളര്‍ത്തി മുതലെടുപ്പിന് ശ്രമിക്കുന്നവരെയും സമുദായം ശ്രദ്ധിക്കേണ്ടതുണ്ട്. ഇ-മെയില്‍ വിവാദത്തിനു പിന്നിലെ കച്ചവടക്കന്നും, സ്ഥാപിത താല്പര്യങ്ങളും തക്ക സമയത്ത് തിരിച്ചറിയാന്‍ ശരാശരി മലയാളി മുസ്ലിമിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷജനകമാണ്.